അത് അഖിൽ മാരാരുടെ സിക്സ്ത്ത് സെൻസല്ലേ?, വിഷ്ണുവിനോട് പറഞ്ഞത് അഖിലിനോടും സൂചിപ്പിച്ചിരുന്നുവെന്ന് ഒമർ!
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഏറ്റവും അവസാനം പുറത്തായ മത്സരാർഥി സംവിധായകൻ ഒമർ ലുലുവാണ്. വൈൽഡ് കാർഡായി വന്ന ഒമർ ലുലു രണ്ടാഴ്ച മാത്രമാണ് ഹൗസിൽ നിന്നത്. പലർക്കും ഒമർ ലുലുവിനെ കുറിച്ചുള്ള കാഴ്ചപ്പാട് മൊത്തത്തിൽ മാറിയത് അദ്ദേഹം ബിഗ് ബോസിൽ പങ്കെടുക്കാൻ വന്നശേഷമാണ്.
ഗെയിമിൽ ഫോമായി വരുന്നതിനിടെയാണ് ഒമറിന് ഹൗസ് വിട്ട് പുറത്ത് പോകേണ്ടി വന്നത്. സെറീനയ്ക്കായിരുന്നു വോട്ട് കുറവെന്നും ഒമറിനെ മനപൂർവം ഹൗസിൽ പുറത്താക്കിയതാണെന്നും ഒമറിന്റെ എവിക്ഷന് ശേഷം ആരോപണങ്ങൾ ഉയർന്നിരുന്നു.
ഹൗസിൽ നിന്നും എവിക്ടായി പുറത്തേക്ക് വരും മുമ്പ് എല്ലാവരോടും യാത്ര പറയുന്നതിനിടെ വിഷ്ണുവിനോട് മാത്രമായി ചില രഹസ്യങ്ങൾ ഒമർ ലുലു പറഞ്ഞിരുന്നു. അഖിൽ മാരാർക്ക് ഹൗസിന് പുറത്ത് നെഗറ്റീവാണെന്നും ശോഭയ്ക്കൊപ്പം നിൽക്കണമെന്നുമാണ് വിഷ്ണുവിനോട് ഒമർ പറഞ്ഞത്. പിന്നീട് ഒമർ പുറത്തായശേഷം സംസാരിക്കവെ തനിക്ക് നെഗറ്റീവാണെന്നല്ലേ ഒമർ പറഞ്ഞതെന്ന് വിഷ്ണുവിനോട് അഖിൽ ചോദിക്കുകയും ചെയ്തിരുന്നു.

പക്ഷെ അപ്പോൾ വിഷ്ണു കൃത്യമായി മറുപടി നൽകിയില്ല. പിന്നീട് ഒമർ വിഷ്ണുവിന്റെ ചെവിയിൽ പറഞ്ഞ രഹസ്യം അഖിൽ സിക്സ്ത് സെൻസ് കൊണ്ട് മനസിലാക്കി എന്ന തരത്തിൽ ഫാൻസ് ഗ്രൂപ്പുകളിൽ ട്രോളും മറ്റും പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ സത്യാവസ്ഥ അതല്ലെന്ന് പറയുകയാണ് ഇപ്പോൾ ഒമർ ലുലു.
ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഒമർ ലുലു ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ചത്. 'പിആർ സെറ്റ് ചെയ്യാതെയാണ് പോയത്. ബിഗ് ബോസ് എക്സ്പീരിയൻസ് ചെയ്യണമായിരുന്നു അത് മാത്രമായിരുന്നു ഉദ്ദേശം. വൈൽഡ് കാർഡായി ഞാൻ ഹൗസിലേക്ക് ചെന്നപ്പോൾ ധരിച്ച മൈക്കിൽ എന്റെ പേരുണ്ടായിരുന്നു.'
'അത് കണ്ടപ്പോൾ തന്നെ അവർക്ക് ഞാനും മത്സരാർഥിയാണെന്ന് മനസിലായിരുന്നു. ഹൗസിലേക്ക് ചെന്ന് കുറച്ച് ദിവസം മാരാർ എന്നോട് കമ്പനിയായി. പുറത്തെ കാര്യങ്ങൾ അറിയാൻ വേണ്ടിയായിരുന്നു അത്. ഹൗസിലുള്ള എല്ലാവരും കുറച്ച് ദിവസം നമ്മളോട് സംസാരിച്ച് പുറത്തെ കാര്യങ്ങൾ ചോദിച്ച് അറിഞ്ഞ് എടുക്കും.'
'വൈൽഡ് കാർഡ് ഹൗസിൽ ഒറ്റപ്പെടും. കാരണം അവർ എല്ലാവരും ഒരുമിച്ച് ഹൗസിലേക്ക് വന്നവരാണ്. അതുകൊണ്ട് തന്നെ നമ്മൾ പെട്ടന്ന് കയറി ചെല്ലുന്നത് ഒരു ഇടിച്ച് കയറലായി അവർക്ക് തോന്നും. എനിക്ക് അവിടുത്തെ സാഹചര്യവുമായി ഒത്തുപോകാൻ പറ്റുന്നുണ്ടായിരുന്നില്ല. ദേഷ്യം വന്നപ്പോഴാണ് ബാത്ത് റൂം ചവിട്ടി പൊളിച്ചത്.'

'പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്ന മൈൻഡ് ആയിരുന്നു. അഞ്ചൂസിനോട് ആദ്യം ദേഷ്യം തോന്നിയിരുന്നില്ല. പക്ഷെ പിന്നെ ബാത്ത് റൂം വിഷയം ചർച്ചയായപ്പോൾ അഞ്ചൂസ് മുഖത്ത് നോക്കി കള്ളം പറഞ്ഞുവെന്ന് തോന്നി. അപ്പോൾ വിഷമമായി. അതുപോലെ തന്നെ ശോഭയെ മാരാർ നന്നായി ബുള്ളി ചെയ്യുന്നുണ്ട്.'
'എല്ലാം ടെലികാസ്ററ് ചെയ്യുന്നില്ലെന്ന് മാത്രം. അവളും അത് പരാതിയായി പറയാറുണ്ട്. പിന്നെ ഒറ്റപ്പെടുമ്പോൾ ചെറിയ കളിയാക്കലും വേദനയായി തോന്നും. ശോഭ ഒറ്റയ്ക്കാണ് കളിക്കുന്നത്. ഹൗസിലെ ഏറ്റവും നല്ല ഗെയിമർ വിഷ്ണുവാണ്. വിഷ്ണുവിനോട് പറഞ്ഞ കാര്യം തന്നെ ഞാൻ അഖിൽ മാരാരോും സൂചിപ്പിച്ചിരുന്നു.'
'അതുകൊണ്ടാണ് അഖിൽ തനിക്ക് നെഗറ്റീവാണെന്നല്ലേ ഒമർ പറഞ്ഞതെന്ന് വിഷ്ണവിനോട് ചോദിച്ചത്. അല്ലാതെ മറ്റൊന്നുമല്ല. ഇതുമായി ബന്ധപ്പെട്ട് കുറെ പോസ്റ്റുകൾ ഞാൻ കണ്ടിരുന്നു' ഒമർ ലുലു പറഞ്ഞു. ഇപ്പോൾ ഹൗസിലുള്ളവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് കളിക്കുന്നത്. പക്ഷെ നാലാം സീസണിനോട് കിടപിടിക്കുന്ന തരത്തിൽ കണ്ടന്റില്ലെന്ന് മാത്രം.


Click it and Unblock the Notifications