'ഭർത്താവിന് അപകടം സംഭവിച്ചപ്പോൾ ഒപ്പം നിന്നു, നാല് കൊല്ലത്തിന് ശേഷം ഒരു കൂടിക്കാഴ്ച'; നിയയെ കുറിച്ച് ലക്ഷ്മി!
കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടൻ കുട്ടിയായി കല്യാണിയിൽ തകർത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലിൽ നിന്നും അകന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.
2014 ൽ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ചാനലിൽ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വർഷം അച്ഛന്റെ സുഹൃത്തായ ക്യാമറമാൻ സാജൻ കളത്തിൽ ഒരു തെലുങ്ക് സിനിമയിൽ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.
മലയാളത്തിലും തമിഴിലുമായി 25ഓളം സീരിയലുകളിൽ അഭിനയിച്ചു. മലയാളത്തിൽ മിഥുനം, അമ്മ, കറുത്തമുത്ത് തുടങ്ങി നിയ അഭിനയിച്ച സീരിയലുകളെല്ലം ഹിറ്റായിരുന്നു. ഇപ്പോൾ താരം കുഞ്ഞിനും ഭർത്താവിനുമൊപ്പം വിദേശത്ത് സെറ്റിൽഡാണ്.
സീരിയൽ-സിനിമാ മേഖലയിൽ നിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് നടിയും ബിഗ് ബോസ് താരവുമായ ലക്ഷ്മിപ്രിയയാണ്. അടുത്തിടെ ഒരു വിദേശപരിപാടിക്കായി മാഞ്ചേസ്റ്ററിൽ പോയപ്പോൾ നിയ ലക്ഷ്മിപ്രിയെയ കാണാൻ കുടുംബസമേതം എത്തി.

യു.കെ യാത്രയിൽ തനിക്ക് ഏറ്റവും ആനന്ദം പകർന്നത് നിയയെയും കുടുംബത്തെയും കണ്ടുവെന്നതാണെന്ന് ലക്ഷ്മിപ്രിയ പറയുന്നു. മാത്രമല്ല നാല് വർഷത്തിന് ശേഷമാണ് പ്രിയസുഹത്തുക്കൾ പരസ്പരം കാണുന്നത്. ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ തുണയായി തങ്ങൾ പരസ്പരം ഉണ്ടായിരുന്നു എന്നാണ് നിയ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ ഇരുവരും പറയുന്നത്.
'ഞങ്ങളുടെ ഫീൽഡിൽ അത്രയും തിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല. മത്സരം നിലനിൽക്കുന്ന മേഖലയാണല്ലോ. അപ്പോൾ അവിടെ ഞങ്ങളുടെ ഈ ബന്ധം ഒരു അഭിമാനം ആയിട്ടാണ് കാണുന്നത്. വർഷങ്ങളായുള്ള ബന്ധമാണ്. സ്‌ക്രീനിലാണ് ഞങ്ങൾ ആദ്യമായി മീറ്റ് ചെയ്യുന്നത്. പക്ഷെ അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ നല്ല കൂട്ടുകാരാണ്. 2015ൽ ആണ് ഞാൻ മോളെ കൺസീവ് ആകുന്നത്.'
'പിന്നെ പ്രീമെച്വർ ബേബിയുടെ അമ്മയായി ഞാൻ മാറിയപ്പോഴാണ് ഞാനും നിയയും തമ്മിൽ കാണുന്നത്. സൂര്യ ടിവിയുടെ ഒരു വർക്കിനായി ഞങ്ങൾ ചെന്നൈയിലേക്ക് പോകുന്ന ആ യാത്രയാണ് എല്ലാത്തിനും നിമിത്തം. ആ ഫ്ലൈറ്റ് യാത്രയാണ് ഞങ്ങളെ ഇത്രയും തമ്മിൽ അടുപ്പിച്ചത്. ഈ പ്രീമെച്വറായ ഒരു മകളെയും കൊണ്ട് ഇത്രയും വലിയ യാത്ര ഒരു വലിയ അവസ്ഥ ആയിരുന്നു.'
'എന്ന് വെച്ചാൽ ലക്ഷക്കണക്കിന് രൂപയാണ് മകളെ കിട്ടാൻ വേണ്ടി ചെലവാക്കിയത്. അങ്ങനെ നമ്മുടെ ഒക്കെ ജീവിതത്തിൽ നല്ല സമയവും മോശം സമയവും ഒക്കെ ഉണ്ടാകും. എനിക്ക് നിങ്ങളോടും പറയാൻ ഉള്ളത് പ്രതിസന്ധിഘട്ടങ്ങളിൽ തളരരുതെന്നാണെന്നും', ലക്ഷ്മിപ്രിയ സുഹൃത്ത് നിയയെ കുറിച്ച് സംസാരിച്ച് പറഞ്ഞു.

പണത്തിന് അത്യാവശ്യം വരുന്ന സമയങ്ങളിൽ പോലും പരസ്പരം നൽകി സഹായിക്കാൻ സാധിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു. ഭർത്താവിന് അപകടം സംഭവിച്ച് ജീവിതം താറുമാറായപ്പോൾ കരുത്ത് പകർന്നതും നിയയാണെന്ന് ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.
'ചെന്നൈ യാത്ര കഴിഞ്ഞ് ഞാനും നിയയും തിരിച്ചുവന്നു. എന്റെ കാറിലാണ് ഞാൻ നിയയെ ഡ്രോപ്പ് ചെയ്യുന്നത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ആ കാറിൽ വെച്ച് എന്റെ ഭർത്താവിന് അപകടം ഉണ്ടായി.'
'മോളുടെ നൂലുകെട്ടൊക്കെ പ്ലാൻ ചെയ്തിരിക്കുന്ന അവസ്ഥയായിരുന്നു. പക്ഷെ എന്റെ ജീവിതം മാറി മറിഞ്ഞുപോയി. അപ്പോഴൊക്കെ എനിക്ക് കൂടെ ഉണ്ടായത് നിയയാണെന്നും', ലക്ഷ്മിപ്രിയ വിവരിച്ചു. ഒരു സുഹൃത്ത് എന്ന നിലയിൽ അല്ല അതിനൊക്കെ മുകളിലാണ് തങ്ങളുടെ ബന്ധമെന്നാണ് ലക്ഷ്മിയെ കുറിച്ച് സംസാരിച്ച് നിയ പറഞ്ഞത്.


Click it and Unblock the Notifications