'സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു... സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും'; ഹനാൻ!
സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയാണ് ഹനാൻ. നടിയായും മോഡലായും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായും ബിഗ് ബോസ് മലയാളം സീസൺ ഫൈവ് കണ്ടസ്റ്റന്റായും പ്രശസ്തയാണ് ഹനാൻ.
സ്കൂൾ പഠനത്തിന് ശേഷം അതേ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. ജീവിത ചിലവ് കണ്ടെത്താനാണ് മീൻ കച്ചവടം നടത്തുന്നതെന്ന് അന്ന് ഹനാൻ പറഞ്ഞിരുന്നു. അതിനുശേഷം നിരവധി തവണ ഹനാൻ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഹനാന് നേരെ നിരവധി തവണ സൈബർ അറ്റാക്കുകളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. പിന്നീട് കുറേക്കാലം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഹനാൻ കിടപ്പിലായിരുന്നു. നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായ ഹനാന്‍റെ ചികിത്സ കേരള സർക്കാർ ഏറ്റെടുത്തിരുന്നു. ശേഷം തിരികെ ജീവിതത്തിലേക്ക് എത്തിയ ഹനാൻ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോകൾ പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഹനാൻ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയത്. ബിഗ് ബോസ് ഹൗസിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ ഹനാൻ താമസിച്ചുള്ളു. ശാരീരികമായി അവശയായതോടെയാണ് ഹനാൻ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയത്.
ബിഗ് ബോസിന് ശേഷം ഷോകളും പാട്ടും മോഡലിങുമെല്ലമായി ഹനാൻ സജീവമാണ്. മോഡേണായി വസ്ത്രങ്ങൾ ധരിക്കാനും യാത്രകൾ ചെയ്യാനും തുടങ്ങിയതോടെ ഹനാന് എതിരെയുള്ള വിമർശനങ്ങൾ പരിതിവിടുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഹനാൻ ആളുകളുടെ നിരന്തരമായുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.
സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു... എന്നാണ് ഏറെയും പേർ ഹനാനെ കുറ്റപ്പെടുത്തി പറയാറുള്ളത്. എന്നാൽ സത്യാവസ്ഥ എന്താണെന്നത് ഒരു വിവരാവകാശം എഴുതി എല്ലാവരും ചോദിക്കൂ എന്നാണ് ഹനാൻ പറയുന്നത്. 'നീ ചിരിക്കരുത്... നിന്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം.'
'എങ്ങനെ എങ്കിലും പച്ച പിടിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ നിനക്ക് ചേരുന്നത് പഴയ ജോലിയാണ് വന്ന വഴി ഒന്ന് തിരിഞ്ഞ് നടക്കുന്നത് നല്ലതാണെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുന്നു മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ... നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.'

'ഒന്ന് മനസ് തുറന്ന് ചിരിക്കാൻ ഉള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷമായി ജീവിതം മുന്നോട്ട് പോകുന്നു. എന്റെ പ്രവർത്തനങ്ങൾ ഇഷ്ടമായി മുഖ്യമന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിതച്ചെലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടകവീട്ടിലാണ്.'
'സഹായം തരാമെന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നുവെന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്ത് അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും.'
'വ്ലോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിങ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈ നീട്ടിയല്ല. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടനുണ്ട്. ചില സുഹൃത്തുക്കളുമുണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്.'
'സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. അഞ്ച് വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ച് നിൽക്കാൻ മീൻ വിറ്റ് ഉപജീവനം കണ്ടെത്തിയെന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ..?', എന്ന് ചോദിച്ചാണ് ഹനാൻ കുറിപ്പ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications











