രക്ഷപ്പെടണമെങ്കില്‍ ഈ പേര് മാറ്റണം; കേള്‍ക്കേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ച് മണിക്കുട്ടന്‍...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഷോയില്‍ എത്തിയതിന് ശേഷമാണ് മണിക്കുട്ടന്റെ സ്വീകാര്യത വർധിച്ചത്. ഇപ്പോള്‍ യൂത്തിനിടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകര്‍ക്കിടയിലും കൈനിറയെ ആരാധകരുണ്ട് മണിക്കുട്ടന്. ബിഗ് ബോസ് സീസണ്‍ 3യുടെ ടൈറ്റില്‍ വിന്നറായിരുന്നു താരം. ആരാധകര്‍ പ്രവചിച്ച വിജയമായിരുന്നു മണിക്കുട്ടന്റേത്. എംകെ എന്നാണ് നടൻ ഇപ്പോള്‍ അറിയപ്പെടുന്നത്. ബിഗ് ബോസ് ഷേയിലൂടെയാണ് ഈ പേര് ലഭിച്ചതും.
വാസ്തവത്തിൽ ബിഗ് ബോസ് ഷോയിലൂടെയാണ് മണിക്കുട്ടന്റെ യഥാര്‍ത്ഥ പേര് പുറംലോകം അറിയുന്നത്. തോമസ് ജെയിംസ് എന്നാണ് ഒറിജിനൽ പേര്. മണിക്കുട്ടന്‍ എന്ന പേര് വന്നതിനെ കുറിച്ചും സിനിമയില്‍ ഈ പേര് സ്വീകരിക്കാനുള്ള കാരണത്തെ കുറിച്ചും താരം ഷോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിത മണിക്കുട്ടന്‍ എന്ന പേരുമായി സിനിമയില്‍ കടന്നുവന്നപ്പോൾ നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ച് പറയുകയാണ് നടൻ. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന റെഡ്കാര്‍പെറ്റ് പരിപാടിയിലാണ് മണിക്കുട്ടൻ ഇക്കാര്യം അറിയിക്കുന്നത്.

'മണിക്കുട്ടനെന്ന പേരുമായി ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ ഒരുപാടുപേര്‍ ചോദിച്ചു - ഇതൊരു ആര്‍ടിസ്റ്റിന് പറ്റിയ പേരാണോ? രക്ഷപ്പെടണമെങ്കില്‍ ഈ പേര് മാറ്റണ്ടേ? എന്നാൽ ഇത് തന്നെ മതിയെന്ന തീരുമാനത്തിലായിരുന്നു ഞാന്‍. എന്നെ ഏറ്റെടുത്തപ്പോള്‍ ആരാധകര്‍ ആദ്യം ചെയ്തതാകട്ടെ, പേര് എംകെ എന്നാക്കി ചുരുക്കി', മണിക്കുട്ടൻ പറയുന്നു.

'പ്രേക്ഷകര്‍ നല്‍കിയ സമ്മാനമാണ് ബിഗ് ബോസ് വിന്നര്‍ ടൈറ്റില്‍. ആ ഷോയെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. അത് കഴിഞ്ഞപ്പോള്‍ എന്റര്‍ടൈനര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡും ലഭിച്ചു. 16 വര്‍ഷം അങ്ങനെയൊരു പേര് നേടിയെടുക്കാന്‍ ഞാൻ കഷ്ടപ്പെട്ടു. ആ അവാര്‍ഡ് കിട്ടിയപ്പോള്‍ എനിക്കൊരുപാട് സന്തോഷം തോന്നി. അങ്കിളിന് പറ്റിയൊരു അബദ്ധമാണ് മണിക്കുട്ടനെ സിനിമയില്‍ കൊണ്ടുവന്നതെന്ന് ഒരിക്കല്‍ വിനയന്‍ സാറിന്റെ ബന്ധു എന്നോട് പറയുകയുണ്ടായി. നല്ല പേരെടുത്തതിന് ശേഷമായിരിക്കണം ഇനി അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കേണ്ടത് --- അന്ന് ഞാൻ തീരുമാനിച്ചു', മണിക്കുട്ടന്‍ വെളിപ്പെടുത്തുന്നു.

മണിക്കുട്ടനോടൊപ്പം ലക്ഷ്മി ഗോപാലസ്വാമിയും റെഡ്കാർപെറ്റ് പരിപാടിയിൽ പങ്കെടുത്തിരുന്നു. മണിക്കുട്ടന്റെ ഫാന്‍സിനെ കുറിച്ചാണ് ലക്ഷ്മി പറഞ്ഞത്. മണിക്കുട്ടന്റെ ഫാന്‍ ബേസ് എന്തുമാത്രമുണ്ടെന്ന് മനസ്സിലായത് അമ്മയുടെ മീറ്റിംഗിന് ശേഷമാണെന്ന് താരം സൂചിപ്പിക്കുന്നു.

'അമ്മ മീറ്റിംഗിന് പോയപ്പോള്‍ മണിക്കുട്ടനൊപ്പം ഫോട്ടോയെടുത്തിരുന്നു. അത് ഫേസ്ബുക്കിലിട്ടപ്പോഴാണ് എനിക്ക് മണിക്കുട്ടന്റെ ഫാന്‍ ബേസ് മനസിലായത്', ലക്ഷ്മി ഗോപാലസ്വാമി അറിയിക്കുന്നു. ഇതിന് രസകരമായ മറുപടി മണിക്കുട്ടൻ നൽകുന്നുണ്ട്. 'ബോയ്ഫ്രണ്ട് 16 വര്‍ഷം പിന്നിടുമ്പോള്‍ 17 ന്റെ അഴകില്‍ ലക്ഷ്മി ഗോപാലസ്വാമിയെന്നാണ് ഞാന്‍ ക്യാപ്ഷന്‍ കൊടുത്തത്. യഥാര്‍ത്ഥത്തില്‍ ലക്ഷ്മിയെക്കുറിച്ച് പറഞ്ഞതുകൊണ്ടാണ് ആ ഫോട്ടോ വൈറലായത്', മണിക്കുട്ടൻ പറയുന്നു.

ബിഗ് ബോസിന്റെ വിജയിക്ക് ലഭിക്കുന്ന ഫ്ലാറ്റ് മണിക്കുട്ടന് ലഭിച്ചിട്ടുണ്ട്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിൽ ഈ സന്തോഷം പങ്കുവച്ചത്.'പ്രിയപ്പെട്ടവരെ ബിഗ് ബോസിലൂടെ എനിക്ക് ലഭിച്ച ഫ്ളാറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. സന്തോഷം എല്ലാവരെയും അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ അച്ഛന്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുയും, ഈ വരുന്ന ഏപ്രില്‍ 12 ന് തിരുവനന്തപുരം എസ് സി ടി ഹോസ്പിറ്റലില്‍ വച്ച് ഒരു സര്‍ജ്ജറിയ്ക്ക് വിധേയനാകാന്‍ പോകുകയും ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ കുറച്ച് വൈകിയത്', ഫെയ്സ്ബുക്കിൽ താരം പറഞ്ഞു.

'നിങ്ങള്‍ നല്‍കിയ സ്‌നേഹ സമ്മാനമാണ് ഈ ഫ്‌ളാറ്റ്. അതുകൊണ്ട് തന്നെ അതിന്റെ കാര്യങ്ങള്‍ അറിയേണ്ടത് നിങ്ങളുടെ അവകാശമാണ്. അറിയിക്കേണ്ടത് എന്റെ കടമയാണ്. എല്ലാ സാഹചര്യങ്ങളും പഴയത് പോലെ ആകുമ്പോള്‍ ബാക്കി വിവരങ്ങള്‍ എല്ലാവരെയും അറിയിക്കാം. എന്റെ ജീവിതത്തിലെയും കുടുംബത്തിലെയും സന്തോഷത്തില്‍ കൂടെ നില്‍ക്കാന്‍ എന്നും പ്രേക്ഷകരും, അവരുടെ സന്തോഷവും സ്‌നേഹവും ഉണ്ടാവണം. എന്ന് നിങ്ങളുടെ സ്വന്തം എം കെ', സ്വന്തം കൈപ്പടയിൽ മണിക്കുട്ടൻ കുറിച്ചു.


Click it and Unblock the Notifications











