മുൻ കാമുകന്റെ തന്ത്രത്തിൽ മാസങ്ങളോളം പെട്ട് പോയി; ഇനിയൊരു കമ്മിറ്റ്മെന്റിലേക്ക് കടക്കാൻ പേടി; ആര്യ
ബഡായി ബംഗ്ലാവ്, ബിഗ് ബോസ് എന്നീ ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ ഏവരെയും ചിരിപ്പിച്ച ആര്യ ബിഗ് ബോസിലെത്തിയപ്പോൾ തന്റെ ജീവിതത്തിലെ ദുഃഖങ്ങളെല്ലാം തുറന്ന് പറഞ്ഞു. വിവാഹ മോചനം, അച്ഛന്റെ മരണം തുടങ്ങിയവയെക്കുറിച്ചെല്ലാം ആര്യ ഷോയിൽ സംസാരിച്ചിരുന്നു. പിന്നീട് ആര്യയുടെ ജീവിതത്തിൽ ഒരു പ്രണയത്തകർച്ചയുമുണ്ടായി. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം കടുത്ത സൈബർ അധിക്ഷേപം നേരിടേണ്ടി വന്ന വ്യക്തിയാണ് ആര്യ.
താരം തന്നെ ഇതേക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. കാഞ്ചീവരം സാരിയുടെ ഷോപ്പ് തുടങ്ങി ബിസിനസ് രംഗത്തേക്കും ആര്യ കടന്ന് വന്നിരിക്കുകയാണ്. സിനിമകളും ഷോകളുമായി മറ്റ് തിരക്കുകളും ആര്യക്കുണ്ട്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആര്യ. കാമുകൻ ചതിച്ച സാഹചര്യത്തെക്കുറിച്ച് ആര്യ തുറന്ന് സംസാരിച്ചു.
അച്ഛൻ പോയ സമയമാണ് ജീവിതത്തിൽ മറക്കാൻ പറ്റാത്ത സങ്കടമെന്ന് ആര്യ പറഞ്ഞു. തന്റെ മകളെക്കുറിച്ചും താരം സംസാരിച്ചു ഇപ്പോഴത്തെ ജനറേഷനിലെ പിള്ളേർ കുറേക്കൂടി അഡ്വാൻസ്ഡ് ആണ്. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഓക്കെ കൂൾ എന്നാണ് മറുപടി തരുന്നത്. എന്റെ മകൾ ഇപ്പോൾ അച്ഛനോടൊപ്പം ബാംഗ്ലൂരിലാണ്. വെക്കേഷന് ഒരു മാസം അച്ഛന്റെ കൂടെ നിൽക്കാൻ പോയിരിക്കുകയാണ്. എനിക്ക് ബാംഗ്ലൂരിൽ ഒരു ഷോ വരുന്നുണ്ട്.

അപ്പോൾ ഞാൻ ബാംഗ്ലൂരിലേക്ക് പോവുകയാണ്. ഞാൻ മെസേജ് അയച്ചു. ഓക്കെ ഐ വാണ്ട് ടു കം ബാക്ക് ഹോം വിത്ത് യു എന്ന് അവൾ പറഞ്ഞു. ഞാൻ അവളുടെ അച്ഛനോട് സംസാരിച്ചപ്പോൾ ഓക്കെ പറഞ്ഞു. ഞാൻ ഇന്നലെ ടിക്കറ്റ് ബുക്ക് ചെയ്ത് അയച്ച് കൊടുത്തു. ഓക്കെ കൂൾ ഡാ എന്നായിരുന്നു മറുപടി. ഇതാണിപ്പോഴത്തെ പിള്ളേരെന്നും ആര്യ പറഞ്ഞു.
സമാധാനത്തോടെ കിടന്ന് ഉറങ്ങുക എന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. അങ്ങനെ നോക്കുമ്പോൾ കുറച്ച് സന്തോഷം കുറവുണ്ട്. പക്ഷെ പെട്ടെന്ന് ശരിയാവുമെന്ന് കരുതുന്നെന്നും ആര്യ വ്യക്തമാക്കി. എനിക്ക് ഏറ്റവും പേടി അറ്റാച്ച്മെന്റാണ്. ഞാൻ ഭയങ്കരമായി ആളുകളുമായി അറ്റാച്ചാവും. എന്റെ കുടുംബവും സുഹൃത്തുക്കളുമായും ഭയങ്കര അറ്റാച്ച്മെന്റാണ്. അത് നഷ്ടപ്പെടുന്നതാണ് എന്റെ പേടി.
'ഞാൻ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. ജീവിതത്തിൽ ഇത്രയും സംഭവിച്ചിട്ടും ഇപ്പോഴും അക്കാര്യത്തിൽ മാറ്റം വന്നിട്ടില്ല. നമുക്കൊരു ഗ്യാരണ്ടിയില്ല. നമ്മൾ മനസ്സിലാക്കിയത് ശരിയാണോയെന്ന്. എന്റെ മുമ്പത്തെ ബന്ധങ്ങൾ കണ്ടിട്ടുള്ളവർ പറയും. അയ്യോ ഞങ്ങളൊന്നും വിചാരിച്ചില്ലേയില്ല, ആള് കളഞ്ഞിട്ട് പോവുമെന്ന്. ഞാനും ചിന്തിച്ചിരുന്നില്ല. അങ്ങനെയാെരു പേടി ഇപ്പോഴുണ്ട്. അതിനാൽ തന്നെ ഒരു കമ്മിറ്റ്മെന്റിലേക്ക് കടക്കാൻ ഇപ്പോഴും പേടിയുണ്ട്'
'ഗോസ്റ്റഡ് റിലേഷൻഷിപ്പിലാണെന്ന് ഞാനടക്കം നമ്മളിൽ പലരും തിരിച്ചറിയുന്നില്ല. ഒരു സൈഡിൽ അവരൊരു ഹോപ്പ് തന്ന് കൊണ്ടിരിക്കും. അവരിപ്പോഴും ഉണ്ട്, വരും ടൈം എടുക്കുകയാണെന്നൊക്കെ പറയും. പക്ഷെ അവരൊരിക്കലും വരില്ല. നമ്മളായിട്ട് ബന്ധം നിർത്താനാണ് അവർ ശ്രമിക്കുന്നത്. ആ കുറ്റപ്പെടുത്തൽ അവരെടുക്കില്ല. ഞാനിത് നിർത്തുകയാണെന്ന് നമ്മൾ പറയണം'

'കുറേ മാസം ഞാനാ ഘട്ടത്തിൽ പെട്ട്പോയിരുന്നു. എന്നോട് സംസാരിക്കുന്നുണ്ട്. വിശേഷങ്ങളും ചോദിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനോടോ സഹോദരിയോടോ പറയുകയാണ് എനിക്കീ ബന്ധം മതിയായെന്ന്. അപ്പോൾ ഇവർ വന്ന് എന്നെ അഡ്വൈസ് ചെയ്യും. ചേച്ചി എന്താണ് കാണിക്കുന്നത് ആയാളിങ്ങനെയാണ് പറയുന്നതെന്ന്'
'ഞാൻ പറഞ്ഞു, ഇല്ല എന്നോടിങ്ങനെയാണ് പറയുന്നതെന്ന്. ഞാൻ ചോദിക്കുമ്പോൾ ആള് പറയും അവർ നമ്മളെ പിരിക്കാൻ നോക്കുകയാണെന്ന്. പിന്നീട് ഞാനയാളെ കൈയോടെ പൊക്കി. എന്റെ ഫ്രണ്ടിനെ ഡേറ്റ് ചെയ്യുന്നത്. അക്കാര്യത്തിൽ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല,' ആര്യ പറഞ്ഞു.


Click it and Unblock the Notifications