വിവാദ ഗ്യാങിൽ പുതിയ മെമ്പറാണ് താനെന്ന് റിയാസ് സലീം, അഖിലിനും സൂരജിനും സുചിത്രയ്ക്കുമൊപ്പം വിശേഷവുമായി റിയാസ്
ബിഗ് ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർഥികളിൽ ഒരാളായി മാറിയ താരമാണ് കുട്ടി അഖിൽ. അഖിൽ പുറത്തായതിൽ പ്രേക്ഷകർക്ക് വലിയ രീതിയിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ അമ്പത് വോട്ട് എന്ന സമ്പ്രദായമായതുകൊണ്ടാണ് വോട്ട് സ്പ്ലിറ്റിങ് നടത്തി അഖിലിനെ ഒരു വിഭാഗം പുറത്താക്കിയതെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
സൂരജ് അവസാന സിക്സിൽ വരെ ഇടം പിടിച്ചിരുന്നു. അത് സേഫ് ഗെയിമിന്റെ പേരിലായിരുന്നുവെന്നും സൂരജിനേക്കാൾ ഹൗസിൽ നിൽക്കാൻ യോഗ്യൻ അഖിൽ ആയിരുന്നുവെന്നും അന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. അഖിൽ, സുചിത്ര, സൂരജ് തേലക്കാട് എന്നിവർ ഹൗസിൽ ചെന്നശേഷം ഉറ്റ ചങ്ങാതിമാരായവരാണ്.

സുഖിൽ എന്നാണ് ഇവരുടെ ഗ്യാങിനെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. അഖിലിനോട് സൗഹൃദം വെച്ചതിന്റെ പേരിൽ നിരവധി ആരോണപണങ്ങളും സുചിത്രയ്ക്ക് ബിഗ് ബോസിന് ശേഷം കേൾക്കേണ്ടി വന്നിരുന്നു. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം അഖിലും സുചിത്രയും സൂരജും ഒത്തുകൂടിയിരിക്കുകയാണ്.
കുട്ടി അഖിലിന്റെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിലാണ് എല്ലാവരും ഒത്തുചേർന്നത്. വിഷു ദിനത്തിൽ അഖിലിന്റെ പിറന്നാൾ ആയിരുന്നുവെന്നും അത് കൂടി വീടിന്റെ പാല് കാച്ചൽ ചടങ്ങിനോട് അനുബന്ധിച്ച് പഴയ ബിഗ് ബോസ് താരങ്ങൾ ഒത്തുകൂടി ആഘോഷിച്ചു.
ഇത്തവണ റിയാസും സുഖിൽ ഗ്യാങിനൊപ്പം ഉണ്ടായിരുന്നു. വിവാദ ഗ്യാങിൽ പുതിയ മെമ്പറാണ് താനെന്ന് റിയാസ് സലീം പറഞ്ഞപ്പോൾ സുചിത്രയും അഖിലും സൂരജും അതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്തു. സീസൺ ഫോറിലെ കുറച്ച് പേർ ഷൂട്ടും മറ്റ് തിരക്കും കാരണം വന്നില്ലെന്നും ബാക്കി എല്ലാവരും പാല് കാച്ചൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയെന്നും അഖിൽ പറഞ്ഞു.
അഖിലിന്റെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിലൂടെ സഫലമായതെന്നും അഖിലകം എന്നാണ് വീടിന് പേരിട്ടിരിക്കുന്നതെന്നും റിയാസ് സുഹൃത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് സംസാരിച്ച് പറഞ്ഞു. തലേദിവസം പരിപാടി കളാറാക്കാൻ അശ്വിൻ, ഡെയ്സി അടക്കമുള്ളവർ വന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്.

അഖിൽ, സുചിത്ര, സൂരജ് ഗ്യാങിൽ ആദ്യം ഹൗസിൽ നിന്നും പുറത്തായത് സുചിത്രയായിരുന്നു. ശേഷം അഖിൽ പുറത്തായി. സൂരജ് ടോപ്പ് സിക്സിൽ ഒരാളായിരുന്നു. റിയാസ് ടോപ്പ് ത്രീയിൽ ഒരാളായിരുന്നു. താരങ്ങളുടെ വീഡിയോ വൈറലായതോടെ നിരവധി ബിഗ് ബോസ് ആരാധകർ കമന്റുമായി എത്തി.
എല്ലാവരേയും വീണ്ടും ഒരുമിച്ച് കണ്ടതിൽ സന്തോഷമെന്നാണ് ഒരു ആരാധകൻ കുറിച്ചത്. അടിപൊളി സീസൺ ആയിരുന്നു നിങ്ങളുടേത്. ഇപ്പോഴത്തെ സീസൺ ബോറാണ്... നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെയെന്നായിരുന്നു മറ്റൊരു കമന്റ്. സുഖിൽ ഗ്യാങിനെ വീണ്ടും കണ്ടതിൽ സന്തോഷമെന്നും ചിലർ കുറിച്ചു. ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റിയാസ്.
ബിഗ് ബോസിന് ശേഷം അഖിലിനും നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. ദിൽഷയായിരുന്നു സീസൺ ഫോറിലെ വിജയി. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനുമായിരുന്നു. സീസൺ ഫൈവ് മൂന്നാം ആഴ്ചയും പിന്നിട്ട് നീങ്ങുമ്പോൾ പ്രേക്ഷകർക്കിടയിൽ ഓളം ഉണ്ടാക്കാൻ ഹൗസിലെ പതിനെട്ട് പേർക്കും സാധിച്ചിട്ടില്ല.
റിയാസിനെപ്പോലൊരു വൈൽഡ് കാർഡിനെ ഹൗസിലേക്ക് കയറ്റിവിടൂവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച ഹൗസിലേക്ക് വന്ന ഹനാനും പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്. മാത്രമല്ല മൂന്ന് ദിവസം മാത്രം ഹൗസിൽ തുടർന്ന ശേഷം ആരോഗ്യ പ്രശ്നങ്ങൾ കാരണം പുറത്ത് പോവുകയും ചെയ്തു.


Click it and Unblock the Notifications