'ബാക്ക് വിത്ത് സ്ട്രങ്ത്ത്.....'; ബിബി ഹൗസ് വാസം അവസാനിപ്പിച്ച് ഏയ്ഞ്ചലിൻ കേരളത്തിൽ, സ്വീകരിച്ച് ആരാധകരും!
ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയാൽ പിന്നെ മറ്റൊരു ഗ്രഹത്തിൽ എത്തിയ ഫീലാണെന്നാണ് അവിടുത്തെ ജീവിതം ആസ്വദിച്ചിട്ടുള്ളവരെല്ലാം ഒന്നടങ്കം പറയാറുള്ളത്. എത്ര തന്നെ സുഖ സൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും ഒരു സമയം കഴിയുമ്പോൾ സ്ട്രസ്സും പിരിമുറുക്കവും കൂടുമെന്നാണ് മത്സരാർഥികളുടെ പക്ഷം.
മോഹൻലാലിനോട് കപ്പ് നേടിയിട്ടെ ഞാൻ പുറത്ത് വരൂവെന്ന് പറഞ്ഞ് ഹൗസിനുള്ളിലേക്ക് പോകുന്നവർ അവിടെ ചെന്ന് കുറച്ച് മണിക്കൂറുകൾ കഴിയും മുമ്പ് അസ്വസ്ഥതകളും പുറത്ത് വരാനുള്ള ആഗ്രഹങ്ങളും പ്രകടിപ്പിച്ച് തുടങ്ങും. ചിലർ ഹൗസുമായി അഡ്ജസ്റ്റായി വരാൻ ഒരാഴ്ചയോളം എടുക്കും.
ആ സമയത്തിനുള്ളിൽ പ്രേക്ഷകർ തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ തെരഞ്ഞെടുത്ത് വോട്ട് ചെയ്ത് തുടങ്ങും. ഒരാഴ്ച കൊണ്ട് തന്നെ പ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ സാധിച്ചില്ലെങ്കിൽ പിന്നെ ഹൗസിൽ തുടരണമെന്ന തീവ്രമായ ആഗ്രഹം വരുമ്പോഴേക്കും പുറത്ത് പോകേണ്ടി വരും. അത് തന്നെയാണ് ഏയ്ഞ്ചലിന് സംഭവിച്ചത്.

തുടക്കത്തിലെ ഒരാഴ്ച മടി പിടിച്ച് ഇരുന്നും ഒസിഡി പ്രശ്നങ്ങൾ കാണിച്ചും ഹൗസിൽ ഡൗണായി ഇരുന്നതിനാൽ ആദ്യത്തെ ആഴ്ച ഏയ്‍ഞ്ചലിൻ പുറത്ത് പോണം എന്ന നിലപാടായിരുന്നു പ്രേക്ഷകർക്ക്. അതുകൊണ്ട് ആയിരിക്കാം ആദ്യത്തെ ആഴ്ചയിൽ നോമിനേഷനിൽ വന്നപ്പോൾ വോട്ട് കുറഞ്ഞത്. സീസൺ ഫൈവിൽ ആദ്യം എലിമിനേറ്റായത് ഏയ്ഞ്ചലിനാണ്.
രണ്ടാമത്തേയും മൂന്നാമത്തെ ആഴ്ചയും എത്തിയപ്പോഴാണ് ഏയ്ഞ്ചലിൻ ആക്ടീവായതും പ്രേക്ഷകർ വോട്ട് കൊടുത്ത് തുടങ്ങിയതും. ഒന്നാം ദിവസം മുതൽ കൗണ്ടർ പറഞ്ഞും ഗെയിം കളിച്ചും ആക്ടീവായിരുന്നെങ്കിൽ നിഷ്പ്രയാസം നൂറ് ദിവസം ഏയ്ഞ്ചലിന് പൂർത്തിയാകാമായിരുന്നു.
ഹൗസിലുള്ളവരും ഏയ്ഞ്ചലിനെ ഇഷ്ടപ്പെട്ട് വരികയായിരുന്നു. നോമിനേഷനിൽ ഡെയ്ഞ്ചറസ് സോണിൽ എത്തിയത് ഏയ്ഞ്ചലിനും ലെച്ചുവമായിരുന്നു. അതിൽ നിന്നാണ് വോട്ട് കുറഞ്ഞതിന്റെ പേരിൽ ഏയ്ഞ്ചലിൻ പുറത്തായത്. തങ്ങളുടെ പ്രിപ്പെട്ട ആഞ്ചി പോയപ്പോൾ റിനോഷ്, സാഗർ, മനീഷ, ജുനൈസ്, ഗോപിക തുടങ്ങിയ സഹമത്സരാർഥികളെല്ലാം വിഷമത്തിലായിരുന്നു.
മോഹൻലാലും നല്ല ആശംസകൾ നേർന്നാണ് ഏയ്ഞ്ചലിനെ പറഞ്ഞ് വിട്ടത്. മോഹൻലാലിനും ഏയ്ഞ്ചലിനോട് ഒരു പ്രത്യേക വാത്സല്യം ഉള്ളതുപോലെ തോന്നിയിരുന്നുവെന്നും അങ്ങോട്ട് പോയി ആരേയും ഹഗ് ചെയ്യാത്ത ലാലേട്ടൻ ഏയ്ഞ്ചലീനെ അങ്ങോട്ട് പോയി ഹഗ് കൊടുത്തുവെന്നും പ്രേക്ഷകരിൽ ചിലർ പറഞ്ഞു.

ഹൗസിൽ ഏറ്റവും ഒറിജിനലായി നിന്നിരുന്ന ഒരു മത്സരാർഥിയായിരുന്നു ഏയ്ഞ്ചലിൻ. ഇപ്പോഴിത ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം മിറർ സെൽൽഫിയുമായി എത്തിയിരിക്കുകയാണ് ഏയ്ഞ്ചലിൻ. 'ബാക്ക് വിത്ത് സ്ട്രങ്ത്ത്.....' എന്നാണ് ഫോട്ടോയ്ക്ക് താരം ക്യാപ്ഷൻ നൽകിയത്. ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായിരുന്നു താരം. ബിഗ് ബോസ് കപ്പ് നേടാൻ സാധിച്ചില്ലെങ്കിലും ഒരുപാട് ഹൃദയങ്ങൾ കീഴടക്കാൻ തനിക്ക് സാധിച്ചുവെന്നാണ് ഏയ്ഞ്ചലിൻ കൊച്ചിയിൽ തിരിച്ച് വന്നപ്പോൾ മാധ്യമങ്ങളോട് സംസാരിച്ച് പറഞ്ഞത്.
ബിഗ് ബോസ് ഷോയിലൂടെ ഒരു മത്സരാർത്ഥിക്ക് നേടാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം പ്രേക്ഷകരുടെ സ്നേഹം നേടുക എന്നതാണ്. ഈ ഇഷ്ടം ഏയ്ഞ്ചലിൻ നേടുകയും ചെയ്തു. പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആഴ്ചയിലും ബിബി ഹൗസിൽ നിന്നും പുറത്തുപോകേണ്ടവരെ തീരുമാനിക്കുന്നത്.
അതേസമയം ഏയ്ഞ്ചലിൻ ബിഗ് ബോസിലേക്ക് തിരിച്ചുവരും എന്നാണ് ബിബി ആരാധകർ പ്രതീക്ഷിക്കുന്നത്. എവിക്ട് ആയവർ ഹൗസിലേക്ക് തിരിച്ചുവന്ന ചരിത്രം മലയാളം ബിഗ് ബോസിനുണ്ട് എന്നത് തന്നെ അതിന് ഉദാഹരണമാണ്. ഹിമ ശങ്കർ, രമ്യ പണിക്കർ, നിമിഷ എന്നിവർ അതിന് ഉദാഹരണമാണ്. ഏയ്ഞ്ചലിനെക്കാൾ മുമ്പെ പോകേണ്ടവർ ഈ ആഴ്ച നോമിനേഷനിൽ ഉണ്ടായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇനി ഒരു മിഡ് വീക്ക് എവിക്ഷൻ കൂടി ഈ ആഴ്ച നടന്നേക്കും.


Click it and Unblock the Notifications