'സാഗർ എന്നോട് ഒരുപാട് കാര്യങ്ങളിൽ സോറി പറഞ്ഞു... കുറേ കരഞ്ഞു'; ബിഗ് ബോസിന് ശേഷം നാദിറയും സെറീനയും സാഗറും!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ ഏറ്റവും നല്ല സുഹൃത്തുക്കളായി മാറിയവരാണ് നാദിറ മെഹ്റിനും സെറീന ആൻ ജോൺസണും സാഗർ സൂര്യയും. ഹൗസിനുള്ളിൽ വെച്ച് സാഗറിനോട് പ്രണയം വെളിപ്പെടുത്തിയിരുന്നു നാദിറ. എന്നാൽ തനിക്ക് അത്തരത്തിൽ ഒരു സ്നേഹമല്ലെന്നും സാഗർ നാദിറയോട് പറഞ്ഞിരുന്നു.
സാഗർ ഏറ്റവും കൂടുതൽ അടുപ്പം കാണിച്ചിരുന്ന മറ്റൊരാൾ സെറീനയായിരുന്നു. തന്റെ അമ്മയ്ക്ക് ശേഷം താൻ ഏറ്റവും കൂടുതൽ അടുത്തിട്ടുള്ള സ്ത്രീ സെറീനയാണെന്ന് പുറത്തിറങ്ങിയ ശേഷം സാഗർ പറയുകയും ചെയ്തിരുന്നു. സെറീന, നാദിറ കൂട്ടുകെട്ട് ആരംഭിച്ച ശേഷമാണ് സാഗറിന് വോട്ട് കുറഞ്ഞത്.
സെറീനയും സാഗറും ലവ് ട്രാക്ക് സൃഷ്ടിക്കാൻ ശ്രമിക്കുകയാണോയെന്ന സംശയം ബിഗ് ബോസ് പ്രേക്ഷകർക്ക് വന്നിരുന്നു. ശേഷം വൈകാതെ സാഗർ പുറത്തായി. ഇതോടെ ഗെയിമിൽ താഴേക്ക് കൂപ്പുകുത്തിയിരുന്ന നാദിറയും സെറീനയും ഗെയിമിലേക്ക് തിരികെ വന്നു.
സെറീനയും നാദിറയുമായുള്ള സൗഹൃദം മാറ്റിവെച്ച് കളിച്ചിരുന്നെങ്കിൽ ഫൈനൽ ഫൈവിൽ എത്താൻ സാഗറിന് സാധിക്കുമായിരുന്നുവെന്നും നേരത്തെ എവിക്ടാവില്ലായിരുന്നുവെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

ഷോ അവസാനിച്ചെങ്കിലും സെറീന-നാദിറ-സാഗർ സൂര്യ സൗഹൃദം ശക്തമായി മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ സെറീനയ്ക്കും സാഗറിനുമൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയതിന്റെ വിശേഷങ്ങൾ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ വിവരിച്ചിരിക്കുകയാണ് നാദിറ. ഒപ്പം മനീഷയും ശ്രുതി ലക്ഷ്മിയും ഷിജുവുമെല്ലാം ഉണ്ടായിരുന്നു.
എല്ലാവരും കാണാൻ ആഗ്രഹിച്ച സുദിനം വന്നെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് സെറീനയ്ക്കും സാഗറിനുമൊപ്പമുള്ള പാർട്ടി വിശേഷങ്ങൾ നാദിറ പങ്കിട്ടത്. ഷിമറി സാരിയിൽ സുന്ദരിയായാണ് സെറീന പാർട്ടിക്കെത്തിയത്.
ഹെവി മേക്കപ്പും ഡ്രസ്സും ധരിച്ച് എത്തിയതിനെ കുറിച്ച് നാദിറ ചോദിച്ചപ്പോൾ തന്റെ കല്യാണം കഴിഞ്ഞുെവെന്നും റിസപ്ഷനാണെന്നുമാണ് തമാശയായി സെറീന പറഞ്ഞത്. നാദിറയ്ക്ക് തന്നെ ഒരുപാട് ഇഷ്ടമാണെന്നത് താൻ ഇപ്പോൾ മനസിലാക്കുന്നുവെന്നും സെറീന വീഡിയോയിൽ പറയുന്നുണ്ട്. ഒരു കാര്യത്തിലും താൻ ഇതുവരെയും സെറീനയോട് സോറി പറഞ്ഞിട്ടില്ലെന്നും എന്നാൽ സാഗർ തന്നോട് പല കാര്യങ്ങളിലും സോറി പറഞ്ഞുവെന്നും ഒരുപാട് നേരം കരഞ്ഞുവെന്നും നാദിറ പറഞ്ഞു.
സാഗർ ഹൗസിനുള്ളിൽ വെച്ച് തന്ന കത്ത് തന്റെ പക്കലുണ്ടെന്നും എന്നെങ്കിലും ഒരിക്കലും അത് തന്റെ പ്രേക്ഷകരെ കാണിക്കുമെന്നും എല്ലാ കാര്യങ്ങളും അതിൽ വിശദമായി ഉണ്ടെന്നും നാദിറ പറഞ്ഞു. തനിക്ക് സാഗർ കത്ത് തന്ന വിവരം ജനങ്ങൾ അറിഞ്ഞിട്ടില്ലെന്നും നാദിറ പറയുന്നു.

ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ജീവിതം അടിമുടി മാറിയ ഒരാളാണ് നാദിറ മെഹ്റിൻ. ആറ് വർഷമായി വീടുമായോ മാതാപിതാക്കളുമായോ യാതൊരു ബന്ധവും നാദിറയ്ക്ക് ഉണ്ടായിരുന്നില്ല. സ്ത്രീയായി മാറാനുള്ള തീരുമാനം എടുത്തപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നും സഹോദരിയുമായി മാത്രമാണ് ബന്ധമുണ്ടായിരുന്നതെന്നും നാദിറ ഹൗസിൽ വെച്ച് പലപ്പോഴായി പറഞ്ഞിരുന്നു.
ബിഗ് ബോസിൽ മത്സരിക്കാനെത്തിയ ശേഷമാണ് നാദിറയുടെ മാതാപിതാക്കൾ താരത്തെ അംഗീകരിച്ച് തുടങ്ങിയത്. അടുത്തിടെ വീട്ടിൽ തിരികെ എത്തിയതിന്റെ വീഡിയോ നാദിറ യുട്യൂബ് ചാനൽ വഴി പങ്കിട്ടിരുന്നു.
സെറീന മോഡലിങും മറ്റുമായി തിരക്കിലാണ്. സാഗർ പുതിയ സിനിമയിൽ അഭിനയിക്കാനും മറ്റുമുള്ള തയ്യാറെടുപ്പിലാണ്. ജോജു ജോര്‍ജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് സാഗറും ജുനൈസും അഭിനയിക്കാൻ ഒരുങ്ങുന്നത്. ജോജുവിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സാഗറും ജുനൈസും ആയിരിക്കും.
അഖില്‍ മാരാർ മുഴുവന്‍ സമയവും ഈ പ്രോജക്റ്റിന് ഒപ്പമുണ്ടാവും. 10 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള പടമാണിത്. ജോജു തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. ജോജുവും അഖിൽ മാരാരും ഒന്നിക്കുന്നൊരു സിനിമയും ഉടൻ ഉണ്ടാകും.


Click it and Unblock the Notifications