സ്റ്റേജ് ത്രീ സ്തനാര്‍ബുദമാണ്, ചികിത്സ ആരംഭിച്ചു; ഞെട്ടിച്ച് ഹിന ഖാന്റെ വെളിപ്പെടുത്തല്‍; വേദനയോടെ ആരാധകര്‍
ടെലിവിഷന്‍ ലോകത്തെ മിന്നും താരമാണ് ഹിന ഖാന്‍. യേ രിഷ്താ ക്യാ കെഹ്ലാത്താ ഹേ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ടെലിവഷന്‍ മേഖലയിലെ സൂപ്പര്‍ താരമായി മാറി ഈ ഷോയിലൂടെ ഹിന ഖാന്‍. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായിരുന്നു ഹിന. പിന്നാലെയാണ് താരം ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസിലൂടെ ഹിന വീണ്ടും ഉയരങ്ങള്‍ കീഴടക്കി.
പിന്നാലെ താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. പോയ വര്‍ഷം കാനില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഹിന എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ഹിന ഖാന്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിക്കുന്നൊരു സങ്കട വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ഹിന ഖാന്‍.

തനിക്ക് സ്തനാര്‍ബുദമാണെന്നാണ് ഹിന ഖാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ചികിത്സ ആരംഭിച്ചെന്നും താന്‍ കരുത്തയായി തിരികെ വരുമെന്നും ഹിന കുറിപ്പില്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
''കുറച്ച് നാളുകളായി പ്രചരിക്കുന്ന ഒരു കിംവദന്തിയെക്കുറിച്ച്. എല്ലാ ഹീനാഹോളിക്‌സിനോടും എന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന എല്ലാവരോടുമായി പ്രധാനപ്പെട്ടൊരു വാര്‍ത്ത പങ്കുവെക്കാനുണ്ട്. എനിക്ക് സ്റ്റേജ് ത്രീ സ്തനാര്‍ബുദമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വെല്ലുവിളി നിറഞ്ഞ ഈ സ്ഥിരീകരണത്തിലും ഞാന്‍ നന്നായിരിക്കുന്നുവെന്ന് അറിയിക്കുന്നു''.
'ഞാന്‍ കരുത്തയാണ്. ഡിറ്റര്‍മൈന്ഡ് ആണ്. ഈ രോഗത്തെ മറി കടക്കുന്നതില്‍ പൂര്‍ണമായും കമ്മിറ്റഡ് ആണ്. എന്റെ ചികിത്സ ആരംഭിച്ചിരിക്കുന്നു. ഇതില്‍ നിന്നും കൂടുതല്‍ കരുത്തയായി ഉയര്‍ന്നു വരാന്‍ എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. ഈ സമയത്ത് നിങ്ങളോടൊല്ലാവരോടും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്''.
''ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരും ശ്രദ്ധയോടെ, ദൃഢനിശ്ചയത്തോടെ, പോസിറ്റീവായിരിക്കുകയാണ്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഈ വെല്ലുവിളിയെ അതീജിവിച്ച് പൂര്‍ണ ആരോഗ്യവതിയായി മാറാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹവും സ്‌നേഹവും അയക്കുക. സ്‌നേഹത്തോടെ ഹിന''. എന്നു പറഞ്ഞാണ് ഹിന കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഹിനയുടെ സുഹൃത്തുക്കളും ആരാധകരും സഹതാരങ്ങളുമെല്ലാം ക്മന്റുമായി എത്തിയിട്ടുണ്ട്. നടിമാരായ രശ്മി ദേശായി, അങ്കിത ലോഖണ്ഡെ, ശ്രദ്ധ ആര്യ എന്നിവരും നടന്മാരായ രോഹന്‍ മെഹ്‌റ, ആമിര്‍ അലി തുടങ്ങിയവരും കമന്റിലൂടെ താരത്തിന് പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. ''നീ എന്നും കരുത്തയായിരുന്നു. നിനക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'' എന്നായിരുന്നു രശ്മി ദേശായി കുറിചത്. ''നീ രോഗത്തേക്കാള്‍ കുരത്തയാണ് ഹിന, സ്‌നേഹവും കരുത്തും അയക്കുന്നു'' എന്നായിരുന്നു അങ്കിതയുടെ പ്രതികരണം.
യേ രിഷ്ത ക്യാ കെഹ്ലാത്താ ഹേയിലൂടെയാണ് ഹിന താരമാകുന്നത്. പിന്നാലെ താരം ബിഗ് ബോസ് സീസണ്‍ 11 ല്‍ മത്സരാര്‍ത്ഥിയായി എത്തി തുടര്‍ന്ന് കസൗട്ടി സിന്ദഗി കെ, നാഗിന്‍ 5 എന്നീ ജനപ്രീയ പരമ്പരകളിലും അഭിനയിച്ച് കയ്യടി നേടിയിരുന്നു. ടെലിവിഷന്‍ പരമ്പരകള്‍ക്കും സിനിമകള്‍ക്കും പുറമെ സീരീസുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഹിന.


Click it and Unblock the Notifications