വിവാഹഫോട്ടോയില്‍ ചിരിച്ചില്ല? ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്ത സീരിയല്‍ താരം സ്വാതി നേരിട്ടത്?
താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ വാര്‍ത്തയാവാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് നിരവധി താരവിവാഹങ്ങളായിരുന്നു നടന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പല വിവാഹങ്ങളെക്കുറിച്ചും പ്രേക്ഷകര്‍ അറിഞ്ഞത്. സുഹൃത്തുക്കളായി മാറിയതിന് ശേഷം ആ ബന്ധം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്ന് സ്വാതി പറയുന്നു. ഭ്രമണമെന്ന പരമ്പരയില്‍ ഹരിതയെ അവതരിപ്പിച്ചതിന് പിന്നാലെയായാണ് സ്വാതി നിത്യാനന്ദ് ശ്രദ്ധ നേടിയത്.
തുടക്കം മുതലുള്ള ആ സൗഹൃദം ഇപ്പോഴും തങ്ങള്‍ക്കിടയിലുണ്ടെന്ന് താരം പറയുന്നു. പ്രതീഷേട്ടൻ ജെനുവിനാണ്. അടുത്ത ആളുകളോടു മാത്രമേ അദ്ദേഹം കൂടുതൽ സംസാരിക്കുകയുള്ളൂ. എന്ന് കരുതി മുഴുവൻ സമയം മിണ്ടാപ്പൂച്ചയാണ് എന്ന് കരുതരുത്. ഞങ്ങൾ ഒരുപാടു സംസാരിക്കാറുണ്ട്. എന്തു പറയാനുണ്ടെങ്കിലും അത് മുഖത്തുനോക്കി പറയും. എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളാണ് എങ്കിൽ അതും ഞാൻ തുറന്നു പറയാറുണ്ട്. തിരിച്ച് എന്നോടും അതേരീതിയിൽ പെരുമാറാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിവാഹ ശേഷവും ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുന്നുണ്ടെന്നും താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്വാതി നിത്യാനന്ദിന്‍റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കാം.

യാത്രകളെക്കുറിച്ച്
ഞാൻ ഒരു പാട് യാത്രകൾ ചെയ്യുന്ന വ്യക്തിയല്ല. യാത്രകളോട് വലിയ താല്പര്യവുമില്ല. പിന്നെ വിവാഹം കഴിഞ്ഞാൽ പൊതുവേ എല്ലാവരും പ്ലാൻ ചെയ്യുന്നതാണ് ഹണിമൂൺ യാത്രകളും മറ്റും. ഞങ്ങളുടെ കാര്യത്തിൽ അത്തരം ചിന്തകൾ പോലും ഉണ്ടായിരുന്നില്ല. ഇന്ന സ്ഥലത്തേക്ക് നമുക്ക് യാത്ര പോകാം എന്ന് പ്രതീഷേട്ടൻ പറഞ്ഞിട്ടുമില്ല, ഞാൻ അത്തരം കാര്യങ്ങളെപ്പറ്റി സംസാരിച്ചിട്ടുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഒരുമിച്ചുണ്ടാകുക എന്നതിനാണ് പ്രാധാന്യം. അത് സാധിക്കുന്നുണ്ട്.

കൊച്ചിയിലെ ഫ്ളാറ്റില്‍
മരിക്കുന്നത് വരെ എനിക്ക് എന്റെ സ്വന്തമാണ് എന്ന് പറയാനും എന്റെ കൈ പിടിക്കാനും ഒരാളെയാണ് വേണ്ടത്. അത് ലഭിക്കുകയും ചെയ്തു. പിന്നെ എന്റെ സ്ഥലം തിരുവനന്തപുരവും ചേട്ടന്റെ സ്ഥലം പാലക്കാടും ആയതിനാൽ തന്നെ എല്ലാമാസവും ഒന്നു രണ്ടു ലോങ് ഡ്രൈവുകൾ ഞങ്ങൾക്കുണ്ടാകും. ആ യാത്രകൾക്ക് ഹണിമൂൺ യാത്രകളേക്കാൾ മധുരമാണ്. പിന്നെ, വിവാഹം കഴിഞ്ഞ ശേഷം ഞങ്ങൾ മാത്രമുള്ള ഒരു ലോകത്തേക്കാണ് നേരിട്ടു പ്രവേശിച്ചത്. മൂന്നു ദിവസം എറണാകുളത്തെ ഫ്ലാറ്റിൽ ഞങ്ങൾ മാത്രമാണുണ്ടായിരുന്നത്.

ഒരേ സമയത്ത് ഒരു സീരിയല്‍ മാത്രം
മഴവിൽ മനോരമയിൽ അടുത്ത പ്രോജക്ട് പൈലറ്റ് ഷൂട്ട് കഴിഞ്ഞിരിക്കുകയാണ്. ഉടനെ ഷൂട്ട് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. സീരിയലിൽ ഒരു സമയത്ത് ഒരു പ്രോജക്ട് മാത്രമേ ചെയ്യൂ എന്ന നിർബന്ധമുള്ളതിനാലാണ് കൂടുതൽ പ്രോജക്ടുകൾ ഏറ്റെടുക്കാത്തത്. എന്നാൽ ഞാൻ ഇൻഡസ്ട്രിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു എന്ന് പറയാനാവില്ല. ഭ്രമണത്തിന് ശേഷവും ഞാൻ ഷോകളിലൂടെ സജീവമായിരുന്നു. അഭിനയം തീർച്ചയായും മുന്നോട്ട് കൊണ്ട് പോകണം അതോടൊപ്പം തുടർന്ന് പഠിക്കുകയും വേണം.

ഗോസിപ്പുകളെക്കുറിച്ച്
ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്തു എന്ന ഒരൊറ്റ കാരണത്താൽ ഈ കാലയളവിൽ ഞാൻ പലവിധത്തിലുള്ള ഗോസിപ്പുകളും കേട്ടിട്ടുണ്ട്. എന്റെ ഭർത്താവും കുടുംബവും എല്ലാം ഈ ഗോസിപ്പുകളുടെ ഭാഗമാണ്. കൂട്ടത്തിൽ ഫെയ്സ്‌ബുക്കിലൂടെ നടക്കുന്ന സൈബർ ആക്രമണം എടുത്ത് പറയേണ്ടതാണ്. ഫോട്ടോയിൽ ഒപ്പം നിൽക്കുന്ന അദ്ദേഹം ചിരിച്ചില്ല എന്നതിന് അദ്ദേഹം ഡ്രഗ് അഡിക്റ്റ് ആണ് എന്നുവരെ പറയുന്നു.

എനിക്ക് പ്രശ്നമില്ല
അദ്ദേഹം ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്, ഞാൻ ക്യാമറയ്ക്ക് മുന്നിൽ പ്രവർത്തിക്കുന്ന ആളും. ഇരുവരും ഒരേ രീതിയിൽ ചിരിക്കണം എന്ന് വാശിപിടിക്കാൻ ആകുമോ ? മാത്രമല്ല, അദ്ദേഹത്തിന് ഉയരമില്ല, ഭാരമില്ല, നിറമില്ല തുടങ്ങിയ കമന്റുകളും ധാരാളമാണ്. എനിക്ക് ഇത്തരക്കാരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ, എനിക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ്? ഞാൻ അദ്ദേഹത്തിന്റെ സൗന്ദര്യമോ ജോലിയോ കുടുംബപശ്ചാത്തലമോ ഒന്നുമല്ല നോക്കിയത്. എന്നോടുള്ള പെരുമാറ്റവും സ്വഭാവശുദ്ധിയുമാണ്. അതിൽ എനിക്ക് പൂർണ തൃപ്തിയുമുണ്ട്.

അനിയത്തിയുടെ മകള്‍
പ്രതീഷേട്ടൻ സ്വന്തം അനിയത്തിയുടെ മകളെ എടുത്ത് നിൽക്കുന്ന ഫോട്ടോയുടെ കീഴിൽ വരെ ഇത്തരത്തിൽ സൈബർ ആക്രമണം നടത്തിക്കണ്ടു. അദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് എന്നുവരെയാണ് ആളുകൾ എഴുതിപ്പിടിപ്പിച്ചത്. എന്റെ വിവാഹഫോട്ടോയ്ക്ക് കീഴിൽ ഡിവോഴ്സ് ആകുമ്പോൾ ഞങ്ങൾ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലർ പറയുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്ന മലയാളികൾക്ക് ഇടയിലാണല്ലോ ഞാനും എന്നതോർത്ത് ഞാൻ വിഷമിക്കുന്നുവെന്നും നെഗറ്റീവ് കമന്‍റുകള്‍ക്കൊന്നും തങ്ങളെ തളര്‍ത്താനാവില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications