'ഞാനും ഇങ്ങനെയാണ് ചേച്ചീ; എനിക്ക് വരുന്ന മെസേജുകൾ; ഗേ ആയവർക്ക് ചെറുപ്പത്തിലേ എടുക്കേണ്ടത് വലിയ തീരുമാനം'
കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള മനോഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് അപർണ. മാറ്റം വരാൻ വർഷങ്ങളെടുക്കുമെന്ന് അപർണ പറയുന്നു.
ബിഗ് ബോസ് സീസൺ നാലിൽ പല തരത്തിലുള്ള മത്സരാർത്ഥികളായിരുന്നു വന്നത്. ഇവരിൽ ചിലർ വെറുക്കപ്പെട്ടപ്പോൾ ചിലർ ആരാധിക്കപ്പെട്ടു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയവരിൽ ഹേറ്റേഴ്സില്ലാത്ത അപൂർവം മത്സരാർത്ഥികളിലാെരാളായിരുന്നു അപർണ മൾബറി. ആരോടും അധികം തല്ലിനോ വഴക്കിനെ അപർണ പോയില്ല. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം തന്റെ ഇംഗ്ലീഷും ക്ലാസും സാമൂഹിക പ്രവർത്തനങ്ങളുമായി അപർണ മുന്നോട്ട് പോയി.
ലെസ്ബിയനായ അപർണ പങ്കാളിക്കൊപ്പം സന്തോഷകരമായ ജീവിക്കുകയാണ്. എൽജിബിടിക്യു കമ്മ്യൂണൂറ്റിക്ക് വേണ്ടി അപർണ സംസാരിക്കാറുണ്ട്. അമേരിക്കൻ പശ്ചാത്തലമുള്ള അപർണയ്ക്ക് ചെറുപ്പം മുതലേ കേരളവുമായി കുടുംബപരമായ ബന്ധമുണ്ട്. ഇതേപറ്റി അപർണ നേരത്തെ സംസാരിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിലും അപർണ വ്യത്യസ്തയാണ്. അനാവശ്യ പ്രസ്താവനകൾക്കോ വിവാദങ്ങൾക്കോ അപർണ പോവാറില്ല.
മെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ അപർണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പങ്കാളിയെക്കുറിച്ച് അപർണ സംസാരിച്ചു. 'അവൾ പ്രെെവറ്റായ ആളാണ്. ഈ സെലിബ്രറ്റി ലൈഫ് സ്റ്റെെലിനോട് താൽപര്യമില്ലാത്ത ആളാണ്. വീഡിയോകളിൽ വരാൻ താൽപര്യമില്ല. അവൾക്കൊപ്പമുള്ള ചിത്രങ്ങൾ ചില സമയത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടോട്ടെ എന്ന് ചോദിക്കും. കുറേ പ്രാവശ്യം ചോദിച്ചാൽ സമ്മതിക്കും'

'അവളൊരു ഡോക്ടറാണ്. എന്റെ ജീവിതം ഇതുപോലെയല്ലാതിരുന്ന സമയത്തും അവളങ്ങനെയാണ്. എനിക്കീ ലൈഫ് സ്റ്റെെൽ അഡാപ്ട് ചെയ്യാൻ പറ്റും. പക്ഷെ അവളങ്ങനെയല്ല. അവൾ എന്നെ എല്ലാത്തിലും സപ്പോർട്ട് ചെയ്യും. അവളാണ് എന്റെ ഏറ്റവും വലിയ ആരാധിക,' അപർണ പറഞ്ഞു,
എൽജിബിടിക്യു കമ്മ്യൂണിറ്റിയോട് കേരളത്തിലുള്ള മനോഭാവം അധികം മാറിയിട്ടില്ലെന്നും അപർണ പറയുന്നു. ഇതിന്റെ കാരണങ്ങളെക്കുറിച്ചും അപർണ സംസാരിച്ചു. ചെറുപ്പക്കാർക്ക് ഇതൊരു പ്രശ്നമല്ല. അച്ഛനമ്മമാർക്കാണ് ഇപ്പോഴും പ്രശ്നം. ചിലപ്പോൾ അവർ മറ്റൊരാളെ പിന്തുണച്ചേക്കാം. പക്ഷെ അവരുടെ സ്വന്തം കുട്ടിയാവുമ്പോഴാണ് പ്രശ്നം. ജീവിതം കഠിനകരമാണ്, ഗേയായ വ്യക്തിക്ക് അതിനേക്കാൾ കഠിനകരമാണ്. ലൈഗികം ന്യൂനപക്ഷങ്ങളെ അംഗീകരിക്കാൻ പത്ത് വർഷമെങ്കിലും എടുക്കുമെന്നും അപർണ പറയുന്നു.

അതേസമയം തന്നെ പാശ്ചാത്യ രാജ്യത്തെ സംസ്കാരമല്ല ഇന്ത്യയിലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളേണ്ടതുണ്ടെന്നും അപർണ അഭിപ്രായപ്പെട്ടു. 50 കളിലും 60 കളിലുമാണ് വെസ്റ്റിൽ ഇതിന്റെ റെവല്യൂഷൻ തുടങ്ങിയത്. അവിടത്തെ സംസ്കാരമാണത്. ഇന്ത്യയിലിപ്പോഴും ഇവിടത്തെ സംസ്കാരമല്ല. വിദേശിയായി ഞാനിങ്ങോട്ട് വന്നു. എന്താണ് ശരി, തെറ്റ് എന്ന് പറയാൻ ഇതെന്റെ സ്ഥലമല്ല. ഞാൻ തന്നെ ഉദാഹരണമാവാനാണ് ശ്രമിക്കുന്നത്. അല്ലാതെ ഇതേപറ്റി സംസാരിക്കുന്നത് പലപ്പോഴും പ്രയാസകരമാണെന്നും അപർണ പറഞ്ഞു.
'എന്റെ ഇൻബോക്സിൽ ഒരുപാട് മെസേജ് വരുന്നുണ്ട്. ചേച്ചീ, ഞാനും ഇങ്ങനെയാണ്. എന്റെ ആരും സ്വീകരിക്കുന്നില്ല. പാരന്റ്സിനോട് ഞാനെന്ത് പറയും. പാരന്റ്സിനോട് പറഞ്ഞാൽ എന്നെ പുറത്താക്കുമെന്നും. ഗേ ആണെന്ന് തുറന്ന് പറയുന്നവർക്ക് ഒരു തീരുമാനം എടുത്തേ പറ്റൂ. ഒന്നുകിൽ ആരോടും പറയാതെ കല്യാണം കഴിക്കും, ഉള്ളിൽ ഈ ഫീൽ ഉണ്ടാവും. അല്ലെങ്കിൽ തുറന്ന് പറയുമ്പോൾ മാതാപിതാക്കൾ ചിലപ്പോൾ പുറത്താക്കിയേക്കാം. ചെറിയ പ്രായത്തിൽ അവരെടുക്കേണ്ട വലിയ തീരുമാനമാണത്,' അപർണ പറയുന്നു.
തുറന്ന് പറയുന്ന മക്കളെ അംഗീകരിക്കുന്ന കുടുംബങ്ങളെ താൻ അഭിനന്ദിക്കുന്നെന്നും അപർണ പറഞ്ഞു. അപർണ ലൈം ലെെറ്റിൽ നിൽക്കുന്ന ആളാണെങ്കിലും അപർണയുടെ കുടുംബത്തെയോ മാതാപിതാക്കളെയോ അധികമാരും ലൈ ലൈറ്റിൽ കണ്ടിട്ടില്ല. കൂടുതൽ ഇംഗ്ലീഷ് ക്ലാസുകളും മൃഗ സംരക്ഷണ പ്രവർത്തനവുമായി മുന്നോട്ട് പോവാനാണ് അപർണയുടെ തീരുമാനം.


Click it and Unblock the Notifications











