'അഖിലിനെ വെറുക്കുന്നു, കാന്താരി ടൈപ്പ് പെൺകുട്ടിയാണ് ദേവു, ഫെമിനിസ്റ്റെന്ന് പറയാൻ യോഗ്യതയില്ല'; റിയാസ്
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇപ്പോൾ ഹൗസിൽ പതിനാല് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. പക്ഷെ സീസൺ ഫൈവിന് വലിയ ഓളമൊന്നും പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.
പല പ്രേക്ഷകരും ലൈവ് കാണുന്നത് തന്നെ അവസാനിപ്പിച്ചു. പ്രത്യേകിച്ച് നല്ല കണ്ടന്റോ എന്റർടൈൻമെന്റോ നൽകാൻ മത്സരാർഥികൾക്ക് സാധിക്കുന്നില്ലെന്നും ചിലപ്പോഴൊക്കെ എപ്പിസോഡുകൾ പോലും നിരാശ നൽകുന്നുവെന്നുമാണ് പ്രേക്ഷകർ പറയാറുള്ളത്.
നാലാം സീസണിന് വലിയ സ്വീകാര്യതയും റേറ്റിങും ലഭിച്ചത് റിയാസ് സലീം വൈൽഡ് കാർഡായി വന്നശേഷമാണ്. വീടും മത്സരാർഥികളുടെ മൊത്തം ഗെയിം പ്ലാനും റിയാസ് സലീം വന്നതോടെ അടിമുറി മാറി മറിഞ്ഞു.
അതുകൊണ്ട് തന്നെ നാൽപ്പതാം ദിവസം മുതൽ നൂറാം ദിവസം വരെ ഫുൾ ഓൺ ആയിരുന്നു മത്സരാർഥികളും പ്രേക്ഷകരും. അത്തരത്തിൽ റിയാസ് സലീമിനെപ്പോലൊരു വൈൽഡ് കാർഡിനെ കൊണ്ടുവന്നാൽ മാത്രമെ സീസൺ ഫൈവും കാണാൻ രസമുണ്ടാകുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

പക്ഷെ ഇതുവരേയും അത്തരത്തിലൊരു വൈൽഡ് കാർഡ് ഹൗസിലേക്ക് വന്നിട്ടില്ല. വന്നവർ പോലും തീരെ ആക്ടീവല്ല. അതേസമയം സീസൺ ഫൈവ് തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്നും മത്സരാർഥികളുടെ സെലക്ഷൻ ഒരു പരാജയമായാണ് തനിക്ക് തോന്നിയതെന്നും പറയുകയാണ് ബിഗ് ബോസ് താരം റിയാസ് സലീം.
മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസ് സലീം സീസൺ ഫൈവിെ കുറിച്ച് സംസാരിച്ചത്. 'ബിഗ് ബോസ് സീസൺ ഫോർ ഒന്നാമത്തെ ദിവസം മുതൽ നാൽപ്പതാമത്തെ ദിവസം വരെ വളരെ ബോറായിരുന്നു എന്നുള്ളത് സത്യമാണ്. പിന്നെ എനിക്ക് ഹൗസിലേക്ക് കയറാൻ പറ്റി.'
'എല്ലാവരേയും ആക്ടീവാക്കാൻ പറ്റി. എല്ലാവരുടേയും ഉള്ളിലുള്ളത് പുറത്ത് കൊണ്ടുവരാൻ പറ്റിയെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗെയിം ചെയ്ഞ്ചർ ടൈറ്റിൽ കിട്ടിയതിൽ സന്തോഷമുണ്ട്. ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുകയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. നടനാകണമെന്നതും വലിയ ആഗ്രഹമാണ്. അതിനുള്ള ശ്രമത്തിലാണ്.'
'ഹിന്ദി ബിഗ് ബോസിലുള്ളവർ ഇമേജ് കോൺഷ്യസ് അല്ല. മലയാളത്തിൽ കൂടുതലും നന്മമരം കളിക്കുന്നവർ. യഥാർഥ ജീവിതത്തിൽ പക്ഷെ അവർ അങ്ങനെയായിരിക്കില്ല. സീസൺ ഫൈവ് എന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു വീക്ക് കണ്ട് നിർത്തി. ഇടയ്ക്ക് എപ്പിസോഡ് കാണും.'

'ബിഗ് ബോസ് മലയാളത്തിന്റെ നിലവാരം കുറയുന്നു. മത്സരാർഥികളെ സെലക്ട് ചെയ്തതിൽ ഞാൻ തൃപ്തനല്ല. ബിഗ് ബോസിൽ പോയാൽ പിന്നെ ജീവിതകാലം മുഴുവൻ അത് നമ്മളെ ഒരു ലൂപ്പിലാക്കും. ബിഗ് ബോസ് സ്ക്രിപ്റ്റഡല്ല. പക്ഷെ മേക്കേഴ്സ് തീരുമാനിക്കും ആരെ നായകനാക്കണം ആരെ വില്ലനാക്കണം എന്നത്. റിനോഷിനെ എനിക്ക് ഇഷ്ടമാണ്. ചില കാര്യങ്ങൾ സംസാരിക്കുമ്പോൾ സെൻസുള്ളതായി തോന്നി.'
'പക്ഷെ ചില സമയത്ത് എനിക്ക് ഇഷ്ടപ്പെടാറില്ല. ഇപ്പോൾ നൈസായി നിന്ന് പിന്നെ റോക്ക് ചെയ്യാനായിരിക്കാം റിനോഷിന്റെ പ്ലാൻ. റിനോഷിനൊരു നല്ല പ്ലാനുണ്ടായിരിക്കാം. അതുപോലെ തന്നെ ഞാൻ വളരെ അധികം വെറുക്കുന്നയാളാണ് അഖിൽ മാരാർ. ഫിസിക്കലി വൈലന്റും അഗ്രസീവുമാണ്. സ്ത്രീവിരുദ്ധനാണ്. മറ്റുള്ളവരുടെ സ്ട്രഗിളിന് വില കൊടുക്കാത്തയാളാണ്.'
'ഭാര്യയെ അടിക്കുന്നത് അഭിമാനമായി ടെലിവിഷനിൽ വന്ന് അഖിൽ പറഞ്ഞു. ഒരോ സീസണിലും ഇതുപോലുള്ള ആളുകൾ സെലിബ്രേറ്റ് ചെയ്യപ്പെടാറുണ്ട്. സാബുമോൻ, രജിത്ത് കുമാർ എന്നിവരെല്ലാം അതിന് ഉദാഹരണമാണ്.'
'അതേ ട്രാക്ക് പിടിക്കുന്നതായിരിക്കാം അഖിൽ. ഏറ്റവും കൂടുതൽ ടോക്സിക്ക് വീഡിയോ ചെയ്ത ദേവു ഹൗസിനുള്ളിൽ ചെന്ന് താൻ ഫെമിനിസ്റ്റാണെന്ന് പറഞ്ഞു. ഒരിക്കലും അത് പറയാൻ ദേവുവിന് അർഹതയില്ല. കാന്താരി ടൈപ്പ് പെൺകുട്ടിയാണ് ദേവു. ദേവു ഹൗസിലുണ്ടാക്കിയ വഴക്കുകൾ പോലും ഫേക്കായാണ് എനിക്ക് തോന്നിയത്' റിയാസ് സലീം പറഞ്ഞു.


Click it and Unblock the Notifications