'നോമ്പ് സമയത്ത് ഞാൻ ഭക്ഷണത്തിന്റെ ഫോട്ടോയിട്ടതായിരുന്നു പ്രശ്നം; ആളുകളുടെ ചിന്ത പോവുന്നത്!'
ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ വൻ ജനപ്രീതി നേടിയ താരമാണ് ആര്യ. കോമഡി ടോക് ഷോ ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടിയായിരുന്നു. ശേഷം ആര്യക്ക് സിനിമയിൽ നിന്നുൾപ്പെടെ അവസരങ്ങൾ വന്നു. എന്നാൽ ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസിലെത്തിയപ്പോൾ ആര്യയുടെ പ്രതിച്ഛായയിൽ മാറ്റം വന്നു. കടുത്ത സൈബറാക്രമണങ്ങൾക്ക് ആര്യ ഇരയായി. വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങൾക്കിടെയാണ് ആര്യക്ക് ഈ സൈബർ അധിക്ഷേപവും നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് ആര്യ തുറന്ന് സംസാരിച്ചിട്ടുണ്ട്.
ബിഗ് ബോസിന് ശേഷം ആളുകൾക്ക് തന്നോടുള്ള മനോഭാവത്തിൽ വന്ന മാറ്റത്തെയും ആര്യ ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹ മോചനം. പ്രണയത്തകർച്ച തുടങ്ങി പല പ്രശ്നങ്ങൾ നേരിട്ട ആര്യ ഇന്ന് ഇവയെല്ലാം മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലെ ആളുകളെ മനോഭാവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആര്യ.
ബിഗ് ബോസിന് ശേഷമാണ് താൻ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയാൻ തുടങ്ങിയതെന്ന് ആര്യ പറയുന്നു. 'ബിഗ് ബോസിന് മുമ്പ് വ്യക്തിപരമായ കാര്യങ്ങൾ അങ്ങനെ സംസാരിച്ചിട്ടില്ല. അതിന് മുമ്പ് എന്റെ അഭിമുഖങ്ങളൊന്നും വന്നിട്ടില്ല. ബിഗ് ബോസിന് ശേഷമാണ് ആളുകൾ ഇന്റർവ്യൂ ചെയ്യാൻ തുടങ്ങിയത്'

'കാരണം അവർക്ക് മനസ്സിലായി കുറേ അനുഭവങ്ങളുള്ള കുട്ടിയാണ്, കണ്ടന്റ് കുറേ കിട്ടുമെന്ന്. ബിഗ് ബോസിൽ കിട്ടിയ ആദ്യ ടാസ്ക് തന്നെ ജീവിത കഥ പറയുക എന്ന ടാസ്കായിരുന്നു. നമ്മൾ കവർ ചെയ്യേണ്ട പോയന്റ് മാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അച്ഛന്റെ മരണം, ഡിവോഴ്സ് എന്നിവയെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്'
'അതെനിക്ക് കിട്ടിയ ടാസ്കാണ് ഞാൻ സംസാരിച്ചേ പറ്റൂ. ഞാൻ ജെനുവിനായ കഥയാണ് പറഞ്ഞത്. പക്ഷെ പുറത്ത് ആളുകൾ അതിനെ പല കഥകളാക്കി. നമ്മൾ എന്ത് പറഞ്ഞാലും അതിനെ മനസ്സിലാക്കുന്നവരുമുണ്ട്, ജഡ്ജ് ചെയ്യുന്നവരുമുണ്ട്. അങ്ങനെ ആലോചിച്ചിരുന്നാൽ വാ തുറക്കാൻ പറ്റില്ല'
'ചില നല്ല റെസ്റ്റോറന്റുകളിൽ പോവുമ്പോൾ നല്ല ഭക്ഷണം കണ്ടാൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിടും. നോമ്പ് സമയമാണ്. അതിലൊരാൾ എനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജയച്ചു. നാണമില്ലേ, ഇത്രയും ആളുകൾ വിശന്ന് നോമ്പെടുത്തിരിക്കുമ്പോൾ ഒരുളുപ്പുമില്ലാതെ ഭക്ഷണത്തിന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞ്. എന്ത് മറുപടി പറയണമെന്നറിയില്ല'

'ഞാനതിന് മറുപടി പറഞ്ഞുമില്ല. രണ്ട് മിനുട്ട് എന്റെ കിളി പോയി. ആൾക്കാരുടെ ചിന്ത പോവുന്നതാണ് ആലോചിച്ചത്. ഈ ഫോട്ടോ കണ്ടപ്പോൾ അയാളുടെ തലയിൽ ഇതാണല്ലോ വന്നതെന്നായിരുന്നു എന്റെ ചിന്ത. പല കാര്യങ്ങളിലും അങ്ങനെയുണ്ട്. ഡ്രസ് ഇടുമ്പോഴും കമന്റുകൾ വരും,' ആര്യ പറഞ്ഞു.
ബിഗ് ബോസിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും ആര്യ സംസാരിച്ചു. 'ബിഗ് ബോസിൽ പോവേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ പോയതിൽ പശ്ചാത്താപം ഇല്ല. പക്ഷെ വേണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുഞ്ഞിനെയൊക്കെ പറയുമ്പോൾ തോന്നാറുണ്ട്, പണ്ടാരം ഇതിനേക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണെന്ന്. ബിഗ് ബോസ് എന്ന് ആലോചിക്കുമ്പോൾ ഒരു ട്രോമയാണ്'
'ആകെപ്പാടെ ബിഗ് ബോസ് കൊണ്ടുണ്ടായ നല്ല കാര്യമെന്നത് സുഹൃത്തുക്കളെ കിട്ടിയെന്നാണ്. എന്റെ സീസണിൽ വന്നരിൽ വലിയ കമ്മ്യൂണിക്കേഷനില്ലാത്ത ആൾക്കാരും ഉണ്ട്. പക്ഷെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി ചിലരെ ബിഗ് ബോസ് വീട്ടിൽ നിന്ന് കിട്ടി. പിന്നെ അത്യാവശ്യം നല്ല കാശ് കിട്ടി. അതുകൊണ്ട് വണ്ടിയുടെ ലോണാെക്കെ അടച്ച് പോയി,' ആര്യ പറഞ്ഞു. അടുത്തിയെയാണ് ആര്യ കാഞ്ചീവരം സാരികളുടെ ഷോപ്പ് തുറന്ന് ബിസിനസ് രംഗത്തേക്ക് കടന്നത്.


Click it and Unblock the Notifications











