'അഭിനയം മമ്മൂക്കയുടെ അത്രയും വരില്ല..., പൃഥ്വിരാജ് ത്യാഗം അനുഭവിച്ചിട്ടുണ്ട് അതിനാണ് അക്സപ്റ്റൻസ് കിട്ടിയത്'
കുറച്ച് ദിവസം മുമ്പാണ് 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. മികച്ച നടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ ഉർവശിയും തടവ് സിനിമയിലെ പ്രകടനത്തിലൂടെ ബീന.ആർ.ചന്ദ്രനുമാണ് നേടിയത്. ആടുജീവിതം സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ ഈ സിനിമ ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല പൃഥ്വിരാജിന്റെ സമര്‍പ്പണവും മേക്കോവറും അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്ന പ്രതീക്ഷ പ്രേക്ഷകരില്‍ ഉയര്‍ത്തിയിരുന്നു.
ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ പുറത്തെത്തിയപ്പോഴെ സിനിമ പ്രതീക്ഷ വര്‍ധിപ്പിച്ചു. തിയേറ്ററില്‍ എത്തിയപ്പോള്‍ കലക്ഷനിലും ആടുജീവിതം കുതിച്ചു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി പിന്നീട് ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം.

ഇപ്പോഴിതാ അവാർഡിന്റെ തിളക്കവും. ഒമ്പതോളം പുരസ്കാരങ്ങൾ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആടുജീവിതം നേടി. പുരസ്കാര പ്രഖ്യാപനത്തിനുശേഷം ഏറ്റവും കൂടുതൽ ചർച്ചയായത് നടൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചില്ലെന്നതായിരുന്നു. അതിന്റെ പേരിൽ പക്ഷം തിരിഞ്ഞുള്ള ഫാൻ ഫൈറ്റുകളും നടന്നിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് നടൻ ഭീമൻ രഘു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
പൃഥ്വിരാജ് ത്യാഗം അനുഭവിച്ചിട്ടുണ്ട് അതിനാണ് അക്സപ്റ്റൻസ് കിട്ടിയതെന്നാണ് ഭീമൻ രഘു ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മമ്മൂക്ക നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ പൃഥ്വിരാജ് ആടുജീവിതത്തിൽ ഒരുപാട് ശരീര ഭാരം കുറച്ചു. അതിനാണ് അക്സപ്റ്റൻസ് കിട്ടിയിരിക്കുന്നത്.
മമ്മൂക്കയുടെ അത്രയും അഭിനയം വരില്ല. താൻ മമ്മൂക്കയെ കണ്ടാണ് അഭിനയം പഠിച്ചതെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നൻപകൽ നേരത്ത് മയക്കത്തിലെ കഥാപാത്രം വളരെ മനോഹരമായി മമ്മൂക്ക ചെയ്തു. അതുകൊണ്ട് കംപാരിസൺ നമുക്ക് പറയാൻ പറ്റില്ല. പക്ഷെ പൃഥ്വിരാജ് ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടി അത്രയും ത്യാഗം അനുഭവിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ പൃഥ്വിക്ക് പുരസ്കാരം കിട്ടിയതിൽ സന്തോഷമുണ്ട്. മലയാള സിനിമയൊന്നും ഇടിവിലേക്ക് വരില്ല. സിനിമാ ആ രീതിയിൽ തന്നെ മുന്നോട്ട് പോകും. എന്തൊക്കെ വിവാദം ഉണ്ടായാലും മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ഭീമൻ രഘു പറഞ്ഞു. തത്തമ്മ കൊലക്കേസ്, ബാഡ് ബോയ്സ് എന്നീ സിനിമകളാണ് വരാനുള്ളത്. പിന്നെ കസിന്റെ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ബിഗ് ത്രീ എന്നാണ് സിനിമയുടെ പേര്.

ചിലപ്പോൾ പേര് മാറ്റിയേക്കുമെന്നുമാണ് ഭീമൻ രഘു പുതിയ സിനിമാ വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്. അടുത്തിടെയായി പ്രസംഗത്തിലൂടെ അടക്കം ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ള നടനാണ് ഭീമൻ രഘു. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റ് നിന്ന് കേട്ടതും വൈറലായിരുന്നു.
ഭീമൻ രഘു ഒരു കോമാളിയും മണ്ടനുമാണെന്നാണ് ആ സംഭവത്തിനെ കുറിച്ച് പിന്നീട് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പരിഹസിച്ച് പറഞ്ഞത്. മസിൽ ഉണ്ടെന്നേയുള്ളൂ രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications











