അഴിയുംതോറും കൂടുതല്‍ കുരുങ്ങുന്ന ജീവിതം; 20 വര്‍ഷം ചേര്‍ത്ത് പിടിച്ചത് ജയേഷേട്ടൻ, സന്തോഷം പറഞ്ഞ് ലക്ഷ്മിപ്രിയ
നടിയായി സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരുന്ന ലക്ഷ്മിപ്രിയ സോഷ്യല്‍ മീഡിയയിലൂടെയാണ് ജനപ്രീതി നേടുന്നത്. ഇടയ്ക്ക് തന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞതിന്റെ പേരില്‍ നടി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നിരുന്നു. ഇതിനിടെ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരിച്ചതോടെയാണ് ജീവിതത്തിലും കരിയറിലും ഒരു വഴിത്തിരിവുണ്ടാകുന്നത്.
ബിഗ് ബോസിലെ കുലസ്ത്രീ ഇമേജ് സ്വന്തമാക്കിയ ലക്ഷ്മിപ്രിയ അവസാനം വരെ ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല അത്യാവശ്യം കണ്ടന്റുണ്ടാക്കിയ മത്സരാര്‍ഥിയായും ലക്ഷ്മിയായിരുന്നു. മത്സരിക്കുന്ന സമയത്ത് ഒത്തിരി വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നെങ്കിലും അതൊക്കെ മാറി പുതിയ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടി.

മാത്രമല്ല തന്റെ ജന്മദിനത്തിന്റെ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മിയിപ്പോള്‍. മുപ്പത്തിയെട്ട് വര്‍ഷം ഈ ഭൂമിയില്‍ പൂര്‍ത്തിയാക്കിയതിനെ പറ്റി പറഞ്ഞ ലക്ഷ്മി ബിഗ് ബോസിലേക്ക് പോയതിനെ പറ്റിയും പറയുന്നുണ്ട്. പിആര്‍ വര്‍ക്കിന്റെ പിന്‍ബലം പോലുമില്ലാതെ നൂറ് ദിവസം അതിനകത്ത് നിന്നത് പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണെന്നാണ് ലക്ഷ്മി വ്യക്തമാക്കുന്നത്. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
'മുപ്പത്തിയെട്ട് മനോഹര വര്‍ഷങ്ങള്‍ ഞാനീ ഭൂമിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. അഴിക്കുന്തോറും കൂടുതല്‍ കൂടുതല്‍ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും ജീവിതം മനോഹരമാണ്. ഇതില്‍ ഏറ്റവും നന്ദിയുള്ളത് പിന്നീടുള്ള ജീവിതത്തില്‍ മുതല്‍ക്കൂട്ടാവാന്‍ ഭാഗ്യമില്ലാതെ പോയി എങ്കിലും ജന്മം തന്ന മാതാപിതാക്കന്‍മാരോട് തന്നെയാണ്.
റ്റാറ്റായോട്, ഗുരുക്കന്‍മാരോട്, 20 വര്‍ഷമായി ചേര്‍ത്തു പിടിക്കുന്ന ജയേഷേട്ടനോട്, ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്മാനമായ മകളോട്, പിന്നെ എന്നെ സ്‌നേഹിക്കുന്ന നിങ്ങളോരോരുത്തരോടും...

കാരണം, ബിഗ് ബോസ് സീസണ്‍ 4 പോലെ ഒരു വലിയ റിയാലിറ്റി ഷോയില്‍ യാതൊരു പി ആര്‍ വര്‍ക്കിന്റെയും പിന്‍ബലം ഇല്ലാതെ യാതൊരു ആര്‍മി ഗ്രൂപ്പും എന്തിന് ഇന്‍സ്റ്റാഗ്രാമില്‍ മര്യാദയ്ക്ക് ഒരു പേജ് പോലും ഇല്ലാതിരുന്നിട്ടും, ഒരു തവണ പോലും ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റന്‍ ആകാതെ ഇരുന്നിട്ടും (ക്യാപ്റ്റന്‍ ആയാല്‍ ഒരാഴ്ച എലിമിനേഷനില്‍ വരില്ലല്ലോ).
ഞാന്‍ 100 ദിവസം ആ ഷോയില്‍ നിന്നു എങ്കില്‍ അഞ്ചാം സ്ഥാനം ആഗ്രഹിച്ച ഞാന്‍ നാലാം സ്ഥാനം കരസ്ഥമാക്കി എങ്കില്‍ അത് എന്റെ പ്രിയപ്പെട്ടവരേ നിങ്ങള്‍ നല്‍കിയ സ്‌നേഹം കൊണ്ടു മാത്രമാണ്. തിരിച്ചും നിറഞ്ഞ സ്‌നേഹം. ഈ ഭൂമിയില്‍ ഏറ്റവും പ്രണയം ഈ പ്രകൃതിയോട് തന്നെയാണ്. ഈ പ്രകൃതി ഇല്ലെങ്കില്‍ നാമില്ല! തലമുറയില്ല.
എന്റെ ജന്മനക്ഷത്രം മകയിരമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു പിറന്നാള്‍. അന്ന് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ ഭൂമി ഫൌണ്ടേഷനുമായി ചേര്‍ന്ന് പ്ലാവിന്‍ തൈ നട്ടിരുന്നു. അന്ന് കുഞ്ഞുങ്ങള്‍ക്ക് വാക്ക് കൊടുത്തിരുന്നു, ഇന്ന് കേക്കുമായി വരാം എന്നും ഒരുമിച്ച് ആഘോഷിക്കാമെന്നും.

പുകച്ചു പുറത്തു ചാടിച്ചതിനാല്‍ കയ്യില്‍ കിട്ടിയതൊക്കെ എടുത്ത് ഇന്നലെ ഓടി രക്ഷപ്പെടുകയായിരുന്നു. കാത്തിരിക്കുന്ന മായക്കുട്ടി അടക്കമുള്ള 27 കുഞ്ഞുങ്ങളോടും മാപ്പ് പറയുന്നു. അടുത്ത ശനിയാഴ്ച അവിടുത്തെ കുഞ്ഞുങ്ങളുമായി ചേര്‍ന്ന് മാത്രമേ പിറന്നാള്‍ ആഘോഷിക്കുകയുള്ളൂ.
എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കല്‍ കൂടി നന്ദി! ലക്ഷ്മി പ്രിയ...', എന്നും പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ നരന്‍ എന്ന സിനിമയിലൂടെയാണ് ലക്ഷ്മിപ്രിയ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ ചെയ്തു. ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുകയാണ്. ഇതിനിടയില്‍ മിനിസ്‌ക്രീന്‍ പരമ്പരകളിലും ലക്ഷ്മി അഭിനയിച്ചിരുന്നു.
എങ്കിലും രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം ആക്രമിച്ച വ്യക്തികളില്‍ ഒരാളാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസില്‍ പോയതിന് ശേഷം തന്റെ ജീവിതത്തെ പറ്റിയും മറ്റുള്ള കാര്യങ്ങളും വെളിപ്പെടുത്തിയതിന് ശേഷമാണ് ലക്ഷ്മിയ്ക്ക് പിന്തുണ വര്‍ധിക്കുന്നത്. നിലവില്‍ ലക്ഷക്കണക്കിന് ആരാധകരാണ് നടിയ്ക്കുള്ളത്.


Click it and Unblock the Notifications











