അവള്‍ മിസിസ് റോബിന്‍ അല്ല! അങ്ങനെ വിശേഷിപ്പിക്കേണ്ടതില്ല, ആരതിയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്‍ പറഞ്ഞത്
ബിഗ് ബോസ് മലയാളത്തിലൂടെ ഏറ്റവും ജനപ്രിയനായ മാറിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഡോക്ടര്‍ കൂടിയായ റോബിന്‍ നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു. ഷോ യില്‍ നിന്നും റോബിനെ പുറത്താക്കുകയായിരുന്നു. എങ്കിലും പുറത്ത് വലിയ ജനപിന്തുണ നേടിയിരുന്നു. ഉദ്ഘാടനങ്ങളും മറ്റുമായി കേരളത്തിലുടനീളം റോബിന്‍ പോയി. ഒപ്പം വിദേശത്തും സജീവമായിരുന്നു.
ഇതിനിടെ നടിയും ബിസിനസുകാരിയുമായ ആരതി പൊടിയുമായി റോബിന്‍ ഇഷ്ടത്തിലായി. ഇരുവരുടെയും വിവാഹം അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്. വിവാഹത്തീയ്യതി വരെ പ്രഖ്യാപിച്ചതിന് ശേഷം റോബിനും ആരതിയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ കഥകള്‍ വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇരുവരുടെയും പ്രവൃത്തികള്‍ കണ്ടാണ് അത്തരത്തിലുള്ള അഭ്യൂഹം പ്രചരിച്ചത്.

എന്നാല്‍ ആരോപണങ്ങളെല്ലാം കാറ്റില്‍ പറത്തി പുതിയ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ് താരം. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ വിശേഷങ്ങളൊക്കെ റോബിന്‍ പങ്കുവെച്ചിരിക്കുന്നത്.
മാത്രമല്ല ആരതിയും റോബിനൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവിടേക്ക് വരാന്‍ രാവിലെ ആറുമണിയ്ക്ക് മുന്‍പ് റെഡിയായി തന്റെ അടുത്ത് വന്ന ആളാണ് ആരതിയെന്നും തനിക്ക് വേണ്ടി അത്രത്തോളം എഫേര്‍ട്ട് അവള്‍ ഇടുന്നുണ്ടെന്നും റോബിന്‍ പറയുന്നു.
ആരതി വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റിയാണ് ആദ്യ ചോദ്യം. 'ബിഗ് ബോസിന് മുന്‍പ് പല പരിപാടികളിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാന്‍. ആ സമയത്ത് അലറി സംസാരിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. എന്നോട് ആരതി ആവശ്യപ്പെട്ടതും പതിയെ സംസാരിക്കാനാണ്. ചേട്ടാ ആലോചിച്ചിട്ട് മാത്രം സംസാരിക്കൂ എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.

അതുപോലെ ബിഗ് ബോസിന് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാം ഞാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി എന്നെപ്പറ്റി വിവാദങ്ങള്‍ ഒന്നുമില്ല. അതിന് കാരണം അഭിമുഖങ്ങളില്‍ ഞാന്‍ കാര്യമായ കണ്ടന്റ് ഒന്നും കൊടുക്കാത്തത് കൊണ്ടാണ്. ഇനി പൊതുസ്ഥലത്ത് പോയി അലറി വിളിക്കത്തില്ലെന്നും ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ നല്ലൊരു വ്യക്തിയായി നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊക്കെ കാരണം പൊടിയാണെന്നും റോബിന്‍ പറയുന്നു.
ആരതിയെ 'മിസിസ് റോബിന്‍' എന്ന് വിശേഷിപ്പിച്ചതിനെതിരെയും താരം സംസാരിച്ചു. അവളെ ആരതി പൊടി എന്ന് പറഞ്ഞാല്‍ മതി. മിസ്സിസ് റോബിന്‍ അല്ല. ഞാന്‍ വരുന്നതിനു മുന്‍പേ സിനിമകളില്‍ അഭിനയിക്കുകയും ബിസിനസ് ഒക്കെ ചെയ്ത് നിന്നിട്ടുള്ള ആളാണ്. അവളെ റോബിന്റെ പേര് പറഞ്ഞ് വിശേഷിപ്പിക്കേണ്ടതില്ലെന്നും അവള്‍ മിസ് ആരതി പൊടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications