റിയാസിനെ ചേർത്തു പിടിച്ച് റോൺസൺ, വയനാട്ടിൽ ഒത്തൊരുമിച്ച് ബിഗ് ബോസ് താരങ്ങൾ
ബിഗ് ബോസ് സീസൺ നാല് ഒരുപാട് നാടകീയതകൾക്കൊടുവിൽ അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികളുടെ വിശേഷങ്ങൾക്ക് ഇതുവരെ അവസാനമായിട്ടില്ല. ഹൗസിലെ വാക്ക് തർക്കവും പ്രണയവുമൊക്കെ ചർച്ചയായത് പോലെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒന്നാണ് മത്സരാർത്ഥികൾ തമ്മിലെ സൗഹൃദം. ബിഗ് ബോസിന് ശേഷം ചില സൗഹൃദങ്ങൾക്ക് മങ്ങലേറ്റെങ്കിലും ചില സൗഹൃദങ്ങളും ഇപ്പോഴും അതേ രീതിയിൽ നിലനിൽക്കുന്നുണ്ട്.
അത്തരത്തിലൊരു സൗഹൃദമായിരുന്നു റിയാസിൻ്റെയും റോൺസൻ്റെയും. ഇരുവരും ഉറ്റ ചങ്ങാതിമാരെ പോലെയായിരുന്നു ബിഗ് ബോസ് വീട്ടിലും. ആ സൗഹൃദം വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അതുപോലെ തന്നെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. ഇവർ മാത്രമല്ല, ജാസ്മിനും നിമിഷയും ഉൾപ്പടെയുള്ള ഒരു സൗഹൃദ ഗ്യാങ്ങാണ് ഇവരുടേത്. ഇപ്പോഴിതാ ഇവരെല്ലാം വയനാട്ടിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ്.

വയനാട്ടിലേക്ക് ട്രിപ്പ് പോകാനുള്ള തുടക്കത്തിൽ ആദ്യം കണ്ടുമുട്ടിയത് റോൺസണും റിയാസുമാണ്. റിയാസിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങളും റോൺസൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വയനാട്ടിലേക്ക് ട്രിപ്പ് പോകുകയാണെന്നും അവിടെ വെച്ച് ഞങ്ങളുടെ ഗ്യാങ്ങിനെ കാണുമെന്നും റോൺസൺ പറഞ്ഞിരുന്നു. ഇപ്പോഴിതാ വയനാട്ടിലെത്തിയ ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങൾ അവരുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ബിഗ് ബോസിൻ്റെ തുടക്കത്തിൽ എത്തിയ മത്സരാർത്ഥികളിൽ എല്ലാവർക്കും പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാർഥിയായിരുന്നു റോൺസൺ. പക്ഷെ ഒരോ ദിവസം കഴിയുന്തോറും റോൺസണിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഇല്ലാതെയായി. ഒന്നിലും അഭിപ്രായം പറയാതെ ഒതുങ്ങി കൂടുകയായിരുന്നു റോൺസൺ. അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും റോൺസൺ കേൾക്കേണ്ടി വന്നിട്ടുണ്ട്.

ബിഗ് ബോസിനകത്ത് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് സൗഹൃദ ഗ്യാങ് രൂപപ്പെട്ടത്. വീടിനകത്തും അവിടെ നടക്കുന്ന പ്രശ്നങ്ങളിലും റോൺസൺ വലിയ രീതിയിൽ ഇടപ്പെട്ടില്ലെങ്കിലും റോൺസൺ എന്ന പച്ചയായ മനുഷ്യനെ പലരും മനസ്സിലാക്കിയിരുന്നു. ആദ്യം റോൺസണും വിനയുമായിരുന്നു ഹൗസിൽ വളരെ കൂട്ടായിരുന്നത്. 'ഒരു ചേട്ടനെപ്പോലെയാണ് റോൺസൺ. എന്ത് വിഷമം ഉണ്ടെങ്കിലും ധൈര്യമായി റോൺസൻ്റെ അടുക്കലേക്ക് പോകാം', എന്നും വിനയ് പറഞ്ഞിട്ടുണ്ട്.
വിനയ് പോയ ശേഷമാണ് റിയാസും റോൺസണും വലിയ രീതിയിൽ അടുക്കുന്നത്. റിയാസിന് ഹൗസിനുള്ളിൽ വെച്ച് പിന്തുണ നൽകാനും വിഷമം വരുമ്പോൾ ഒരു താങ്ങായി നിൽക്കാനും റോൺസൺ ഉണ്ടായിരുന്നു. ബിഗ് ബോസ് ടൈറ്റിൽ റിയാസ് വിജയിക്കണമെന്ന് റോൺസൺ ഒരുപാട് ആഗ്രഹിച്ചിരുന്നു. റിയാസിന് വേണ്ടി പ്രേക്ഷകരോട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

'ഷോയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ എന്റെ കുടുംബം പറഞ്ഞു ഞാൻ രണ്ട് ദിവസം പോലും അതിജീവിക്കില്ലെന്ന്. ക്ഷുഭിതനും ഭക്ഷണപ്രിയനുമായ എനിക്ക് അധികനാൾ നിൽക്കാൻ കഴിയില്ലെന്ന് അവർ പ്രവചിച്ചു. അതുകൊണ്ട് എന്നെത്തന്നെ പരീക്ഷിക്കുന്നത് ഒരു വെല്ലുവിളിയായി ഞാൻ ഏറ്റെടുത്തു. എന്റെ മത്സരം വീടിനുള്ളിലെ 19 പേരോടല്ലായിരുന്നു. പുറത്തുള്ള 5 പേരോടായിരുന്നു. എന്നെ വെല്ലുവിളിച്ച എന്റെ കുടുംബത്തോടായിരുന്നു. ഞാൻ രണ്ട് ദിവസം ഹൗസിനുള്ളിൽ അതിജീവിച്ചപ്പോൾ തന്നെ ഞാൻ വിജയിയായി'.
'അതിനുശേഷമുള്ള ഏത് ദിവസവും പുറത്ത് പോകാൻ ഞാൻ തയ്യാറായിരുന്നു. സമാധാനം എന്നതായിരുന്നു ഹൗസിലെത്തിയപ്പോൾ മുതൽ ഞാൻ നൽകാൻ ഉദ്ദേശിച്ച എന്റെ സന്ദേശം,' റോൺസൺ മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











