'ബിഗ് ബോസിൽ ഉപ്പില്ലാതെ കഞ്ഞി കുടിച്ച അനുഭവമുണ്ട് അതിനാൽ അരിക്കൊപ്പം ഉപ്പും വയനാടിനായി വാങ്ങികൊടുക്കുന്നു'
ഇന്നലെ വയനാട്ടിൽ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്നും പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായാണ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ കണക്കാക്കുന്നത്. മരണ സംഖ്യ ഉയരുകയാണ്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു.
ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്. വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 205 ആയി എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് 54 മൃതദേഹം കൂടി കണ്ടെടുത്തു.

ഉറ്റവരെയും ഉടയവരെയും വീടുമെല്ലാം നഷ്ടപ്പെട്ട് നൂറ് കണക്കിനാളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവനും മുറുകെ പിടിച്ച് കണ്ണീരോടെ കഴിയുന്നത്. വയനാടിനെ ദുരന്തത്തിൽ നിന്നും കരകയറ്റാൻ വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും അടക്കം പ്രമുഖരടക്കം സഹായങ്ങളുമായി എത്തിയിട്ടുണ്ട്. സിനിമാ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം സഹായപ്രവർത്തനങ്ങളിൽ സജീവമായുണ്ട്.
മമ്മൂട്ടി നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി സാലിയുടെ സി.പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിനായ് വയനാട്ടിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ സി.പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ദുരന്തനിവാരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്.
ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, ആവശ്യമായ പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്. അതേസമയം ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളികൾക്ക് സുപരിചിതനായ അഭിഷേക് ശ്രീകുമാറും തന്നാൽ കഴിയുന്ന വിധത്തിൽ വയനാടിനായുള്ള സഹായപ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
ആദ്യ പടിയായി അരിയും ഉപ്പുമെല്ലാമാണ് അഭിഷേക് വാങ്ങി നൽകിയത്. വയനാട്ടിലെ സാഹചര്യം അനുസരിച്ച് ഞാൻ കൊടുക്കുന്നത് ഒന്നുമാകില്ലെന്നറിയാം. പക്ഷെ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു. ബിഗ് ബോസ് ഹൗസിൽ ആദ്യം എത്തിയപ്പോൾ കഞ്ഞി ഉപ്പില്ലാതെ കുടിച്ച ഓർമ എനിക്കുണ്ട്. വളരെ പാടാണ് അങ്ങനെ കഞ്ഞി കുടിക്കാൻ. അതുകൊണ്ട് അരിയുടെ കൂടെ ഞാൻ ഉപ്പും വാങ്ങികൊടുക്കുന്നു.

വരുന്ന വഴി പല കലക്ഷൻ സെന്റേഴ്സും കണ്ടു. സന്തോഷം... മലയാളികൾ ഒറ്റകെട്ടായി ജാതി, മതം, രാഷ്ട്രിയം എന്നതെല്ലാം മാറ്റിവെച്ച് മനുഷ്യനുവേണ്ടി ഇറങ്ങി. ഞാനും മലയാളിയായതിൽ അഭിമാനിക്കുന്നുവെന്നാണ് വീഡിയോ പങ്കിട്ട് അഭിഷേക് കുറിച്ചത്. ബിഗ് ബോസിൽ അഭിഷേകിന്റെ സഹമത്സരാർത്ഥിയായിരുന്ന സായ് കൃഷ്ണൻ അടക്കമുള്ളവരും വയനാടിനായുള്ള സഹായപ്രവർത്തനങ്ങളിൽ സജീവമായുണ്ട്.
അഭിഷേകിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ എത്തി. അഭിഷേകിന്റെ ചുവടുപിടിച്ച് നിരവധി പേർ ഇത്തരത്തിൽ വയനാടിന് ഒരുപാട് സഹായങ്ങൾ നൽകാൻ ഇടയാകട്ടെ എന്നെല്ലാമാണ് കമന്റുകൾ. ദുരന്തത്തിൽ ഉൾപ്പെട്ട നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ പെട്ട് കിടക്കുകയാണ്. രക്ഷപ്പെടുത്തിയ നിരവധി പേർ ആശുപത്രികളിലും ക്യാമ്പുകളിലുമായി കഴിയുന്നുമുണ്ട്. ഇവർക്ക് വേണ്ടിയുള്ള അവശ്യസാധനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി കൊണ്ടിരിക്കുകയാണ്.
മുണ്ടക്കൈ എന്ന സ്ഥലം തന്നെ ഉരുൾപ്പൊട്ടലിൽ മാഞ്ഞുപോയ നിലയിലാണ്. എത്ര വലിയ ദുരന്തമായാലും വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങളും സഹായങ്ങളും എത്തിച്ച് നൽകുമെന്നുമാണ് മലയാളികൾ ഒന്നടങ്കം പറയുന്നതും പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കുന്നതും.


Click it and Unblock the Notifications