മേക്കപ്പ് ഇടുന്ന പെണ്‍കുട്ടികള്‍ വേശ്യ ആണെന്ന് പറഞ്ഞ ആളുകളുണ്ട്! ഞാനിങ്ങനെ നടന്നാല്‍ ആർക്കാണ് കുഴപ്പം; റിയാസ്
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് റിയാസ് സലിം. വൈല്‍ഡ് കാര്‍ഡായി മത്സരത്തില്‍ പ്രവേശിച്ച റിയാസ് വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രശംസ നേടുന്നത്. മത്സരത്തില്‍ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും വിന്നറാവാതെ ഫൈനലില്‍ നിന്നും പുറത്ത് പോയി.
എന്നാല്‍ ബിഗ് ബോസിന് ശേഷം റിയാസിന് വ്യാപകമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. മേക്കപ്പിട്ടും തിളങ്ങുന്ന വസ്ത്രങ്ങളുമായി പ്രത്യക്ഷപ്പെടുന്നതിന്റെ പേരിലാണ് താരം പരിഹാസങ്ങള്‍ ഏറ്റുവാങ്ങാറുള്ളത്. ഇതൊക്കെ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ്.

മുന്‍പൊക്കെ പെണ്‍കുട്ടികള്‍ മേക്കപ്പ് ഇട്ടാല്‍ അവര്‍ വേശ്യ ആണെന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ആണുങ്ങള്‍ക്ക് മേക്കപ്പ് ഇടാമെന്ന് പറയുമ്പോള്‍ ചില പാപ്പരാസി വീഡിയോകള്‍ വരും. വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയില്‍ വീഡിയോ വരുന്നതിന്റെ കാരണമായി എനിക്ക് മനസ്സിലായത് പറയാം. ആളുകള്‍ എന്നെ വല്ലാതെ വെറുക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ചിലര്‍ എന്നെ സ്‌നേഹിക്കുന്നതാണ് അവര്‍ക്ക് ഇഷ്ടപ്പെടാത്തത്.
ഇങ്ങനെയുള്ള ഒരുത്തനെ എന്തിനാണ് ഇഷ്ടപ്പെടുന്നത് എന്നാണ് അവരുടെ മനസ്സിലേക്ക് പോകുന്ന ചോദ്യം. ഞാനൊരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വരുന്നതോ, എന്നെ മനുഷ്യന്മാര്‍ ഇഷ്ടപ്പെടുന്നത് എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറല്‍ ആവുന്നതോ, എന്റെ പുറകെ ആളുകള്‍ നടക്കുന്നതോ ഒന്നും ചിലര്‍ക്ക് ഇഷ്ടമില്ല. ഇവനെ പോലെയുള്ളവരുടെയൊക്കെ പുറകെ എന്തിനാണ് നടക്കുന്നത് എന്നൊക്കെയാണ് ചോദിക്കുന്നത്.

എന്റെ സാന്നിധ്യം ഇവരെ എന്തിനാണ് ഇങ്ങനെ ഭയപ്പെടുത്തുന്നത്? ഞാന്‍ ഇങ്ങനെ മേക്കപ്പ് ചെയ്യുന്നതും കയ്യില്‍ ബാഗ് പിടിക്കുന്നതും ഷൈനിങ് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നതും ആണോ അവരുടെ പ്രശ്‌നം? ഞാന്‍ മേക്കപ്പ് ഇടുന്നത് എന്റെ പണം കൊണ്ടാണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം. ഞാന്‍ ആരോടും നിങ്ങളിങ്ങനെ ജീവിതത്തിലാവണമെന്ന് അഭിപ്രായം പറയാറില്ല.
ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ നല്ലതാണെങ്കില്‍ അത് നല്ലതാണെന്ന് പറഞ്ഞൂടേ, എന്നെ എല്ലാവരും സ്‌നേഹിക്കണം എന്നൊന്നുമല്ല ഞാന്‍ പറഞ്ഞത്. കാരണം എല്ലാവരുടെയും സ്‌നേഹം എനിക്കിതുവരെ കിട്ടിയിട്ടുമില്ല. ഞാന്‍ വളര്‍ന്ന് വന്ന ചെറിയ സെര്‍ക്കിളുകളില്‍ നിന്ന് പോലും സ്‌നേഹവും ചേര്‍ത്ത് പിടിക്കലും കിട്ടിയിട്ടില്ല. ഞാനൊരിക്കലും അത് ആഗ്രഹിക്കുന്നുമില്ല. എന്നെ ഇഷ്ടമുള്ളവര്‍ മാത്രം ഇഷ്ടപ്പെട്ടാല്‍ മതി. പക്ഷേ എന്തിനാണ് ആവശ്യമില്ലാതെ വെറുപ്പ് പ്രചരിപ്പിക്കുന്നത്.


Click it and Unblock the Notifications