'നമ്മുടെ മധുവിനെ കള്ളനാക്കിയ അഖിൽ മാരാരേ....... നിങ്ങളുടെ മനസ് ഇത്രയ്ക്ക് ചെറുതായിപ്പോയല്ലോ'; മനോജ് കുമാർ
ബിഗ് ബോസ് സീസൺ ഫൈവ് കാണുന്ന പ്രേക്ഷകരെല്ലാം ഒരുപോലെ പറയുന്ന ഒന്നാണ് അഖിൽ മാരാർ എന്ന മത്സരാർഥിക്ക് ഏറ്റവും കൂടുതൽ വിനയാകുന്നത് അദ്ദേഹത്തിന്റെ നാക്കാണെന്ന്. അത് മൂലമാണ് പ്രേക്ഷകർക്ക് പോലും ഒരു വെറുപ്പ് വരുന്നതെന്ന്. ഇപ്പോഴിത നാക്ക് അഖിൽ മാരാരെ വീണ്ടും ചതിച്ചിരിക്കുകയാണ്.
അതിപ്പോൾ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും വരെ നീങ്ങിയിരിക്കുകയാണ്. ആൾക്കൂട്ട ആക്രമണത്തിന് ഇരയായി ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷി മധുവിനെ കുറിച്ചാണ് ബിഗ് ബോസ് ഹൗസിലെ സംസാരത്തിനിടെ അഖിൽ മനസാക്ഷിയുള്ളവർക്ക് ഒട്ടും ദഹിക്കാത്ത തരത്തിലുള്ള തമാശ പറഞ്ഞത്.

ബിഗ് ബോസില്‍ ടാസ്‍ക് നടക്കവെയായിരുന്നു അഖിലിന്‍റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ മീശമാധവനെയാണ് ടാസ്‍കില്‍ അവതരിപ്പിച്ചത്.
തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്‍ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്‍തത്.
നിന്നോട് അരിയാഹാരങ്ങള്‍ മോഷ്‍ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്‍റെ അവസ്ഥയാവും.
ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്‍റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെയെന്നാണ് മറ്റ് മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞത്. സംഭാഷണം വളരെ പെട്ടന്ന് വൈറലായി. നിരവധിപ്പേർ അഖിലിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിത സീരിയൽ താരം മനോജ് കുമാറും അഖിലിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മധുവിനെ കള്ളനോട് ഉപമിച്ചത് വളരെ മോശമായിപ്പോയിയെന്നും അഖിൽ മാരാരുടെ മനസ് ഇത്ര ചെറുതാണെന്ന് ഇപ്പോഴാണ് അറിയുന്നത് എന്നുമാണ് മനോജ് കുമാർ തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.
'അഖിൽ മാരാരോട് എനിക്കുള്ള ശക്തമായ പ്രതിഷേധം ഞാൻ അറിയിക്കുന്നു. നല്ലൊരു നീതി നടപ്പിലാകുമെന്ന് നമ്മൾ പ്രതീക്ഷിച്ച നമ്മുടെ സഹോദരൻ മധു കേസ്. വിശന്നപ്പോൾ ബ്രെഡ‍് എടുത്ത് കഴിച്ചുവെന്നതിന്റെ പേരിൽ ആ ചെറുപ്പക്കാരനോട് കുറച്ച് പേർ ക്രൂരതയാണ് കാണിച്ചത്.'

'വിശപ്പിന്റെ വില അറിയണം. നമുക്ക് പണമുണ്ട് ഭക്ഷണം വാങ്ങിക്കാനുള്ള അവസ്ഥയുണ്ട്. നമുക്ക് വിശപ്പിന്റെ വില അറിയില്ല. ഗതികെട്ടിട്ടായിരിക്കും ഇത്തിരി ഭക്ഷണം തരുമോയെന്ന് ആളുകൾ ചോദിക്കുന്നത്. അന്നദാനം മഹാദാനമെന്നാണ്. പുണ്യമാസമായ നോമ്പുകാലം പോലും വിശപ്പിന്റെ വില അറിയാൻ വേണ്ടിയുള്ളതാണ്.'
'മധു എന്ന സഹോദരനെ കെട്ടിയിട്ട് ചെയ്തത് വലിയ ക്രൂരതയാണ്. മധുവിനെ നിസാരവത്കരിച്ച് ബിഗ് ബോസ് ഷോയിൽ അഖിൽ മാരാർ പറഞ്ഞ തമാശ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മധുവിനെ കട്ടെടുക്കുന്ന കള്ളനായിട്ടാണോ കണ്ടിരിക്കുന്നത് മാരാരേ.... എന്ത് മാനദണ്ഡത്തിലാണ് അങ്ങനെ നിങ്ങൾ പറഞ്ഞത്.'
'നിങ്ങളുടെ മനസ് ഇത്രയ്ക്ക് ചെറുതായിപോയല്ലോ. മധുവൊരു കള്ളനാണോ?. അഖിൽ മാരാർ പറഞ്ഞ കാര്യം അംഗീകരിക്കാൻ പറ്റില്ല. മധുവിന്റെ കാര്യം അങ്ങനെയല്ല പറയേണ്ടത്' എന്നാണ് മനോജ് കുമാർ അഖിൽ മാരോരുള്ള പ്രതിഷേധം അറിയിച്ച് പറഞ്ഞത്. മധുവിനെ കുറിച്ച് മോശമായി സംസാരിച്ച അഖിൽ മാരാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
മധു വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവോ 500 രൂപ പിഴയോവാണ് ശിക്ഷ.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് ചുമത്തിയാണ് ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല.


Click it and Unblock the Notifications