ഒന്നും എന്റെ കയ്യിൽ അല്ലെന്ന തിരിച്ചറിവ്, വിഷമം പുറത്ത് കാണിക്കാനിഷ്ടമല്ല, എല്ലാവരും ഓരോ പ്രശ്നങ്ങളിൽ: ഭാവന
അനോമി എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി ഭാവന. ജീവിതത്തിലെ വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും തന്റെ വർക്കിനെ അത് ബാധിക്കാതിരിക്കാൻ ഭാവന ശ്രദ്ധിക്കുന്നു. തന്നെ വിശ്വസിച്ച് സംവിധായകൻ ചെയ്ത സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഭാവന പരമാവധി ശ്രമിക്കുന്നു. മികച്ച പ്രതികരണമാണ് അനോമിക്ക് ലഭിക്കുന്നത്. തന്റെ ഇപ്പോഴത്തെ ചില തീരുമാനങ്ങളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഞാനിപ്പോഴൊന്നും പ്ലാൻ ചെയ്യാറില്ല. ഒരുപാട് കാലം മുമ്പ് പ്ലാൻ ചെയ്യുന്നത് ഞാൻ നിർത്തിയതാണ്. ഒരുപാട് എഫെർട്ടും സ്വപ്നങ്ങളുമുണ്ടാകും. ഓർഗനെെസ് ചെയ്ത പ്ലാനുകൾ മനസിലുണ്ടാകുമായിരുന്നു. ചിലപ്പോൾ എഴുതി വെക്കും. പക്ഷെ ഒന്നും പ്ലാൻ ചെയ്തത് പോലെ വരില്ല. ഇപ്പോൾ ജീവിതം എങ്ങനെയാണോ അങ്ങനെ എടുക്കുന്നു.

മറ്റെന്താണ് ചെയ്യാനുള്ളത്. അതൊരു സൂപ്പർ പവറാണോ എന്നെനിക്കറിയില്ല. നിസഹായതയിൽ നിന്നോ ഒന്നും എന്റെ കയ്യിൽ അല്ലെന്ന തിരിച്ചറിവിൽ നിന്നോ ആണ് അത് വരുന്നത്. ക്യാമറയ്ക്ക് മുന്നിൽ വേദനിക്കുന്ന പെൺകുട്ടിയായിരിക്കാൻ എനിക്കിഷ്ടമല്ല. എനിക്കത് ശരിയാകില്ല. മണിക്കുറുകളോളം കരഞ്ഞിട്ടായിരിക്കും ഞാൻ പുറത്തേക്ക് വരുന്നത്. ക്യാമറയ്ക്ക് മുന്നിൽ സന്തോഷത്തോടെ സിനിമയെക്കുറിച്ച് സംസാരിക്കും.
കാരണം ഞാൻ എന്റെ സിനിമ വിൽക്കാനാണ് വന്നിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ വിതുമ്പാനോ എന്റെ വിഷമകരമായ കാര്യങ്ങൾ പറയാനോ താൽപര്യപെടുന്നില്ല. എല്ലാവരും ഓരോ പ്രശ്നങ്ങളിലൂടെ കടന്ന് പോകുകയാണ്. ഇപ്പോൾ എനിക്ക് എന്റെ വിഷമങ്ങളെക്കുറിച്ച് പറയാൻ താൽപര്യമില്ല. പക്ഷെ ചിലപ്പോൾ എപ്പോഴെങ്കിലും സംസാരിക്കുമായിരിക്കുമെന്നും ഭാവന പറഞ്ഞു.


Click it and Unblock the Notifications











