ലൈഫ് കുഴപ്പങ്ങളില്ലാതെ പോകുന്നു, അഞ്ച് വയസുകാരി മകളുണ്ട്, ചർമ്മവും ഹെയറും സെറ്റാക്കണം; വിശേഷങ്ങളുമായി ഭാമ!
നിവേദ്യം എന്ന സിനിമയിലൂടെ ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് നടി ഭാമ. 2007ൽ ആയിരുന്നു നടിയുടെ സിനിമ അരങ്ങേറ്റം. നിവേദ്യം വൻ ഹിറ്റായിരുന്നില്ലെങ്കിലും നായികയും സിനിമയിലെ ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യ സിനിമയ്ക്കുശേഷം പിന്നീടുള്ള പത്ത് വർഷം ഭാമയുടെ കരിയറിലെ സുവർണ കാലഘട്ടമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും കന്നടത്തിലും തെലുങ്കിലും വരെ നായികയായി തിളങ്ങി.
മുൻനിര നായികയായി തിളങ്ങുന്ന സമയത്താണ് ഭാമ വിവാഹിതയാകുന്നത്. 2020 ജനുവരിയിൽ ആയിരുന്നു വിവാഹം. അതിന് മുമ്പ് ചെറിയ ചടങ്ങുകളോടെ വിവാഹ നിശ്ചയം നടന്നിരുന്നു. കോട്ടയത്ത് വച്ചായിരുന്നു വിവാഹം. സിനിമാ മേഖലയില്‍ നിന്നുമുള്ളവരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമായിരുന്നു വിവാഹത്തിനെത്തിയത്.

സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചെന്നിത്തല സ്വദേശിയായ അരുൺ ജഗദീഷാണ് ഭാമയെ വിവാഹം ചെയ്തത്. അരുണ്‍ വളര്‍ന്നത് കാനഡയിലാണ്. ഭാമയുമായുള്ള വിവാഹം ഉറപ്പിച്ചശേഷം കൊച്ചിയിലായിരുന്നു താമസം. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണ് അരുണും കുടുംബവും.
ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹപാഠിയാണ് അരുണ്‍. ആ പരിചയമാണ് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭാമ പിന്നാലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. എന്നാൽ മകൾക്ക് ഒരു വയസ് പിന്നിട്ടശേഷം ഭാമയും ഭർത്താവും വേർപിരിഞ്ഞു. താൻ ഒരു സിംഗിൾ മദറാണെന്ന് ഭാമ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
സുഖകരമായ ദാമ്പത്യമായിരുന്നില്ല അരുണിനോടൊപ്പമെന്ന് പല സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും നടി പറയാതെ പറഞ്ഞിട്ടുണ്ട്. 2018ന് ശേഷം ഭാമ സിനിമയിൽ അഭിനയിച്ചിട്ടില്ല. പക്ഷെ അടുത്തിടെ റിലീസ് ചെയ്ത സുമതി വളവ് എന്ന സിനിമയിൽ കാമിയോ റോൾ ചെയ്തിരുന്നു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സ്റ്റേജ് പ്രോഗ്രാമുകൾ, ഉദ്ഘാടനങ്ങൾ, ബിസിനസ് എന്നിവയെല്ലാമായി സജീവമാണ്.
കഴിഞ്ഞ ദിവസം മെഡി ഗ്ലോ കോസ്മറ്റോളജി സെന്റർ ആന്റ് ലൈഫ് സ്റ്റൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് നടി എത്തിയിരുന്നു. അവിടെ വെച്ച് തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് താരം മനസ് തുറന്നിരുന്നു. ജീവിതം കുഴപ്പങ്ങളില്ലാതെ പോകുന്നുവെന്നും മകൾക്ക് ചുറ്റുമാണ് ലോകമെന്നുമാണ് നടി പറഞ്ഞത്. ലൈഫ് കുഴപ്പമില്ലാതെ നന്നായി തന്നെ മുന്നോട്ട് പോകുന്നു. ഇടയ്ക്കിടെ പ്രോഗ്രാമുകളും മറ്റുമെല്ലാമുണ്ട്.

പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പക്ഷെ സ്റ്റേജ് പ്രോഗ്രാമുകളും മറ്റുള്ള ഫങ്ഷനുകളുമെല്ലാമുണ്ട്. പിന്നെ എനിക്ക് ഒരു മകളുണ്ട്. അഞ്ച് വയസ് പ്രായം മാത്രമെയുള്ളു. ഞാൻ ഇപ്പോൾ സ്കിന്നും ഹെയറും എല്ലാം വീണ്ടും സെറ്റാക്കി എടുക്കാനുള്ള ശ്രമത്തിലാണ്. മമ്മി മേക്കോവർ പോലെ ചെയ്യണമെന്നാണ് ആഗ്രഹം. ഞാനും ഒന്ന് നോക്കട്ടെ എന്നാണ് നടി പറഞ്ഞത്.
ഒരു പെൺകുഞ്ഞിന്റെ അമ്മയാണെങ്കിലും ശ്രമിച്ചാൽ നല്ല സിനിമകളുടേയും നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനും ഭാമയ്ക്ക് കഴിയുമെന്നാണ് പ്രേക്ഷകർ കുറിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഭാമ നീക്കിയിരുന്നു. മകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെയ്ക്കാറുണ്ടെങ്കിലും കുഞ്ഞിന്റെ മുഖം നടി മറയ്ക്കാറുണ്ട്. അടുത്തിടെ വിവാഹത്തെ കുറിച്ച് ഭാമ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകൾ വൈറലായിരുന്നു.
വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ച് പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ.
ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്ത് നിന്നും എത്രയും വേഗം... എന്ന് ആ വരി മുഴുമിപ്പിക്കാതെയായിരുന്നു ഭാമ എഴുതിയത്. അന്ന് അത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. നെഗറ്റീവായും പോസിറ്റീവായും ആളുകൾ പ്രതികരിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications

















