'സാധാരണ ആളുകൾക്കിടയിൽ കോമാളിയായി നടക്കാനാണ് ഇഷ്ടം, ഉടുപ്പിൽ വരെ ദ്വാരം ഇട്ടിട്ടുണ്ട്'; ബിഗ് ബോസ് താരം ഫുക്രു!
സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധനേടിയ താരമാണ് ഫുക്രു. പിന്നാലെ ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയ ഫുക്രു ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം.
ബിഗ് ബോസ് തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ഇപ്പോൾ മൈക്കിന് മുന്നിൽ നിന്നും സംസാരിക്കാൻ ധൈര്യം ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ഷോയിൽ പങ്കെടുത്തതിനാലാണെന്നും ഫുക്രു പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ പോയ ശേഷം ഹേറ്റേഴ്സിനെ നിരവധി സമ്പാദിച്ചിട്ടുമുണ്ട് ഫുക്രു. ടിക്ക് ടോക്ക്, ജോഷ്, റീൽസ് എന്നിവയിലൂടെയാണ് ഫുക്രു തന്റെ ഫോളോവേഴ്സിനെ കൂട്ടിയത്.

സംവിധാനമാണ് ഇപ്പോൾ ഫുക്രുവിന്റെ ലക്ഷ്യം. അഭിനയിക്കാൻ അവസരം കിട്ടി ചെല്ലുമ്പോൾ പറ്റുന്നപോലെ സംവിധാനവും പഠിച്ചിട്ടാണ് ഫുക്രു തിരികെ വരാറുള്ളത്. ഇപ്പോഴിത തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് കൃഷ്ണ ജീവ് എന്ന ഫുക്രു ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
'എനിക്ക് ഒരു ആർഎക്സ് 100 ബൈക്കുണ്ടായിരുന്നു. അതിന്റെ രജിസ്ട്രേഷൻ കെആർയു എന്നാണ് തുടങ്ങിയത്. അതിന് മുമ്പിൽ രണ്ട് എഫ്, യു എന്നിവ ഞാൻ ചേർത്തതാണ്. നിൻ മൊഴി കേട്ടാൽ എന്ന് തുടങ്ങുന്ന പാട്ടിന് ഞാൻ ചെയ്ത റീലാണ് വൈറലായത്. അതിന് ശേഷമാണ് നോട്ടീസ് ചെയ്യപ്പെട്ട് തുടങ്ങിയത്' ഫുക്രു പറഞ്ഞു.
'പൂത്തുമ്പി... എന്ന് തുടങ്ങുന്ന എന്റെ റീൽസാണ് പലരുടേയും മനസിൽ പതിഞ്ഞത്. വീഡിയോ വൈറലായ സമയത്ത് ടിക്ക് ടോക്കിൽ എന്റെ അകൗണ്ട് സേർച്ച് ചെയ്താൽ കിട്ടില്ലായിരുന്നു. 4.2 മില്യൺ ഫോളോവേഴ്സുള്ളപ്പോഴാണ് ടിക്ക് ടോക്ക് ബാൻ ചെയ്യപ്പെട്ടത്. സോഷ്യൽമീഡിയ അല്ല ലൈഫെന്ന് എനിക്ക് അറിയാമായിരുന്നു. ബൈക്ക് റൈസ് ചെയ്യുമായിരുന്നു. കബടിയും ഗുസ്തിയും പഠിപ്പിക്കാൻ സ്കൂളിൽ പോയിട്ടുണ്ട്.'
'അതിൽ ഒരു സ്റ്റുഡന്റ് സ്റ്റേറ്റ് ലെവലിൽ വരെ പോയിട്ടുണ്ട്. ഞാനിപ്പോഴും ആളുകളുടെ ഇടയിൽ ഇറങ്ങി നടക്കാറുണ്ട്. നാട്ടിൽ ഞാൻ ചെന്നാലും പഴയ വൈബ് തന്നെയാണ്. കുഞ്ഞിലെ തൊട്ട് കാണുന്നതുകൊണ്ട് നാട്ടുകാർക്ക് എന്നെ കാണുമ്പോൾ ചെയ്ഞ്ച് തോന്നേണ്ട കാര്യമില്ലല്ലോ' ടിക്ക് ടോക്ക് ബാൻ ചെയ്യപ്പെട്ടപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി ഫുക്രു പറഞ്ഞു.

'പണ്ട് കുറ്റം പറഞ്ഞപോലെ തന്നെ തന്റെ നാട്ടുകാർ ഇപ്പോഴും കുറ്റം പറയാറുണ്ടെന്നും ഫുക്രു പറഞ്ഞു. അവർ അന്ന് പറയുന്ന കുറ്റം ഇപ്പോഴും എന്നെ കുറിച്ച് പറയാറുണ്ട്. ബിഗ് ബോസിൽ നിന്നും വന്ന ശേഷമാണ് ഹോം സിനിമയിൽ അവസരം കിട്ടിയത്. വിജയ് ബാബു ചേട്ടനാണ് വിളിച്ചത്. നിന്നെ ഞാൻ ആട് ത്രീയിൽ അഭിനയിപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വിളിച്ചത്.'
'പിന്നെ ആട് ത്രീ നീണ്ടപ്പോൾ ഹോമിൽ അവസരം കിട്ടി. ഇപ്പോൾ മൂന്ന്, നാല് പടം അടുപ്പിച്ച് ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്യണമെന്നതാണ് പ്ലാൻ. സാധാരണ ആളുകൾക്കിടയിൽ കോമാളിയായി നടക്കാനാണ് ഇഷ്ടം. ഉടുപ്പിൽ വരെ ദ്വാരം ഇട്ടിട്ടുണ്ട്. യുനീക്കായി തോന്നണമെന്ന് ചിന്തിക്കാറുണ്ട്' ഫുക്രു കൂട്ടിച്ചേർത്തു.
ഫുക്രു പങ്കെടുത്ത ബിഗ് ബോസ് സീസൺ 2വിൽ ഏറ്റവും കൂടുതൽ ജനപ്രീതി രജിത് കുമാറിനായിരുന്നു. പക്ഷെ ആ സീസണിന് ഫിനാലെയോ വിജയിയോ ഉണ്ടായിരുന്നില്ല. ഹൗസിലായിരുന്നപ്പോൾ ഫുക്രു ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയതും രജിത് കുമാറുമായിട്ടായിരുന്നു.
ഏറ്റവും അവസാനം ഫുക്രു അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ ഓ മൈ ഡാർലിങ് ആയിരുന്നു. ചിത്രത്തിൽ അനിഖ സുരേന്ദ്രനും മെൽവിനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











