ബെഞ്ച് ഒടിഞ്ഞ് പോകുമെന്ന് അവർ ഭയന്നു, പ്രിൻസിപ്പൽ കളിയാക്കി; അനുഭവം പങ്കുവെച്ച് അർജുൻ
ബിഗ് ബോസ് ആറാം സീസണിൽ വൻ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് അർജുൻ ശ്യാം ഗോപൻ. ഷോയിൽ രണ്ടാം സ്ഥാനമാണ് അർജുന് ലഭിച്ചത്. അർജുന്റെ വിജയത്തിൽ രണ്ട് അഭിപ്രായങ്ങൾ വന്നു. ഹേറ്റേഴ്സ് അധികം ഇല്ലാതെ മികച്ച ഗെയിമുമായി മുന്നോട്ട് പോയ അർജുൻ രണ്ടാം സ്ഥാനത്തിന് അർഹനാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. എന്നാൽ രണ്ടാം സ്ഥാനം ജാസ്മിന് അർഹതപ്പെട്ടതാണെന്നും വാദം വന്നു.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം വലിയ ചലനങ്ങളാണ് അർജുന്റെ മോഡലിംഗ് കരിയറിൽ ഉണ്ടായിരിക്കുന്നത്. അർജുന്റെ ഫിറ്റ്നെസും സ്ക്രീൻപ്രസൻസും ഏവരും എടുത്ത് പറയുന്നുണ്ട്. എന്നാൽ ബോഡി ഷെയ്മിംഗ് നേരിട്ട ഒരു കാലഘട്ടം അർജുനുണ്ടായിരുന്നു. കുട്ടിക്കാലത്തെ ഈ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അർജുനിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ചെറുപ്പത്തിൽ തനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നെന്ന് അർജുൻ പറയുന്നു. സ്കൂളിലും ജിമ്മിൽ പോകുമ്പോഴുമെല്ലാം കളിയാക്കൽ കേട്ടിട്ടുണ്ട്. നീ ഏത് റേഷൻകടയിൽ നിന്നാണ് കഴിക്കുന്നതെന്ന് ചോദിക്കും. ബോഡി ഷെയ്മിംഗിന്റെ പീക്ക് എനിക്ക് കിട്ടിയിട്ടുണ്ട്. ഇഷ്‌മാണെന്ന് പറഞ്ഞപ്പോൾ തടിയനാണെന്ന് പറഞ്ഞ് റിജക്ഷൻ കിട്ടി. ബെഞ്ചിലിരിക്കുമ്പോൾ ബെഞ്ച് ഒടിഞ്ഞ് പോകുമോ എന്ന് ആൾക്കാർക്ക് പേടിയാണ്. പാരന്റ്സ് മീറ്റിംഗിന് വരുമ്പോൾ അവരേക്കാൾ വലുപ്പം എനിക്കാണ്.
ഇവന്റെ കൂടെയൊക്കെയാണോ പഠിക്കുന്നതെന്ന് ചോദിച്ചത് കേട്ടിട്ടുണ്ട്. പപ്പയ്ക്ക് ട്രാൻസ്ഫർ വരുമ്പോൾ ഇടയ്ക്കിടെ സ്കൂൾ മാറേണ്ടി വരും. ഒരു സ്കൂളിൽ അഡ്മിഷന് പോയപ്പോൾ ഇത്രയും വലിയ മുതുക്കനെ എങ്ങനെ ക്ലാസിലിരുത്തും എന്ന് പറഞ്ഞ് എന്നെ പ്രിൻസിപ്പൽ കളിയാക്കിയിട്ടുണ്ട്. പതിമൂന്ന് വയസിൽ അമ്മ തന്നെ ജിമ്മിൽ കൊണ്ട് ചേർത്തു. അവിടം തൊട്ട് തന്റെ ജീവിതം കുറച്ച് മാറാൻ തുടങ്ങിയെന്ന് അർജുൻ പറയുന്നു.

പതിയെ മോഡലിംഗ് എന്ന താൽപര്യം വന്നു. ജോൺ എബ്രഹാമിന്റെ ആരാധകനാണ്. അന്ന് ബൾക്ക് മസിൽ ആണ്. അതിനാൽ ഓഡിഷനിൽ സെലക്ടായില്ല. കൊവിഡ് സമയത്ത് അച്ഛന്റെ സാലറി കട്ടായി. ഇതാണ് നല്ല സമയമെന്ന് കരുതി ഡയറ്റിംഗ് ചെയ്തു. 120 കിലോയിൽ നിന്നും 95 കിലോയിലേക്ക് തന്റെ ശരീര ഭാരം കുറച്ചെന്നും അർജുൻ വ്യക്തമാക്കി. തന്റെ മാറ്റങ്ങൾക്ക് ശേഷമാണ് താൻ ബിഗ് ബോസ് ഓഡിഷനിൽ സെലക്ട് ആവുന്നതെന്നും അർജുൻ പറയുന്നു.
മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച പയ്യന് ഒരു സ്ഥാനത്ത് എത്താൻ ഭയങ്കര പാടാണ്. പപ്പ ഫോറസ്റ്റ് ഡിപ്പാർട്മെന്റിലായിരുന്നു. സീസൺ 3 തൊട്ട് ബിഗ് ബോസിൽ ശ്രമിക്കുന്നുണ്ട്. സീസൺ 5 ൽ എന്റെ കോൾ ബ്ലോക്ക് വരെ ചെയ്തു. ഓഡിഷനിൽ കിട്ടാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി. മുൻ സീസണുകളിലെ ഓഡിഷനിൽ ഞാൻ പറഞ്ഞത് എന്റെ കുറവുകളാണ്. സീസൺ ആറിൽ പറഞ്ഞത് എന്റെ വിജയമാണ്. എന്റെ കുറവുകളും ശക്തികളും മനസിലാക്കി അതിൽ വർക്ക് ചെയ്തെന്നും അർജുൻ വ്യക്തമാക്കി.


Click it and Unblock the Notifications