കെട്ടിപിടിച്ചും ഉമ്മവെച്ചും മാതാപിതാക്കൾ, ആറ് വർഷത്തിന് ശേഷം വീട്ടിൽ തിരികെ എത്തി, നാദിറയുടെ സുന്ദര നിമിഷങ്ങൾ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിച്ചപ്പോൾ എല്ലാംകൊണ്ടും നേട്ടങ്ങൾ ഉണ്ടായൊരു മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ. ട്രാൻസ്ജെന്റേഴ്സ് വിഭാഗത്തിൽ നിന്നും നിരവധി മത്സരാർത്ഥികൾ ഇതിന് മുമ്പും ബിഗ് ബോസിൽ മത്സരാർത്ഥികളായി പങ്കെടുത്തിട്ടുണ്ടെങ്കിലും നാദിറ ഉണ്ടാക്കിയെടുത്ത ആരാധകരെ സമ്പാദിക്കാൻ അവർക്കാർക്കും സാധിച്ചിരുന്നില്ല.
ബിഗ് ബോസ് വീടിനകത്തെ വാദപ്രതിവാദങ്ങളിലും തന്റെ നിലപാട് കൃത്യമായി തുറന്ന് പറയാനും നാദിറ മടി കാണിച്ചിരുന്നില്ല.
ഫിസിക്കൽ ടാസ്കുകളിലും മറ്റും മികവോടെ മുന്നോട്ട് പോയ മത്സരാർത്ഥിയുമായിരുന്നു നാദിറ. 1999ൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് നാദിറ ജനിച്ച് വളർന്നത്. നജീബ് എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. പിന്നീട് താനൊരു ട്രാൻസാണെന്നും പുരുഷനായി തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും മനസിലാക്കിയതോടെ സത്യം വീട്ടിൽ മാതാപിതാക്കൾക്ക് മുമ്പിൽ നാദിറ തുറന്ന് പറഞ്ഞു.

അതോടെ വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് കൊച്ചിയിൽ വന്ന് ട്രാൻസ് സമൂഹത്തിനൊപ്പം ജീവിച്ച് പഠിച്ചു. നിരവധി സർജറികൾ നടത്തി താരം ട്രാൻസ് വുമണായി മാറി. ആറ് വർഷത്തിലേറെയായി ബാപ്പയെയോ ഉമ്മയേയോ നാദിറ കണ്ടിരുന്നില്ല. സഹോദരി ഷഹനാസുമായി മാത്രമാണ് നാദിറ സംസാരിച്ചിരുന്നതും ബന്ധം പുലർത്തിയിരുന്നതും.
എന്നാൽ ബിഗ് ബോസിലേക്ക് നാദിറ പങ്കെടുക്കാൻ എത്തിയതോടെ കുടുംബം താരത്തെ അംഗീകരിക്കാൻ തുടങ്ങി. ഹൗസിൽ വെച്ച് പലപ്പോഴും ട്രാൻസ് സമൂഹത്തിന് വേണ്ടി നാദിറ ഒരുപാട് സംസാരിക്കുകയും തന്റെ കുടുംബത്തെ തനിക്ക് എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
മദേഴ്സ് ഡെയിൽ ഹൗസിലേക്ക് ഉമ്മയുടെ ഫോൺ കോൾ വരികയും ഫാമിലി വീക്കിൽ സഹോദരി കാണാൻ വരികയും ചെയ്തതോടെയാണ് കുടുംബം തന്നെ അംഗീകരിച്ച് തുടങ്ങിയെന്നത് നാദിറ മനസിലാക്കിയത്. മണി ബോക്സ് ടാസ്കിൽ ഏഴേമുക്കാൽ ലക്ഷം രൂപയുമെടുത്താണ് നാദിറ ഹൗസിൽ നിന്നും പുറത്തിറങ്ങിയത്. മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്ത് പുറത്ത് വന്ന ശേഷം നാദിറ ആദ്യം വിളിച്ചതും മാതാപിതാക്കളെയായിരുന്നു.
നാട്ടിൽ തിരികെ എത്തി വൈകാതെ തന്നെ നാദിറ വീട്ടിൽ പോയി മാതാപിതാക്കളെ കണ്ടിരുന്നു. ഇപ്പോഴിതാ ആറ് വർഷത്തിന് ശേഷം ആദ്യമായി വീട്ടിൽ പോയി ബാപ്പയേയും ഉമ്മയേയും സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ നാദിറ മെഹ്റിൻ.

താൻ വരുമെന്ന് ചെറിയൊരു സൂചന കൊടുത്തിട്ടാണ് വീട്ടിലേക്ക് പോകുന്നതെന്നും വീഡിയോയിൽ നാദിറ പറഞ്ഞു. നാദിറയെ കണ്ടയുടൻ ബാപ്പയും ഉമ്മയും കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതും വീഡിയോയിൽ കാണാം. ഉമ്മ നാദിറയ്ക്ക് ഭക്ഷണം വാരികൊടുക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. മുഴുവൻ ലഗേജുമായാണ് നാദിറ വീട്ടിലേക്ക് എത്തിയത്.
നാദിറയുടെ കുടുംബത്തെ കാണാൻ നേരത്തെ താരത്തിന്റെ സഹമത്സരാർത്ഥികളായിരുന്ന അഖിൽ മാരാരും ശോഭ വിശ്വനാഥുമെല്ലാം എത്തിയിരുന്നു. നിരവധി പേരാണ് നാദിറയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. നാദിറയെ കുടുംബത്തോടൊപ്പം കാണാൻ സാധിച്ച സന്തോഷമാണ് ഭൂരിഭാഗം ആളുകളും കമന്റുകളിലൂടെ പ്രകടിപ്പിച്ചത്.
താൻ ബിഗ് ബോസിൽ പങ്കെടുത്ത ശേഷം തന്നെ പോലെ സ്വന്തം സ്വത്വം വെളിപ്പെടുത്താൻ ആഗ്രഹിച്ച പലർക്കും കുടുംബത്തോട് അത് വെളിപ്പെടുത്താനുള്ള ധൈര്യം ലഭിച്ചുവെന്നും തനിക്ക് വരുന്ന മെസേജുകളിൽ നിന്നും അത് വ്യക്തമാണെന്നും പലർക്കും പ്രചോദനമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നാദിറ വീഡിയോയിൽ പറഞ്ഞു.
ദിയ സനയും നാദിറയ്ക്കൊപ്പം വീഡിയോയിലുണ്ടായിരുന്നു. ദിയ സനയെയാണ് നാദിറ മമ്മിയെന്ന് വിളിക്കുന്നത്. വീഡിയോ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ടിക്കറ്റ് ടു ഫിനാലെ വിജയിച്ച ട്രാൻസ്ജെന്ററാണ് നാദിറ.


Click it and Unblock the Notifications