ഡിവോഴ്സിന് താൽപര്യം ഇല്ല; ഇനി ആരും വന്നില്ലെങ്കിലും കുഴപ്പമില്ല; ബിഗ് ബോസിന് ശേഷമുള്ള ജീവിതം; ഒവിയ
ബിഗ് ബോസ് ഷോയിലൂടെ മിക്ക ഭാഷകളിലും ചില മത്സരാർത്ഥികൾ താരങ്ങളായി മാറാറുണ്ട്. മലയാളത്തിൽ റോബിൻ രാധാകൃഷ്ണൻ, റിയാല് സലിം, റിനോഷ് ജോർജ് തുടങ്ങി നിരവധി താരങ്ങൾ ബിഗ് ബോസിൽ നിന്നും ഉയർന്ന് വന്നു. തമിഴ് ബിഗ് ബോസിലൂടെ വൻ ജനപ്രീതി നേടിയ താരമാണ് ഒവിയ ഹെലൻ. ഷോയുടെ ഒന്നാം സീസണിലാണ് ഒവിയ മത്സരാർത്ഥിയായി എത്തിയത്. ഷോയിലൂടെ തമിഴകമാെട്ടുക്കും ഒവിയ ആരാധകരെ സഷ്ടിച്ചു.
ഒവിയ ആർമി സോഷ്യൽ മീഡിയയിൽ തരംഗമായി. എന്നാൽ പിന്നീട് ഈ ആരവങ്ങളെല്ലാം അവസാനിച്ചു. ഒവിയ ലൈം ലൈറ്റിൽ നിന്നും മാറി തന്റെ സ്വകാര്യ ജീവിതത്തിന് ശ്രദ്ധ നൽകി. ലിറ്റിൽ ടോക്സ് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒവിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ഷോയിലൂടെ തനിക്ക് വലിയ ജനസ്വീകര്യത ലഭിച്ചെന്ന് ഒവിയ ചൂണ്ടിക്കാട്ടി. ആ സമയം വളരെ ആസ്വദിച്ചു. ഒരുപാട് പേർ വന്ന് സ്നേഹത്തോടെ സംസാരിച്ചു.

അതൊക്കെ ജീവിതത്തിൽ ഒരിക്കൽ വരുന്ന അനുഭവങ്ങളാണ്. അതിൽ കൂടുതൽ ഒന്നും ഞാനും ആഗ്രഹിച്ചിരുന്നില്ല. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോയാണ്. അതിൽ കൂടുതൽ ഒന്നുമില്ല. സിനിമാ ലോകവുമായി ഷോയ്ക്ക് ബന്ധമൊന്നുമില്ല. സിനിമാ താരമാകണമെന്ന് ആഗ്രഹിച്ച് ബിഗ് ബോസിൽ പോകുന്നത് നല്ല തീരുമാനമാണെന്ന് തോന്നുന്നില്ലെന്നും ഒവിയ തുറന്ന് പറഞ്ഞു.
അഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ മറ്റ് ചോദ്യങ്ങൾക്കും ഒവിയ മറുപടി നൽകി. ലിവിംഗ് ടുഗെദറിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ന് ഒന്നിലും തനിക്ക് വിശ്വാസമില്ലെന്നാണ് ചിരിച്ച് കൊണ്ട് ഒവിയ നൽകിയ മറുപടി. ഓരോരുത്തരുടെയും ചോയ്സ് ആണ്. സാഹചര്യവും ഒപ്പം നിങ്ങൾക്കത് കംഫർട്ടബിൾ ആണോയെന്നും നോക്കണം. ഒരു ഗ്രാമത്തിൽ പോയി ഞാൻ ലിവ് ഇൻ ബന്ധത്തിലാണ്, ഇതാണ് എന്റെ കാമുകി എന്ന് പറഞ്ഞാൽ ആ അന്തരീക്ഷത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ഒവിയ ചൂണ്ടിക്കാട്ടി.

അടുത്തിടെ കരഞ്ഞത് എന്തിനാണെന്നും ഒവിയ തുറന്ന് പറഞ്ഞു. എന്റെ വളർത്ത് നായ മരിച്ചു. 12 വർഷം എന്റെ കൂടെയുണ്ടായിരുന്നു. കുഞ്ഞിനെ പോലെയാണ് നോക്കിയത്. രണ്ട് മാസം മുമ്പാണ് അവൻ വിടപറഞ്ഞത്. ഒരു മാസത്തോളം താൻ ഡിപ്രസ്ഡ് ആയി. ഇപ്പോൾ കുഴപ്പമില്ലെന്നും ഒവിയ വ്യക്തമാക്കി.
ഫാഷനിലൊന്നും ഇപ്പോൾ അധികം ശ്രദ്ധ നൽകാറില്ലെന്നും ഒവിയ തുറന്ന് പറഞ്ഞു. മറ്റുള്ളവരെ ഇംപ്രസ് ചെയ്യാൻ വേണ്ടി അധികമായൊന്നും ചെയ്യേണ്ടതില്ല. കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കുക. പക്ഷെ സാരിയായാലും ബിക്കിനിയായാലും ധരിക്കുന്ന വസ്ത്രങ്ങളിൽ ആത്മവിശ്വാസം വേണമെന്നും താരം വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വരുന്നുണ്ട്. പക്ഷെ ഇപ്പോൾ അതേക്കുറിച്ച് ആലോചിക്കുന്നില്ല. വിവാഹം ചെയ്ത് മറ്റൊരാളെ പ്രശ്നത്തിലാക്കാൻ ഞാനില്ല.
ഡിവോഴ്സിലേക്കൊന്നും പോകാൻ താൽപര്യമില്ല. വിവാഹത്തിലേക്ക് കടക്കാൻ ഇപ്പോൾ ആത്മവിശ്വാസം ഇല്ല. സ്വയം സ്നേഹിക്കുന്നു. നല്ല രീതിയിലാണ് ജീവിതമിപ്പോൾ മുന്നോട്ട് പോകുന്നത്. ബോയ് ഫ്രണ്ട് വേണമൊന്നൊക്കെ ഒരു പ്രായത്തിൽ തോന്നും. പക്ഷെ ഇപ്പോൾ അത്തരം തോന്നലുകളൊന്നും ഇല്ല. ഒരു കംഫർട്ട് സോൺ വന്നു. അതിലേക്ക് ആരും വന്നിട്ടില്ല, വന്നാൽ നല്ലതാണ്. വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും ഒവിയ വ്യക്തമാക്കി.
ബിഗ് ബോസിൽ സഹമത്സരാർത്ഥിയായിരുന്ന ആരവുമായി ഒവിയ പ്രണയത്തിലായിരുന്നു. എന്നാൽ ഏറെ നാൾ ഈ ബന്ധം നീണ്ട് നിന്നില്ല. രണ്ട് പേരും പിരിഞ്ഞു. 2020 ൽ ആരവ് മറ്റൊരു വിവാഹവും ചെയ്തു.


Click it and Unblock the Notifications











