'പോരാടി ജീവിക്കാൻ പഠിപ്പിച്ച വ്യക്തി... എന്റെ റോൾ മോഡൽ'; അത്തമ്മയെ പൊന്ന് കൊണ്ട് മൂടി ജാസ്മിൻ ജാഫർ!
സോഷ്യൽമീഡിയ വഴിയാണ് കൊല്ലം സ്വദേശിനിയായ ജാസ്മിൻ ജാഫറെന്ന മിടുക്കിയെ മലയാളികൾ അറിയുന്നത്. ചുരുങ്ങിയ കാലയളവുകൊണ്ടാണ് പത്ത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ബ്യൂട്ടി, ഫാഷൻ വ്ലോഗറായി ജാസ്മിൻ വളർന്നത്. സോഷ്യൽമീഡിയയിലെ ഫെയിം മിനിസ്ക്രീനിലേക്കുള്ള വഴി ജാസ്മിന് തെളിച്ചു. അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയായി. ഇതുവരെ മലയാളം ബിഗ് ബോസിൽ പങ്കെടുത്തിട്ടുള്ള സ്ത്രീ മത്സരാർത്ഥികളിൽ മനകരുത്ത് കൊണ്ട് ഏറ്റവും ശക്തയായ സ്ത്രീ ഒരുപക്ഷെ ജാസ്മിൻ മാത്രമാകും.
ഷോയിൽ കയറിയ മൂന്നാം ദിവസം മുതൽ വലിയ രീതിയിലുള്ള വിമർശനമായിരുന്നു ജാസ്മിന് നേരേണ്ടി വന്നത്. എന്നാൽ എല്ലാം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണകൊണ്ടും മനകരുത്ത് കൊണ്ടും ജാസ്മിൻ മറികടന്നു. ബിഗ് ബോസ് ഫെയിമായശേഷം ഉദ്ഘാടങ്ങളും അഭിമുഖങ്ങളും യാത്രകളുമെല്ലാമായി തിരക്കിലാണ് ജാസ്മിൻ.

എല്ലാ തിരക്കുകൾക്കിടയിലും തന്റെ ആരാധകർക്കായി മുടങ്ങാതെ സോഷ്യൽമീഡിയയിൽ പുതിയ വിശേഷങ്ങളും വീഡിയോകളുമെല്ലാം ജാസ്മിൻ പങ്കിടാറുണ്ട്. അത്തരത്തിൽ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടൊരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ റോൾ മോഡലും മുത്തശ്ശിയുമായ അത്തമ്മയ്ക്ക് തന്നാൽ കഴിയുന്ന ഒരു ചെറിയ സമ്മാനം നൽകിയ സന്തോഷമാണ് വീഡിയോയിൽ ജാസ്മിൻ പങ്കിട്ടത്. അത്തമ്മയെ പൊന്ന് കൊണ്ട് മൂടി ജാസ്മിൻ ജാഫർ.
കുടുംബസമേതം അത്തമ്മയേയും കൂട്ടി അടുത്തുള്ള നല്ലൊരു ജ്വല്ലറിയിൽ പോയി അത്തമ്മയ്ക്ക് ഇഷ്ടപ്പെട്ട മാലയും മോതിരവും കമ്മലുമെല്ലാം ജാസ്മിൻ വാങ്ങി നൽകി. എല്ലാവരും കേട്ടിട്ടുള്ള ഒരു ചോദ്യമാകും ആരെപ്പോലെയാകാനാണ് ആഗ്രഹം... ആരാണ് നിന്റെ റോൾ മോഡൽ എന്നൊക്കെ.
എന്റെ ജീവിതത്തിൽ എനിക്ക് വലിയ ഇൻസ്പിരേഷനായിട്ടുള്ള വ്യക്തിയാണ് എന്റെ അത്തമ്മ (അച്ഛന്റെ അമ്മ). ചെറുപ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചുപോയിട്ടും ഒറ്റയ്ക്ക് തന്റേടത്തോടെ നിന്ന് മക്കളേയും മക്കളുടെ മക്കളേയും നോക്കി വളർത്തി. എനിക്ക് ഓർമവെച്ച കാലം മുതൽ ഞങ്ങളെയൊക്കെ പഠിപ്പിച്ച് വലുതാക്കാൻ വേണ്ടി ഒരുപാട് വീട്ടുജോലികൾ അത്തമ്മ ചെയ്തിട്ടുണ്ട്.
ഞങ്ങളൊക്കെ ഇന്ന് വലിയ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിലൊരു വലിയ പങ്ക് അത്തമ്മയ്ക്ക് അവകാശപ്പെട്ടതാണ്. അതുപോലെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അത്തമ്മ എനിക്ക് പഠിപ്പിച്ച് തന്നൊരു കാര്യമാണ് അല്ലെങ്കിൽ പറഞ്ഞ് തന്ന കാര്യമാണ് നമുക്ക് നമ്മളെ ഉണ്ടാവുകയുള്ളു... നമുക്ക് വേണ്ടി പോരാടി ജീവിക്കാൻ വേറെയാരും ഉണ്ടാവില്ലെന്നത്. അതുകൊണ്ട് പോരാടി ജീവിക്കാൻ നമ്മൾ തന്നെ ശ്രമിക്കണമെന്നത്.

ഇത് അന്നും ഇന്നും ഞാൻ മനസിൽ സൂക്ഷിക്കുന്ന കാര്യമാണ്. അതുപോലെ ഇത്രയും വർഷത്തിനിടയിൽ എനിക്ക് അത്തമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്തുകൊടുക്കാൻ പറ്റിയിട്ടില്ലായിരുന്നു. അങ്ങനെ ഞാൻ ആറ്റുനോറ്റ് കാത്തിരുന്ന് എന്നാൽ കഴിയുന്നൊരു കാര്യം ഞാൻ ചെയ്തു.
ഇനിയും ഒരുപാട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നമുക്ക് എല്ലാവർക്കും പറ്റട്ടേ... എന്നെയും എന്റെ കുടുംബത്തേയും സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. എല്ലാവർക്കും എന്റെ നന്ദി എന്നാണ് അത്തമ്മയ്ക്കൊപ്പമുള്ള സ്പെഷ്യൽ വീഡിയോ പങ്കിട്ട് ജാസ്മിൻ പറഞ്ഞത്.
അത്തമ്മയെ കുറിച്ച് ബിഗ് ബോസ് ഷോയിൽ വെച്ചും പലപ്പോഴും സംസാരിച്ചിട്ടുണ്ട് ജാസ്മിൻ. മുത്തശ്ശിയെപ്പോലെ കരുത്തുള്ള സ്ത്രീയാണ് ജാസ്മിൻ. അതിന്റെ ഏറ്റവും വലിയ തെളിവാണ് വെറും ഇരുപത്തിമൂന്നാമത്തെ വയസിൽ സ്വന്തം കുടുംബത്തെ പോറ്റുന്നുവെന്നത്. പിതാവിന്റെ കടങ്ങളെല്ലാം യുട്യൂബ് വരുമാനത്തിലൂടെ ജാസ്മിനാണ് തീർത്തത്.


Click it and Unblock the Notifications