അക്കാദമിക് കാര്യങ്ങൾ നോക്കുന്ന എനിക്ക് പേളി മാണിയുടെ ഗർഭ വാർത്ത; ഭ്രാന്ത് പിടിച്ചു; അഖിൽ മാരാർ
ബിഗ് ബോസ് അഞ്ചാം സീസണിൽ ശക്തമായ സാന്നിധ്യമായ മത്സരാർത്ഥിയാണ് അഖിൽ മാരാർ. ആദ്യ ദിവസം മുതൽ സ്ക്രീൻ സ്പേസും പ്രേക്ഷക ശ്രദ്ധയും ലഭിക്കുന്ന വ്യക്തി. ബിഗ് ബോസെന്ന ഷോയെ നിശിതമായി വിമർശിച്ച അഖിൽ മാരാർ പക്ഷെ ബിഗ് ബോസ് വീട്ടിലേക്ക് കടന്നപ്പോൾ വീറും വാശിയുമുള്ള മത്സരാർത്ഥിയായി. വഴക്കിലും സൗഹൃദത്തിലുമെല്ലാം അഖിൽ മാരാറുടെ സാന്നിധ്യമുണ്ട്.
ഗോപിക, നാദിറ, റെനീൽ എന്നീ മത്സരാർത്ഥികളുമായി കഴിഞ്ഞ ദിവസങ്ങളിൽ അഖിൽ മാരാർ വാക്കേറ്റത്തിലും ഏർപ്പെട്ടു. ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ പദവി ലഭിച്ചിരിക്കുന്നതും അഖിൽ മാരാർക്കാണ്. കഴിഞ്ഞ സീസണിലെ താരമായ റോബിൻ രാധാകൃഷ്ണനെതിരെ ഉന്നയിച്ച വിമർശനങ്ങളോടെയാണ് അഖിൽ മാരാർ വാർത്താ പ്രാധാന്യം നേടുന്നത്. ബിഗ് ബോസ് താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സ് എന്നിവരയൊക്കെ രൂക്ഷമായി അഖിൽ വിമർശിച്ചിട്ടുണ്ട്.
മാളികപ്പുറം എന്ന സിനിമയ്ക്ക് വേണ്ടി സംസാരിച്ചപ്പോഴായിരുന്നു ഇത്. ഈ വിവാദമാണ് ബിഗ് ബോസിലേക്ക് അഖിൽ മാരാറിന് ക്ഷണം കിട്ടാൻ കാരണമായതെന്നാണ് വിലയിരുത്തൽ. പൊതുവെ ഓൺലൈൻ സിനിമാ നിരൂപകരെ ആരും വിമർശിക്കാൻ പോവാറില്ല. വിമർശിച്ചാൽ അത് പിന്നീട് ട്രോളാവുമെന്ന ഭയം പലർക്കുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യക്കാരെ ഉത്തരം മുട്ടിച്ച് കൊണ്ട് അഖിൽ മാരാർ തുടരെ വിമർശനമുന്നയിച്ചു.

ബിഗ് ബോസ് താരം റോബിനെ പരിഹസിച്ചെന്ന് പറഞ്ഞ് റോബിൻ ഫാൻസും അഖിൽ മാരാർക്കെതിരെ രംഗത്തെത്തി. അഖിൽ ബിസ് ബോസ് വീട്ടിലായ അവസരത്തിൽ ഇദ്ദേഹത്തിനെതിരെ ട്രോളുകളും പരിഹാസവുമായി സോഷ്യൽ മീഡിയ താരങ്ങളും രംഗത്തുണ്ട്. ചില യൂട്യൂബ് വ്ലോഗുകാർ അഖിൽ മാരാറിനെ ഇപ്പോൾ ഒരു സ്ഥിര വിഷയമാക്കിയിട്ടുമുണ്ട്. ഫിൽമി ബീറ്റിന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് ഷോയോട് താൽപര്യമില്ലെന്നാണ് അന്ന് അഖിൽ മാരാർ പറഞ്ഞത്. ബിഗ് ബോസ് കാണുന്നവരിൽ കൂടുതലും കുട്ടികളും കുടുംബവുമാണെന്നും അഖിൽ മാരാർ അന്ന് അഭിപ്രായപ്പെട്ടു. അതേസമയം ബിഗ് ബോസിലൂടെ ഒരു പക്ഷെ നമ്മളുടെ പ്രതിച്ഛായ മാറ്റാൻ പറ്റുമെന്നും അഖിൽ മാരാർ അഭിപ്രായപ്പെട്ടു. ഒന്നാം സീസണിൽ സാബു മോൻ വിജയിച്ചതും അഖിൽ മാരാർ ചൂണ്ടിക്കാട്ടി.

'എല്ലാവരുടെയും പേരുകൾ കേരളത്തിൽ ചർച്ചയായിട്ടുണ്ട്. ഒരു സമയത്ത് പേളി മാണിയുടെ ഗർഭവും, ഇപ്പോൾ പ്രസവിക്കും നാളെ പ്രസവിക്കും എന്ന വാർത്തകൾ മാത്രമായിരുന്നു. ഭ്രാന്ത് പിടിച്ചിട്ടുണ്ട്. എന്താ സംഭവമെന്ന് ഞാൻ വിചാരിച്ചിരുന്നു. എവിടെ നിന്നാണ് ഈ സജഷൻ വരുന്നത്? നമ്മുടെ മുമ്പിലേക്ക് വരുന്ന പല സജഷനും ഞാൻ ഫോളോ ചെയ്യുന്നതല്ല. ഞാൻ അക്കാദമിക് കാര്യങ്ങളൊക്കെ പഠിക്കാൻ വേണ്ടി ഗ്രൂപ്പുകളൊക്കെ നോക്കുന്നതാണ്. പക്ഷെ സജഷൻ എന്ന് പറഞ്ഞ് കുറേ കയറി വരുന്നുണ്ട്,' അഖിൽ മാരാർ പറഞ്ഞതിങ്ങനെ.
ബിഗ് ബോസിൽ അഖിൽ മാരാറിന് ഇനി ആരാധക വൃന്ദം സൃഷ്ടിക്കാൻ പറ്റുമോയെന്നാണ് പ്രേക്ഷകർ നോക്കുന്നത്. സാബു, രജിത് കുമാർ തുടങ്ങിയവരുടെ പിൻഗാമിയായി അടുത്ത ബിഗ് ബോസ് താരമായി അഖിൽ മാരാർ വരുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പിന്തിരിപ്പൻ ചിന്താഗതിക്കാരനെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. എന്നാൽ തന്റെ വാദങ്ങളിൽ നിന്ന് പിന്നോട്ട് പോവാൻ അഖിൽ മാരാർ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചർച്ച മത്സരാർത്ഥികൾ തമ്മിൽ ബിഗ് ബോസ് വീട്ടിനുള്ളിൽ നടന്നിരുന്നു.


Click it and Unblock the Notifications