'എന്റെ മകളുടെ വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു, ആദ്യമായാണ് ഇത്രത്തോളം വില കൂടിയ സാരികൾ വാങ്ങുന്നത്'; ദേവിചന്ദന!
സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. മികച്ച നർത്തകി കൂടിയായ ദേവി ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. കലാരംഗത്തും സജീവമാണ് ഇരുവരും. കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണ് ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ദേവി കൈകാര്യം ചെയ്യുന്നത്.
സോഷ്യൽമീഡിയയിൽ വളരെ സജീവമായ ദേവിചന്ദനയ്ക്കും ഭർത്താവ് കിഷോറിനും വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും സ്വന്തമായുണ്ട്. വീട്ടുവിശേഷങ്ങളും സീരിയൽ വിശേഷങ്ങളും എല്ലാം ദേവിചന്ദനയും കിഷോറും യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
ദേവിചന്ദന ഇപ്പോൾ അഭിനയിക്കുന്നത് സൂര്യ ടിവിയിൽ ഏറെ കാഴ്ചക്കാരുള്ള ഭാവന എന്ന സീരിയലിലാണ്. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച സീരിയലിൽ ജാനകി എന്ന കഥാപാത്രത്തെയാണ് ദേവിചന്ദന അവതരിപ്പിക്കുന്നത്. ഷോബി തിലകനാണ് സീരിയലിൽ ദേവിചന്ദനയുടെ ഭർത്താവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്.

സ്റ്റെഫി ലിയോൺ, റെയ്ജൻ രാജൻ എന്നിവരാണ് സീരിയലിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഭാവന എന്ന സ്റ്റെഫിയുടെ കഥാപാത്രത്തിന്റെ വല്യമ്മയാണ് ദേവിചന്ദനയുടെ കഥാപാത്രം. സീരിയലുകൾ ചെയ്യുമ്പോൾ വേഷം, ആഭരണങ്ങൾ എന്നിവയെല്ലാം സീരിയലിൽ അഭിനയിക്കുന്നവർ തന്നെയാണ് വാങ്ങുന്നത്.
അത്തരത്തിൽ താൻ അടുത്തിടെ വാങ്ങിയ കുറച്ച് വില കൂടിയ സാരികളുടെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ദേവിചന്ദന. ഭാവന സീരിയലിൽ തന്റെ മകളുടെ വിവാഹമാണെന്നും ആ എപ്പിസോഡ് ഷൂട്ടിനുള്ള ദിവസങ്ങൾ അടുത്ത് വരികയാണെന്നും അതിന് വേണ്ടിയാണ് വില കൂടിയ സാരികൾ വാങ്ങിയതെന്നും ദേവിചന്ദന പുതിയ വീഡിയോയിൽ പറഞ്ഞു.
ലക്ഷ്വറി ലൈഫ് നയിക്കുന്ന പണക്കാരിയായ വീട്ടമ്മയാണ് ദേവിചന്ദനയുടെ കഥാപാത്രം. അതുകൊണ്ട് തന്നെ ആഢംബരം നിറഞ്ഞ സാരികളും ആഭരണങ്ങളുമാണ് സീരിയലിൽ താരം ധരിക്കുന്നത്. മകളുടെ വിവാഹം ആയതുകൊണ്ട് തന്നെ അത്തരത്തിൽ പോഷ് കാണിക്കാൻ പറ്റിയ സാരികളും ആഭരണങ്ങളുമാണ് താൻ വാങ്ങിയിരിക്കുന്നതെന്നും ദേവിചന്ദന പറയുന്നു.
സെറ്റ് മുണ്ട്, സാരി എന്നിവയോട് വലിയ കമ്പമുള്ളയാളാണ് ദേവിചന്ദന. താരത്തിന്റെ വീട്ടിൽ സെറ്റ് മുണ്ടിന്റെയും സാരിയുടെയും വലിയൊരു കലക്ഷൻ തന്നെയുണ്ട്. പൊതുവെ താരം ഏറ്റവും കൂടുതൽ ധരിക്കാറുള്ളതും സാരിയാണ്.

'സീരിയൽ ഷൂട്ടിങ് വീണ്ടും തുടങ്ങുകയാണ്. ഭാവനയുടെ സീരിയൽ ലൊക്കേഷനിലേക്ക് പുതിയ ഷെഡ്യൂളിനായി പോകാനുള്ള പെട്ടിയൊക്കെ പാക്ക് ചെയ്ത് കഴിഞ്ഞു. ഈ ഷെഡ്യൂളിന് ഒരു പ്രത്യേകതയുള്ളത് സീരിയലിലെ എന്റെ മകളുടെ വിവാഹമാണ് എന്നതാണ്. വിവാഹം, പിറന്നാൾ, വിവാഹം പൊളിക്കൽ എന്നിവയൊക്കെ ഭാവന സീരിയലിൽ വളരെ ഗംഭീരമായാണ് നടത്തുന്നത്.'
'സൺ ടിവിയിൽ ഹിറ്റായി ഓടുന്ന കയൽ എന്ന സീരിയലിന്റെ മലയാളം റീമേക്കാണ് ഭാവന. അതുകൊണ്ട് തന്നെ ഇനി വിവാഹമാണ് ഷൂട്ട് ചെയ്യാനുള്ളത്. ഭാവനയിലെ ജാനകി വല്യമ്മയെന്ന എന്റെ കഥാപാത്രം പ്രേക്ഷകർക്ക് ഇഷ്ടമല്ല. പലരും നേരിട്ട് കാണുമ്പോൾ പറയാറുണ്ട്.'
'കല്യാണത്തിൽ പങ്കെടുക്കാനായി സാരി, ആഭരണങ്ങൾ എല്ലാം ഞാൻ തയ്യാറാക്കി കഴിഞ്ഞു. അഞ്ച്, ആറ് ദിവസത്തോളം കല്യാണമുണ്ട്. ജാനകി എന്ന എന്റെ കഥാപാത്രം എന്നെ പോലെയാണ് എല്ലായിടത്തും പോകും. അടുക്കളയിൽ മാത്രം കയറാറില്ല. കല്യാൺ സിൽക്സിൽ ആടി സെയിൽ നടന്നപ്പോഴാണ് കല്യാണത്തിനുള്ള സാരികൾ വാങ്ങിയത്.'
'എന്റെ സാരികളുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. എന്റെ കല്യാണത്തിന് പോലും ഇത്ര വില കൂടിയ സാരി ഞാൻ വാങ്ങിയിട്ടില്ല. 28000 രൂപയുടെ സാരി വരെയുണ്ട്. പക്ഷെ എനിക്ക് ഡിസ്കൗണ്ടിൽ കിട്ടിയതാണ്. പതിനായിരം രൂപ വിലയുള്ള സാരിയും ഇപ്രാവശ്യം വാങ്ങിയിട്ടുണ്ടെന്നും', സീരിയൽ വിശേഷങ്ങൾ പങ്കുവെക്കവെ ദേവിചന്ദന പറഞ്ഞു. താരത്തിന്റെ സാരിക്കും ആഭരണങ്ങൾക്കും മാത്രം വലിയൊരു ആരാധക വൃന്ദമുണ്ട്.


Click it and Unblock the Notifications











