'ജാസ്മിന്റെ കുറ്റവും കുറവും എന്നോട് പറഞ്ഞ പൂജ... അവരെ കാണുമ്പോൾ കെട്ടിപിടിക്കുന്നു, എന്നെ അടപടലം പൂജ ചതിച്ചു'
കഴിഞ്ഞ ദിവസം നടന്ന നടൻ റിഷി എസ് കുമാറിന്റെ വിവാഹ വേദി ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളുടെ റീ യൂണിയനുള്ള വേദി കൂടിയായി മാറി. അസി റോക്കി മുതൽ സിബിൻ വരെയുള്ള ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികൾ എല്ലാം ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. റിഷിയുടെ വിവാഹം അടിച്ച് പൊളിച്ച് ആഘോഷിച്ചതിന്റെ വീഡിയോ വ്ലോഗായി അവതാരകയും സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രിയുമായ പൂജ കൃഷ്ണയും യുട്യൂബിൽ പങ്കുവെച്ചിരുന്നു.
എന്നാൽ പൂജയുടെ വ്ലോഗ് വീഡിയോയ്ക്ക് താഴെ സഹമത്സരാർത്ഥിയും പൂജയുടെ സുഹൃത്തുമായിരുന്ന സിബിൻ കുറിച്ച കമന്റാണ് ചർച്ചയാകുന്നത്. തന്നെ പൂജ ചതിച്ചുവെന്നാണ് സിബിൻ പറയുന്നത്.

പൂജയെ താൻ ഒത്തിരി വിശ്വസിച്ചിരുന്നുവെന്നും എന്നാൽ പല കാര്യങ്ങളിൽ സ്വന്തം ലാഭത്തിന് വേണ്ടി തന്നെ അവൾ കുരുതി കൊടുത്തുവെന്നുമാണ് സിബിൻ കുറിച്ചത്. ജാസ്മിനോട് താൻ പെരുമാറിയതെല്ലാം പൂജ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സിബിൻ പറയുന്നു. ഇതുപോലെ ഇരട്ടത്താപ്പുള്ള ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഷോയ്ക്കുള്ളിലാണെങ്കിലും അത് കഴിഞ്ഞും എന്നോട് ജാസ്മിനെ കുറിച്ച് ഏറ്റവും കൂടുതൽ കുറ്റവും കുറവും പറഞ്ഞത് പൂജയാണ്.
അവളുടെ ഹിസ്റ്ററി മൊത്തം തപ്പിയെടുത്ത് എന്നോട് വിളമ്പിയതും പൂജയാണ്. ജാസ്മിന് ഷോ ഫേവർ ചെയ്യുന്നുവെന്നും എന്നെ വിളിച്ച് പറഞ്ഞു. ആദ്യത്തെ ലൈവ് ഞാനിട്ടതും പൂജ കാരണമാണ്. അന്ന് തുടങ്ങി നാല് ദിവസം മുമ്പ് വരെയും ഇവരെ കുറിച്ച് എന്നോട് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങളാണ് പൂജ പറഞ്ഞത്.
എന്നിട്ട് നാണവും മാനവുമില്ലാതെ യാതൊരു ഉളുപ്പും ഇല്ലാതെ അവരെ നേരിട്ട് കാണുമ്പോൾ കെട്ടിപിടിക്കുന്നു... വീഡിയോ എടുക്കുന്നു... ഇവൾ പറഞ്ഞതൊക്കെ മനസിൽ വെച്ച് ഈ കുട്ടിയോട് പെരുമാറിയ ഞാൻ വെറും മണ്ടൻ. അത് ഞാൻ സമ്മതിക്കുന്നു. വീഡിയോക്ക് റീച്ച് ഉണ്ടാക്കാനും സ്വന്തം കാര്യം നടത്താനും എന്തും ചെയ്യാൻ പൂജ തയ്യാറാണ്. പ്രൊഫഷണൽ ബെനിഫിറ്റ്. എന്തിന് ഗബ്രിയെ കുറിച്ച് ഈ അടുത്തും പരദൂഷണം പറഞ്ഞു എന്നോട്.
ഇതൊക്കെ സത്യമാണെന്ന് ഞാനും വിശ്വസിച്ചു. ബിബി ഹൗസിൽ വെച്ച് അർജുനെ കുറിച്ചും എന്നോട് എന്തൊക്കെയാണ് ഇവൾ മോശമായി പറഞ്ഞത്. അത് മനസിൽ വെച്ചാണ് അവനോട് അകത്ത് വെച്ച് ഞാൻ പെരുമാറിയത്. ഞാൻ പൂജയെ ഒത്തിരി വിശ്വസിച്ചു. പല കാര്യങ്ങളിൽ... എന്നാൽ സ്വന്തം ലാഭത്തിന് വേണ്ടി എന്നെ കുരുതി കൊടുക്കുകയായിരുന്നു. പണ്ടും എന്റെ പ്രശ്നം ഇത് തന്നെയാണ്.

സൗഹൃദത്തിന് വില കൊടുക്കും അവരെ കണ്ണടച്ച് വിശ്വസിക്കും. എന്നെ അടപടലം പൂജ ചതിച്ചു. ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല. എനിക്ക് ഈ സൈബർ അറ്റാക്ക് മുഴുവൻ കിട്ടിയതിൽ ഒരു ചെറിയ പങ്ക് പൂജയ്ക്കുമുണ്ട്. ഒരു ആത്മാർത്ഥ ആരോടും ഇല്ല. ആളുകളെ നന്നായി യൂസ് ചെയ്യാൻ അറിയാവുന്നയാളാണ് പൂജ.
ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് ഇനിയും സൈബർ അറ്റാക്കുണ്ടാവാൻ സാധ്യതയുണ്ട്. എന്നാലും സാരമില്ല... അങ്ങനെ നമ്മളെ എല്ലാവരും കേറി പൊട്ടനാക്കിയിട്ട് പോവണ്ട... എന്നായിരുന്നു സിബിന്റെ കുറിപ്പ്. എന്നാൽ ഇപ്പോൾ പൂജയുടെ വ്ലോഗിന് താഴെ സിബിൻ കുറിച്ച കമന്റ് നീക്കം ചെയ്തിട്ടുണ്ട്. വിഷയത്തിൽ പൂജയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
പൂജയെപ്പോലെ തന്നെ സിബിനും സീസൺ ആറിലെ വൈൽഡ് കാർഡായിരുന്നു. മാനസീക സമ്മർദ്ദം മൂലം സിബിൻ സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോവുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പൂജ ഷോയിൽ നിന്നും പുറത്തായത്.


Click it and Unblock the Notifications