ഭാമയുടേയും അരുണിന്റേയും സ്പെഷ്യൽ ഡേ, ആ മനോഹരമായ ചിത്രം പങ്കുവെച്ച് നടി
നിവേദ്യം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വീട്ടിലെ കുട്ടി എന്ന ഇമേജാണ് താരത്തിനുള്ളത്. നിവേദ്യത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടും ഇന്നും നടിയെ അറിയപ്പെടുന്നത് ആ ചിത്രത്തിലൂടെ തന്നെയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ഭാമ. അഭിനയത്തിന് ചെറിയ ഇടവേള നൽകി എങ്കിലും സോഷ്യൽ മീഡിയ പേജുകളിൽ താരം സജീവമായിരുന്നു. ജനുവരി 30 ന് ഭാമയുടെ വിവാഹമായിരുന്നു.വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ്.

ഇപ്പോഴിത ജീവിതത്തിലെ മനോഹരമായ നിമിഷത്തിന്റെ ഓർമ പങ്കുവെച്ച് നടി. ഇന്ന് ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. 2019 ജൂൺ 20 ന് ആയിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹ നിശ്ചയം. അന്ന് വിരലിൽ അരുൺ അണിഞ്ഞ് കൊടുത്ത മോതിരത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നടി ആ സന്തോഷം പങ്കുവെച്ചത്. വിവാഹ നിശ്ചയ മോതിരം എന്ന് കുറിച്ചു കൊണ്ടാണ് ഒരു വർഷമായി എന്നുള്ള ഓർമപ്പെടുത്തൽ. ഭാമയ്ക്കും അരുണിനും ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഭാമ, അരുണിനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷകഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
Recommended Video
ജനുവരി 30ന് കോട്ടയത്ത് വെച്ചായിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നിരുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. വീട്ടുകാരുടെ ആലോചനയിലൂടെയാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അരുൺ. വിവാഹ ശേഷം തൽക്കാലം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഭാമ.
2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയുമായിരുന്നു. ചിത്രത്തിന് ശേഷം മുൻനിര നായകന്മാരോടൊപ്പം അഭിനയിക്കാൻ ഭാമയ്ക്ക് അവസരം ലഭിച്ചു. ദീലീപ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർക്കൊപ്പം സിനിമയിൽ തിളങ്ങിയിരുന്നു. തമിഴ്, തെലപങ്ക്, കന്നഡ ചിത്രങ്ങളിലും താരം സജീവമായിരുന്നു. മലയാളം കഴിഞ്ഞാൽ കന്നഡയിലായിരുന്നു താരം ഏറ്റവും കൂടുതൽ ചിത്രം ചെയ്തത്.


Click it and Unblock the Notifications