'ഫീൽഡിൽ നിന്ന് കെട്ടിയാൽ രണ്ട് കെട്ടേണ്ടി വരും, ഒരു കോടിക്ക് മുകളിലായി, ബിഗ് ബോസിന് ശേഷം നന്നായി'; ഷിയാസ്!
ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത ശേഷം ജീവിതം മാറിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഷിയാസ് കരീം. ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് ലൈം ലൈറ്റിൽ ഉണ്ടായിരുന്നയാളാണ് ഷിയാസ് കരീം. പക്ഷെ കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസും സിനിമ അവസരങ്ങളും ഷിയാസിന് ലഭിച്ച് തുടങ്ങിയത് ബിഗ് ബോസിൽ വന്ന ശേഷമാണ്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലാണ് ഷിയാസ് മത്സരാർഥിയായി പങ്കെടുത്ത്.
വൈൽഡ് കാർഡായിട്ടാണ് ഷിയാസ് ഹൗസിലേക്ക് എത്തിയത്. തുടക്കത്തിൽ ഷിയാസിനെ പ്രേക്ഷകർക്ക് അത്ര താൽപര്യമില്ലായിരുന്നു. എന്നാൽ പതിയെ ഷിയാസിനെ അടുത്ത് അറിഞ്ഞ് തുടങ്ങിയതോടെ ആരാധകർ കൂടി. ഫൈനൽ വരെ എത്താനും ഷിയാസിന് സാധിച്ചിരുന്നു. പേളി മാണി-ശ്രീനിഷ് അരവിന്ദ് പ്രണയത്തിന് ഏറ്റവും കൂടുതൽ ചുക്കാൻ പിടിച്ചത് ഷിയാസ് കരീമാണ്. മൂന്ന് പേരുടേയും ഫ്രണ്ട്ഷിപ്പിനും നിരവധി ആരാധകരുണ്ടായിരുന്നു.

ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് പ്രമുഖ പരസ്യ മോഡലായിരുന്നു പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കരീം. ദേശീയ അന്തര്‍ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയിട്ടുണ്ട്. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടിലും ഷിയാസ് അവിഭാജ്യ ഘടകമായിരുന്നു.
2018ൽ മിസ്റ്റര്‍ ഗ്രാൻസ് സീ ഇൻ്റര്‍നാഷണൽ മോഡൽ ഹണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയത് ഷിയാസായിരുന്നു. ഇതേറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഹണ്ടിൽ ഷിയാസിന് മിസ്റ്റര്‍ പോപുലാരിറ്റി 2018, മികച്ച ഫോട്ടോ മോഡൽ എന്നീ രണ്ട് ടൈറ്റിലുകളാണ് നേടാനായത്. വിവിധ ഫാഷൻ ഷോകളിൽ ജഡ്ജായും ഫാഷൻ ഗ്രൂമറായും ഷിയാസ് എത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ താരം ആക്ടീവാണ്. ഫിറ്റ്നെസ് ഫ്രീക്കായ താരത്തിൻ്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെ ആരാധകരും ഷിയാസിനുണ്ട്. ഇപ്പോഴിത തന്റെ ഏറ്റവും വലിയ ആഗ്രഹമായ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഷിയാസ് കരീം.
കുറച്ച് ദിവസം മുമ്പാണ് ഷിയാസിന്റെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് നടന്നത്. ഇപ്പോഴിത വീടിനെ കുറിച്ച് ഷിയാസ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പെരുമ്പാവൂർ ടൗണിനോട് ചേർന്നുള്ള പ്രദേശത്താണ് ഷിയാസ് പുതിയ വീട് പണിതിരിക്കുന്നത്.

വീടിനും സ്ഥലത്തിനും കൂടി ഒരു കോടിക്ക് മുകളിൽ മുടക്കിയെന്നാണ് ഷിയാസ് പറയുന്നത്. വീട് മുഴുവൻ ഷിയാസിന്റെ ചിത്രങ്ങളും ട്രോഫികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെയുള്ള ആളുകൾ സ്നേഹം കൊണ്ട് തരുന്ന ഉപഹാരങ്ങൾ താൻ എന്നേക്കും സൂക്ഷിച്ച് വെക്കുമെന്നാണ് ഷിയാസ് പറയുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും ഷിയാസ് വീട്ടിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. മമ്മൂക്കയാണ് എന്റെ ഇൻസ്പിരിഷേൻ.
അത്രയും മനോഹരമായിട്ടല്ലേ അദ്ദേഹം ശരീരം നോക്കുന്നത്. എനിക്ക് ഇപ്പോൾ സ്വന്തമായൊരു ജിം ഉണ്ട്. അനിയനാണ് അത് നോക്കി നടത്തുന്നത്. ഞാൻ അത് മാനേജ് ചെയ്യാൻ പോയാൽ എനിക്ക് ഉദ്ഘാടന നായകനാകാനോ സിനിമയിൽ അഭിനയിക്കാനോ പറ്റില്ലല്ലോ ഷിയാസ് പറഞ്ഞു.
ഷിയാസിന്റെ വിവാഹം വൈകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉമ്മയാണ് മറുപടി പറഞ്ഞത്. വിവാഹം ആലോചിക്കുന്നുണ്ട്. പക്ഷെ അവന് വീട് വെച്ചശേഷം കുറച്ച് വലിയ ബാധ്യത വന്നിട്ടുണ്ട്. അത് കുറച്ചൊന്ന് ഒതുങ്ങിയ ശേഷം അവന്റെ വിവാഹം നടത്താനാണ് തീരുമാനം. പക്ഷെ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. കണ്ടെത്തി വെക്കാമല്ലോ.
അവന്റെ ഫീൽഡിൽ നിന്നും കെട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ സംഭവിച്ചാൽ രണ്ട് കെട്ടേണ്ടി വരുമെന്നാണ് അവൻ പറയുന്നത്. ബിഗ് ബോസിൽ പോയി വന്നശേഷം ഷിയാസ് നല്ല മോനായി ഷിയാസിന്റെ ഉമ്മ പറഞ്ഞു.


Click it and Unblock the Notifications