പച്ച നുണ... കള്ളകേസ് കൊടുത്തതല്ലേ?; നീതി ചോദിക്കുന്ന പെണ്ണിനെ സമൂഹം സമാധാനമായി ജീവിക്കാൻ വിടുമോ?; കുറിപ്പ്!
എട്ട് വർഷത്തിൽ ഏറെയായി നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് മലയാളികൾക്ക് പ്രിയങ്കരിയായ നടി ഭാവന. ലോകത്തുള്ള എല്ലാ സ്ത്രീ സമൂഹത്തിനും മാതൃകയാക്കാവുന്ന സ്ത്രീ കരുത്താണ് ഭാവനയിന്ന്. എത്ര വലിയ ശക്തികൾ വന്നാലും ഭാവനയ്ക്കൊപ്പമാണ് കേരളത്തിലെ ജനങ്ങൾ മുഴുവൻ. കഴിഞ്ഞ ദിവസം എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ എട്ട് വർഷമായി നടത്തുന നിയമപോരാട്ടത്തെ കുറിച്ചും ആ വർഷങ്ങളിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും നടി മനസ് തുറന്നിരുന്നു.
നീതി കിട്ടുമോയെന്ന് അറിയില്ലെന്നും പക്ഷെ പോരാടാൻ തന്നെയാണ് തീരുമാനമെന്നാണ് ഭാവന പറഞ്ഞത്. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ചെറിയ റീലുകളുടെ രൂപത്തിൽ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു. എന്നാൽ ഒരു വിഭാഗം ആളുകൾ ആ വൈറൽ ക്ലിപ്പുകളെ അസഭ്യം നിറഞ്ഞ കമന്റുകൾ കൊണ്ടും ആക്ഷേപങ്ങൾ കൊണ്ടും നിറച്ചു.

ഭാവനയുടെ അഭിമുഖത്തിന് ലഭിച്ച നെഗറ്റീവ് കമന്റുകളെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടിയുടെ അഭിമുഖത്തിന് ലഭിച്ച കമന്റുകൾ ഭയപ്പെടുത്തുവെന്ന് കുറിപ്പിൽ പറയുന്നു. പേടി തോനുന്നു... ഭാവനയുടെ ഒരു പുതിയ ഇന്റർവ്യൂവിലെ ചെറിയൊരു ഭാഗം കണ്ടു. അവതാരകന്റെ ചോദ്യം ഇങ്ങനെയാണ്... സ്ത്രീക്ക് നീതി കിട്ടുന്നത് സഹാനുഭൂതിയിലൂടെയാണോ അതോ പോരാട്ടത്തിലൂടെയാണോ?.
ഭാവന നൽകുന്ന മറുപടി ഇങ്ങനെയാണ്... എനിക്ക് കഴിയുന്നത് ഞാൻ ചെയ്തു. എനിക്ക് ചെയ്യാൻ പറ്റുന്നതേ എനിക്ക് ചെയ്യാൻ പറ്റുവൊള്ളൂ. ഞാനൊരു സൂപ്പർ മാൻ ഒന്നുമല്ല. എന്നെ കൊണ്ട് ഇത്രേ പറ്റുവൊള്ളൂ. ഞാൻ ചെയ്തു. എന്നെകൊണ്ട് എന്ത് ചെയ്യാൻ പറ്റുമോ അത് ഞാൻ ചെയ്തു. ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ എനിക്കെന്ത് ചെയ്യാൻ പറ്റുന്നോ അത് ഞാൻ ചെയ്തു.
എടുത്ത തീരുമാനം ശരി തന്നെയായിരുന്നു? എന്ന അവതാരകന്റെ ചോദ്യത്തിന് അതേ എന്നും ഭാവന മറുപടി നൽകുന്നുണ്ട്. ഇനി കമന്റ് ബോക്സിലേക്ക് വന്ന ചില കമന്റ്സ് കേൾക്കണോ? പച്ച നുണ പറഞ്ഞ് അഭിനയിക്കാതെ എഴുന്നേറ്റ് പോടി, നീതി കാറിൽ വെച്ച് കിട്ടിയെന്നാണല്ലോ, നിങ്ങൾക്ക് ഇഷ്ടം ഉള്ള നീതിയെന്ന് പറയുന്നത് നിരപരാധിയായ ദിലീപിനെ ശിക്ഷിക്കുക എന്നതാണ് അത് ഇനി നടക്കില്ല.
കള്ളകേസ് കൊടുത്തതല്ലേ? എന്നൊക്കെയായിരുന്നു. ഒരു കേസിന്റെ പേരിൽ നീതി തേടി നടന്ന് വിലപ്പെട്ട വർഷങ്ങൾ മാറ്റി വെക്കേണ്ടി വന്ന കരിയറും മനസമാധാനവുമെല്ലാം തകർന്നടിഞ്ഞിട്ടും നീതിക്ക് വേണ്ടി അത്രയും വർഷം ഫൈറ്റ് ചെയ്ത ഒരാൾക്ക് നേരെയാണ് ഇത്രക്ക് വൃത്തിക്കെട്ട കമന്റ്സ് വരുന്നത്.

കിട്ടുന്ന സപ്പോർട്ടീവ് കമന്റ്സ് എത്രത്തോളം എന്നെ സന്തോഷിപ്പിക്കുന്നു എന്നത് പോലെ തന്നെയാണ് കിട്ടുന്ന ഇത്തരം നെഗറ്റീവ് കമന്റ്സ് എന്നെ ഭയപ്പെടുത്തുന്നതും. ശരിക്കും എനിക്ക് പേടിയാകുന്നു. നാളെ ഇതേ അവസ്ഥയിൽ മറ്റൊരു സാധാരണ സ്ത്രീ വന്നാൽ ഒരുപക്ഷെ അവൾക്ക് ഇതിലും കടുപ്പമുള്ള കമന്റുകളാകും കേൾക്കേണ്ടി വരിക എന്നതെന്നെ ശരിക്കും ഭയപ്പെടുത്തുന്നു. നോക്കൂ... ഈ സമൂഹത്തിന് ഒരു സ്ത്രീ അതിജീവിതയായി നിലനിൽക്കുന്നത് പോലും സഹിക്കാനാവില്ലെന്ന് എനിക്ക് തോനുന്നു.
ഒന്നെങ്കിൽ അവൾ ആജീവനാന്തം കരഞ്ഞിരിക്കണം. അല്ലെങ്കിൽ നിശബ്ദയായിരിക്കണം. അതുമല്ലെങ്കിൽ കള്ളക്കാരിയായി മുദ്രകുത്തപ്പെടണം. പക്ഷെ സത്യത്തിൽ ഇതൊന്നും ഭാവന എന്ന ഒരൊറ്റ വ്യക്തിയെ മാത്രമായി ലക്ഷ്യമിടുന്ന ഒന്നല്ല എന്നതാണ് റിയാലിറ്റി. അവ ഓരോ സ്ത്രീയിലേക്കും അയക്കുന്ന മുന്നറിയിപ്പ് തന്നെ ഒന്ന് മാത്രമാണ്...
നാളെ നീ ഇതുപോലെ മുന്നോട്ട് വന്നാൽ നിനക്കും ഇതാണ് വിധി എന്ന മുന്നറിയിപ്പ്. അതിനാൽ സ്ത്രീക്ക് നീതി കിട്ടുമോ എന്ന ചോദ്യത്തേക്കാൾ റെലവന്റാണ് നീതി ചോദിക്കുന്ന പെണ്ണിനെ സമൂഹം സമാധാനമായി ജീവിക്കാൻ വിടുമോ ഇല്ലയോ? എന്നത് എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications











