'നിസ്സഹായവസ്ഥ ചൂഷണം ചെയ്യരുത്, നിങ്ങൾ ഒരു മനുഷ്യനാണോയെന്ന് സ്വയം ചോദിച്ച് നോക്കുക'; റോബിനോട് ഷിയാസ് കരീം!
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ബിഗ് ബോസ് സീസൺ ഫോർ മത്സരാർഥി റോബിൻ രാധാകൃഷ്ണൻ കൊച്ചി ചിൽഡ്രൺസ് ഹോം സന്ദർശിച്ച് സഹായം ചെയ്തതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
പൊതുവെ ചിൽഡ്രൺസ് ഹോം പോലുള്ളവ സന്ദർശിച്ച് അവർക്ക് സഹായം ചെയ്തതിന്റെ വീഡിയോ വ്യക്തി താൽപര്യത്തിന് വേണ്ടി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന നിയമം നിലനിൽക്കെയാണ് സിനിമാ സ്റ്റൈലിൽ വീഡിയോ എടുത്ത് റോബിൻ പബ്ലിഷ് ചെയ്തത്. സംഭവത്തിന് ശേഷം നിരവധി പേർ റോബിനെ വിമർശിച്ച് എത്തിയതോടെയാണ് റോബിൻ വീഡിയോ സോഷ്യൽമീഡിയയിൽ നിന്നും നീക്കിയത്.

ശേഷം ശ്രീലങ്കയ്ക്ക് ടൂർ പോയ റോബിൻ വീഡിയോ ഡിലീറ്റ് ചെയ്തത് അല്ലാതെ വിശദീകരണമൊന്നും നൽകിയില്ല. ഇപ്പോഴിത ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖിന്റെ വാക്കുകൾ വെച്ച് റോബിന്റെ പ്രവൃത്തിയെ വിമർശിച്ചിരിക്കുകയാണ്. ഷാരൂഖ് പറയുന്ന വാക്കുകളും റോബിന്റെ വീഡിയോയും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഒരു മനുഷ്യത്വത്തിന് വേണ്ടി ചാരിറ്റി ചെയ്യുന്ന മനുഷ്യനും പ്രശസ്തിക്ക് വേണ്ടി ചാരിറ്റി ചെയ്യുന്ന മനുഷ്യനും തമ്മിൽ ഉള്ള വിത്യസമാണ് ഈ വീഡിയോ എന്ന് തലക്കെട്ട് കൊടുത്താണ് മുൻ ബിഗ് ബോസ് താരം കൂടിയായ ഷിയാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'എനിക്ക് ഒരാളെ സഹായിക്കണമെന്ന് തോന്നിയാൽ ഞാൻ ആ നിമിഷം സഹായിക്കും. നോക്ക്... അവൻ ഒരു കാര്യം ചെയ്തുവെന്ന് ആളുകൾ പറയുന്നത് കേൾക്കാൻ എനിക്ക് ആഗ്രഹമില്ല. ഞാൻ ചാരിറ്റി ചെയ്യുന്നതും ജോലി ചെയ്യുന്നതും എന്റെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റൊരാൾക്കും ചോദ്യം ചെയ്യാനുള്ള അവകാശമില്ല.'
'ഞാൻ ചാരിറ്റി ചെയ്യുന്നതും ആളുകളെ സഹായിക്കുന്നതുമെല്ലാം രഹസ്യമായിരിക്കും' എന്നാണ് ഷിയാസ് പങ്കുവെച്ച വീഡിയോയിൽ ഷാരൂഖാൻ പറയുന്നത്. വീഡിയോയ്ക്കൊപ്പം ഇങ്ങനെ കൂടി കുറിച്ചു ഷിയാസ്... 'മനുഷ്യത്വത്തിന് വേണ്ടി ചാരിറ്റി ചെയ്യുന്ന മനുഷ്യനും പ്രശസ്തിക്ക് വേണ്ടി ചാരിറ്റി ചെയ്യുന്ന മനുഷ്യനും തമ്മിൽ ഉള്ള വിത്യസമാണ് ഈ വീഡിയോ.'

'ലോക സിനിമയുടെ മുന്നിൽ ഇന്ത്യ സിനിമയുടെ മുഖമാണ് ഷാരൂഖ് ഖാൻ. നിങ്ങൾക്ക് ഷാരൂഖ് ഖാൻ ചാരിറ്റി ചെയ്യുന്ന ഒരു വീഡിയോയോ ഫോട്ടോസോ കാണാൻ കഴിയുമോ? ഇല്ല. വേണമെന്ന് വെച്ചാൽ ലോക മാധ്യമങ്ങളെ തന്നെ വിളിച്ച് വരുത്തി താൻ ചെയ്യുന്ന ചാരിറ്റി കാണിക്കാൻ കെൽപ്പ് ഉണ്ടായിട്ടും മനുഷ്യത്വത്തിന് വേണ്ടി ആരെയും അറിയിക്കാതെ ചെയ്യുന്ന ഷാറൂഖ് തന്നെയാണ് എന്റെ ഐഡൽ.'
'ചാരിറ്റിക്ക് ഫോട്ടോ എടുക്കുമ്പോൾ ഒന്ന് ഓർക്കുക നിങ്ങൾക്ക് മാത്രമല്ല നിങ്ങളിൽ നിന്ന് സഹായം വാങ്ങുന്ന വ്യക്തിക്കുമുണ്ട് അഭിമാനം. അവരുടെ നിസ്സഹാവസ്ഥയെ ചൂഷണം ചെയ്യരുതെന്ന് ഷാരൂഖ് ഖാൻ പറഞ്ഞിട്ടുണ്ട്. റോബിൻ ഇനി സ്വയം ഒന്ന് ചോദിച്ച് നോക്കുക നിങ്ങൾ ഒരു മനുഷ്യൻ ആണോയെന്ന്' എന്നാണ് ഷിയാസ് കുറിച്ചത്.
ഷിയാസിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച് നിരവധി പേർ എത്തി. നെഗറ്റീവ് ഇമേജ് പോലും ആസ്വദിക്കുന്ന അൽപ്പനാണ് റോബിനെന്നാണ് ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. വിമർശനങ്ങൾ കൂടിയപ്പോൾ ശ്രീലങ്ക സന്ദർശിച്ച് തിരികെ വരുന്ന വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചത് ഇങ്ങനെയായിരുന്നു...
'ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും.. എല്ലാം നേരിടും. പോരാടും. ശക്തമായി തിരിച്ചുവരും. ഒരിക്കലും കൈവിടില്ല' എന്നാണ് ഒരു വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചത്. സ്വന്തം ആരാധകരെ തന്നെ ഹേറ്റേഴ്സ് ആക്കിയ ആളാണ് റോബിൻ എന്നാണ് ചിലർ പറയുന്നത്.


Click it and Unblock the Notifications