'പതിനാറ് മാസം കൊണ്ട് വന്ന മാറ്റം... കുറച്ചത് അറുപത് കിലോ....'; ഉറ്റ സുഹൃത്തിനെ കുറിച്ച് രഞ്ജിനിയുടെ കുറിപ്പ്!
മലയാളത്തിലെ മികച്ച ടെലിവിഷന്‍ അവതാരകരിൽ ഒരാളും ചലച്ചിത്ര നടിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകർക്ക് രഞ്ജിനിയെ ഏറെ പരിചയം.
ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. ബിഗ് ബോസിൽ വന്നതോടെ രഞ്ജിനിയോടുള്ള ഇഷ്ടം പുതുക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ യാത്രകളുടേയും ഷോയുടേയുമെല്ലാം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിത രഞ്ജിനി തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. തന്റെ ഉറ്റ സുഹൃത്തായ ഡെന്നി ജോസ് വെറും പതിനാറ് മാസം കൊണ്ട് അറുപത് കിലോ ശരീര ഭാരം കുറച്ച് ഫിറ്റായതിനെ കുറിച്ചാണ് രഞ്ജിനി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'എന്റെ വളരെ അടുത്ത സുഹൃത്താണ് ഡെന്നി... കുറിപ്പിനൊപ്പമുള്ള ചിത്രങ്ങൾ രണ്ട് വർഷം ഇടവിട്ട് എടുത്തതാണ്. അതിനിടയിൽ ഡെന്നിക്ക് സംഭവിച്ച വലിയ ശാരീരിക പരിവർത്തനം സത്യസന്ധമായി എന്നെ ഞെട്ടിച്ച ഒന്നാണ്.'
'16 മാസത്തിനുള്ളിൽ 60 കിലോ കുറഞ്ഞു. അവന്റെ വർക്കൗട്ടുകളും അതിന്റെ ഭാഗമായുള്ള നിയന്ത്രണവും എല്ലാം ചെയ്തുകൊണ്ട് അവന് ഇപ്പോൾ ഉള്ളിടത്ത് എത്താൻ സാധിച്ചു. ഞാൻ 60 കിലോയിൽ അൽപ്പം കൂടുതലാണ്.'
'അതിനർത്ഥം 16 മാസത്തിനുള്ളിൽ എന്റെ ശരീര ഭാരത്തിന്റെ അത്രയും ഡെന്നി പതിനാറ് മാസം കൊണ്ട് കുറച്ചുവെന്നതാണ്. അതേസമയം ഞാൻ ഒഴിവാക്കണമെന്ന് ആഗ്രഹിച്ച അഞ്ച് കിലോ എന്റെ ശരീരത്തിൽ നിന്നും കുറയ്ക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.'

'എല്ലാം പ്രതിബദ്ധതയ്ക്കും ശ്രദ്ധയ്ക്കും വേണ്ടിയുള്ളതാണെന്ന് ഞാൻ മനസിലാക്കുന്നു. അതിനാൽ ഡെന്നി തന്റെ ലക്ഷ്യങ്ങൾ നേടുന്നതിനും അതിൽ ഉറച്ചുനിൽക്കുന്നതിനും തീർച്ചയായും ക്രെഡിറ്റും ഒരുപാട് സ്നേഹവും അർഹിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിന്നെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു.'
'ഞങ്ങൾക്ക് ഇത്തരത്തിൽ ഒരു പ്രചോദനമായതിന് നന്ദി' രഞ്ജിനി ഹരിദാസ് സുഹൃത്തിനെ അഭിനന്ദിച്ച് കുറിച്ചു. സുഹൃത്തുക്കളുടെ വലിയ വലയം തന്നെ രഞ്ജിനിക്കുണ്ട്. രഞ്ജിനി ജീവിതം ആഘോഷിക്കുന്നതും അവർക്കൊപ്പമാണ്.
സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ സഹോദരന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. രഞ്ജിനിയുടെ സഹോദരൻ ശ്രീപ്രിയൻ ബ്രീസ് ജോർജിനെയാണ് വിവാഹം ചെയ്തത്. അച്ഛന്റെ അസാന്നിധ്യത്തിൽ രഞ്ജിനിയായിരുന്നു എല്ലാത്തിനും നേതൃത്വം കൊടുത്തത്.
ഹിന്ദു- ക്രിസ്ത്യൻ ആചാരങ്ങളിൽ ഒരേ ദിവസം രണ്ട് വിവാഹച്ചടങ്ങുകളാണ് നടത്തിയിരുന്നത്. രഞ്ജിനി ബിസിനസുകാരനായ ശരത്ത് പുളിമൂട് പ്രണയത്തിലാണ്. ശരത്ത് വിവാഹിതനായിരുന്നു. ആ ബന്ധം വേർപിരിഞ്ഞ ശേഷമാണ് രഞ്ജിനിയുമായി പ്രണയത്തിലായത്.
ഇടക്കിടക്ക് താരം കാമുകൻ ശരത്തിന്റെ ചിത്രങ്ങളും മറ്റും പങ്കവെച്ച് എത്താറുണ്ട്. താരമിപ്പോൾ നാൽപ്പതിനോട് അടുത്ത് എത്തിനിൽക്കുകയാണ്. ഇരുവരും തമ്മിൽ പതിനാറ് വർഷമായി പരിജയമുണ്ട്. ഇപ്പോൾ പ്രണയത്തിലാണെങ്കിലും വിവാഹം കഴിക്കുമോ എന്ന് പറയാൻ ആകില്ലെന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു.
2010ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് രഞ്ജിനിക്ക് ലഭിച്ചിരുന്നു. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
2013ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും രഞ്ജിനി തിളങ്ങിയിരുന്നു. ഇന്നും രഞ്ജിനിയെ പോലെ ഓഡിയൻസിനെ എന്റർടെയ്ൻ ചെയ്ത് നിർത്തുന്ന മറ്റൊരു അവതാരക ഇല്ലെന്ന് തന്നെ പറയാം.


Click it and Unblock the Notifications