'കൈയ്യിലെ വാച്ചും മൊബൈൽ ഫോണും വരെ വിൽക്കേണ്ടി വന്നു, അന്ന് ആദ്യ ഭാര്യയും മകളുമാണ് ഉണ്ടായിരുന്നത്'; ബഷീർ ബഷി!
സോഷ്യൽമീഡിയയിൽ വളരെ സജീവമായിട്ടുള്ള കുടുംബമാണ് ബിഗ് ബോസ് സീസൺ വൺ മത്സരാർഥി കൂടിയായിരുന്ന ബഷീർ ബഷിയുടേത്. ഇപ്പോഴും ഇടതടവില്ലാതെ തന്റെ വിശേഷങ്ങളും വീഡിയോകളും ബഷീർ ബഷി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. വളരെ താഴെക്കിടയിൽ നിന്നാണ് ബിസിനസുകാരനും സോഷ്യൽമീഡിയ ഇന്റഫ്ലൂവൻസറുമായി ബഷീർ ബഷി എത്തിയത്.
ഒന്നും ആരും കൈയ്യിൽ കൊണ്ട് വെച്ച് തന്നതല്ലെന്നും നന്നായി അധ്വാനിച്ച് ഉണ്ടാക്കിയതാണെന്നുമാണ് തന്റെ ലൈഫ് സ്റ്റൈലിനെ പുച്ഛിക്കുന്നവർക്ക് മറുപടിയായി ബഷീർ ബഷി പറയാറുള്ളത്. ഇന്ന് നിരവധി ബിസിനസുകളും മെച്ചപ്പെട്ട ജീവിതവും ബഷീറിനുണ്ട്. അടുത്തിടെയാണ് ബഷീറിന്റെ യുട്യൂബ് ചാനലിന് പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചത്. അടുത്തിടെ സ്ത്രീകളുടെ വസ്ത്രങ്ങളുടെ ഒരു ഓൺലൈൻ ഷോപ്പും ബഷീർ ആരംഭിച്ചിരുന്നു.

രണ്ട് ഭാര്യമാരുണ്ട് എന്നതാണ് പലരും ബഷീറിന്റെ നേട്ടങ്ങളെ അംഗീകരിക്കാനുള്ള വലിയ പോരായ്മയായി പലപ്പോഴും ചൂണ്ടികാട്ടുന്നത്. ആദ്യ ഭാര്യ സുഹാനയുമായുള്ള വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാര്യ മഷൂറയെ ബഷീർ ജീവിതത്തിലേക്ക് കൂട്ടിയത്. നാല് വർഷം മുമ്പായിരുന്നു വിവാഹം.
ആദ്യ ഭാര്യ സുഹാനയുമായും ബഷീറിന്റേത് പ്രണയ വിവാഹമായിരുന്നു. ക്രിസ്ത്യൻ ആയിരുന്ന സുഹാന ബഷീറിനെ പ്രണയിച്ച് തുടങ്ങിയതോടെ മതം മാറി. ആദ്യ ഭാര്യയിൽ രണ്ട് മക്കളാണ് ബഷീറിനുള്ളത്. രണ്ട് ഭാര്യമാരും അവരുടെ മക്കളുമായി ബഷീർ ഒരു വീട്ടിൽ താമസിക്കുന്നതും എല്ലാവർക്കും അത്ഭുതമാണ്.
തന്റെ കുടുംബമാണ് തനിക്കെല്ലാമെന്നും ഒരിക്കലും പുറത്ത് നിന്ന് വരുന്നൊരു കമന്റിനോ വീഡിയോയ്ക്കോ വ്യക്തിക്കോ തങ്ങളുടെ കുടുംബത്തെ പിരിക്കാനാവില്ലെന്നും ബഷീർ ബഷി പറയാറുണ്ട്. അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറയിൽ ഒരു ആൺകുഞ്ഞ് ബഷീറിന് പിറന്നത്. മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
കുഞ്ഞ് പിറന്ന ഉടൻ തന്നെ സോഷ്യൽമീഡിയ പേജുകളും യുട്യൂബ് ചാനലും ആരംഭിച്ച് ദിവസങ്ങൾ പിന്നിടും മുമ്പ് സിൽവർ പ്ലെ ബട്ടണും ബഷീറിന് ലഭിച്ചിരുന്നു. വീട്ടിലെ അംഗങ്ങൾക്കെല്ലാവർക്കും കൂടി ആറോളം യുട്യൂബ് ചാനലുകളാണ് ഉള്ളത്.

ഇന്ന് കാണുന്ന ലക്ഷ്വറി ലൈഫിന് മുമ്പ് തനിക്ക് കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു കഴിഞ്ഞ കാലമുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. കയ്യിലെ വാച്ചും മൊബൈൽ ഫോണും വരെ വിറ്റിട്ടാണ് നിത്യ ചിലവിന് പണം കണ്ടെത്തിയതെന്നും അന്ന് ആദ്യ ഭാര്യയും മകളുമാണ് കൂടെ ഉണ്ടായിരുന്നതെന്നും ബഷീർ വെളിപ്പെടുത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ നിന്നുമുള്ള വരുമാനവും ബിസിനസ് വഴിയുള്ള സമ്പാദ്യവും ഒക്കെ ചേർത്ത് അടിച്ചു പൊളിച്ച് ജീവിക്കുന്ന ബഷീർ ബഷിയെയാണ് പുറം ലോകം കാണുന്നത്. എന്നാൽ ജീവിക്കാൻ നിവർത്തിയില്ലാതിരുന്ന കാലം ഉണ്ടായിരുന്നുവെന്നാണ് ബഷീർ ബഷി പറയുന്നത്. അന്ന് കുടുംബത്തിൽ ഇത്രയും അംഗങ്ങൾ ഇല്ല. ആദ്യഭാര്യ സോനുവും മൂത്ത മകളും മാത്രമുണ്ടായിരുന്ന നാളുകളിലാണ് അങ്ങനെ ജീവിച്ചത് ബഷീർ ബഷി പറഞ്ഞു.
മകൾ അന്ന് പിഞ്ചുകുഞ്ഞാണ്. രണ്ട് മാസത്തോളം ഡിപ്രഷൻ അനുഭവിച്ചു. കൈയ്യിലെ വാച്ചും മൊബൈൽ ഫോണും വരെ വിൽക്കേണ്ടി വന്നു. അതൊന്നും മറ്റുള്ളവരെ അറിയിച്ചിട്ടില്ല. ഇന്ന് ബിഎംഡബ്ല്യു, ഥാർ, രണ്ട് വീട്, വസ്തുവകകൾ എന്ന നിലയിൽ കാര്യങ്ങൾ മാറി. കഷ്‌ടപ്പെട്ടിട്ടുള്ള കാലമുണ്ട്. അപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല ബഷീർ പറയുന്നു.
വളരെ കുറച്ച് നാളുകളെയായിട്ടുള്ളു ബഷീർ ബഷിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട്. തന്റെ രണ്ട് ഭാര്യമാരേയും വളരെ നല്ല രീതിയിലാണ് താൻ നോക്കുന്നതെന്നും അതുകൊണ്ട് തന്നെ കാര്യങ്ങൾ വിലയിരുത്താൻ പുറത്ത് നിന്ന് ആളുകൾ വരേണ്ടതില്ലെന്നുമാണ് ബഷീർ പറയാറുള്ളത്.


Click it and Unblock the Notifications











