ഫോണിലൂടെ ഞാൻ കരയുന്നത് കേട്ടിരുന്നു, ഒന്നും അവർ പറഞ്ഞില്ല; ഞാൻ ഒറ്റയ്ക്കല്ലെന്ന് മനസിലായി: ഭാവന
2022 ലെ ഐഎഫ്എഫ്കെ വേദിയിൽ അതിഥിയായി നടി ഭാവന എത്തിയത് അന്ന് വലിയ വാർത്തയായതാണ്. ജനങ്ങൾ ഒന്നടങ്കം ഹർഷാരവങ്ങളോടെയാണ് ഭാവനയെ സ്വീകരിച്ചത്. അന്നത്തെ ഓർമകൾ പങ്കുവെച്ച് കൊണ്ട് ഭാവന തന്റെ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്കിന്നും മറക്കാൻ പറ്റാത്ത വളരെ നല്ല ഓർമയാണതെന്ന് ഭാവന പറയുന്നു. ഗലാട്ട പ്ലസിലാണ് പരാമർശം.
ആ സംഭവം എനിക്കൊരുപാട് ആത്മവിശ്വാസം തന്നു. അതുവരെ ഞാൻ ഒരു കൊക്കൂണിൽ എന്നെ സംരക്ഷിച്ച് നിർത്തുകയായിരുന്നു. അദൃശ്യമായ മതിലിന് പിറകിൽ ഇരിക്കുകയായിരുന്നു ഞാൻ. വളരെ അടുത്ത ആളുകളോട് മാത്രം സംസാരിക്കുന്നു. ഐഎഫ്എഫ്കെയ്ക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഉടനെ നോ പറഞ്ഞു. അതേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും പറഞ്ഞു. നീ വന്നേ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് നിരസിക്കാൻ പറ്റില്ലായിരുന്നു.

വളരെ സീനിയറായ സംവിധായകനാണ് (രഞ്ജിത്ത്) വിളിക്കുന്നത്. എങ്ങനെയാണ് ആ തീരുമാനം എടുത്തതെന്ന് എനിക്കറിയില്ല. വളരെ ആശങ്കയിലായിരുന്നു. എല്ലാവരും പറഞ്ഞത് നീ പോകണം എന്നാണ്. പറയാൻ എളുപ്പമാണ്. കേരളത്തിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുക.... എനിക്കത് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ. പക്ഷെ ഒരുപാട് നല്ല വ്യക്തികൾ എനിക്കൊപ്പം നിന്നു. എങ്ങനെ ആ വേദിയിലെത്തിയെന്ന് എനിക്കറിയില്ല. ബോധം കെട്ട് വീഴുമോ എന്ന് പോലും ഞാൻ കരുതി.
ഞാൻ പങ്കെടുക്കുന്ന കാര്യം അവർ വളരെ രഹസ്യമായി വെച്ചു. ഒരു സീക്രട്ട് മിഷൻ പോലെയായിരുന്നു. ഫ്ലെെറ്റും ഹോട്ടലുമെല്ലാം ബുക്ക് ചെയ്തത് മറ്റൊരു പേരിലാണ്. ഞാൻ റെഡിയായി. ബാക്ക് സ്റ്റേജിൽ നിന്നു. അഞ്ച് മിനുട്ടിനുള്ളിൽ വേദിയിലേക്ക് വിളിക്കുമെന്ന് പറഞ്ഞു. ഞാൻ വീഴുമെന്ന് തോന്നി. ബീന പോൾ അവിടെയുണ്ടായിരുന്നു. പേടിക്കേണ്ടെന്ന് അവർ വന്ന് പറഞ്ഞു. എന്റെ പേര് അനൗൺസ് ചെയ്ത നിമിഷം ഞാൻ ബ്ലാങ്ക് ആയി. സ്റ്റേജിലെത്തിയപ്പോൾ ഞാൻ ഓക്കെയായി. അന്നത്തെ കയ്യടിയെക്കുറിച്ച് പറയുമ്പോൾ ഞാനിപ്പോഴും ഇമോഷണലാകും.
എല്ലാവരും എണീറ്റ് നിന്ന് എനിക്ക് നൽകിയ സ്വീകരണം എന്നെ വല്ലാതെ സ്പർശിച്ചു. അപ്പോഴാണ് ഞാൻ ഒറ്റയ്ക്കല്ല, പിന്തുണയ്ക്കാൻ ഒരുപാട് പേരുണ്ടെന്ന് മനസിലാക്കിയത്. കരച്ചിലടക്കി ഞാൻ ആ വേദിയിൽ ഇരുന്നു. കുറച്ച് വാക്കുകൾ പറഞ്ഞവസാനിപ്പിച്ച് ബാക്ക് സ്റ്റേജിൽ പോയി ഞാൻ കരഞ്ഞു. മണിക്കൂറുകളോളം കരഞ്ഞു. എന്റെ ആദ്യ സിനിമയുടെ സംവിധായകൻ കമൽ സർ എന്നെ ആശ്വസിപ്പിച്ചു.
എണീക്കാൻ പോലും പറ്റിയില്ല. ഞാൻ കരഞ്ഞ് കൊണ്ടിരുന്നു. ഇത്രയും സ്നേഹവും പിന്തുണയും ഞാനാഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു. അമ്മയെയും നവീനെയും ചില സുഹൃത്തുക്കളെയും വിളിച്ചു. അവരെല്ലാം ഞാൻ കരയുന്നത് കേട്ടിരുന്നു. ഒരു വാക്ക് പോലും പറഞ്ഞില്ല. ആ നിമിഷം തനിക്ക് വളരെ വെെകാരികമായിരുന്നെന്നും ഭാവന പറഞ്ഞു.


Click it and Unblock the Notifications











