ഇത് മറ്റാരുമല്ല ശിവൻകുട്ടിയുടെ ഉണ്ണികൃഷ്ണനാണ്, 15 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച, ബിഗ് ബോസിൽ സുരേഷും!
2009ൽ ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തുവന്ന ഭ്രമരം എന്ന ചിത്രം ഇന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്. സിനിമ കണ്ടിറങ്ങുമ്പോൾ മോഹൻലാലിന്റെ ശിവൻകുട്ടി പ്രേക്ഷകന്റെ മനസിൽ ഒരു വേദനയായി അവസാനിക്കും. അത്രത്തോളം മാനസിക വികാരങ്ങളുടെ തീക്ഷ്ണതയുള്ള കഥാപാത്രമായിരുന്നു ശിവൻകുട്ടി. മോഹൻലാൽ എന്ന നടന്റെ ഉജ്വല പ്രകടനം തന്നെയാണ് സിനിമയെ വേറൊരു തലത്തിലേക്ക് പിടിച്ചുയർത്തിയത്.
മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഭ്രമരത്തിലെ ശിവന്‍കുട്ടി എന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാരപാത്രത്തെ കൂടാതെ മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങൾ കൂടിയുണ്ടായിരുന്നു. അതിൽ ഒരു കഥാപാത്രം ചെയ്തത് നടനും തിരക്കഥാകൃത്തുമെല്ലമായ മുരളി ഗോപിയാണ്.

മറ്റൊരു കഥാപാത്രമായ ഉണ്ണി കൃഷ്ണനെ അവതരിപ്പിച്ചത് ബോംബെ മലയാളിയായ നടൻ സുരേഷ് മേനോനായിരുന്നു. ഭ്രമരത്തിനുശേഷം പിന്നീട് മറ്റ് മലയാള സിനിമകളിലൊന്നും സുരേഷ് മേനോനെ കണ്ടിട്ടില്ല. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മലയാളികൾക്ക് മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സുരേഷ് മേനോൻ ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി.
പതിനഞ്ച് വർഷങ്ങൾക്കുശേഷം സഹപ്രവർത്തകനെ വീണ്ടും കണ്ടുമുട്ടിയതിന്റെ ആഹ്ലാദം മോഹൻലാലിന്റെ മുഖത്തും കാണാമായിരുന്നു. ഒരു 15 വര്‍ഷത്തിന് ശേഷമാണ് നമ്മള്‍ കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ സുരേഷിനെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാൽ ആദ്യ കാഴ്ചയിൽ പലർക്കും ഭ്രമരത്തിലെ ഉണ്ണികൃഷ്ണനാണെന്ന് മനസിലായില്ല.
കാരണം മൊട്ടയടിച്ച് ബുൾഗാനും കളഞ്ഞ് വളരെ വ്യത്യസ്തമായ ലുക്കിലാണ് സുരേഷ് മേനോൻ എത്തിയത്. എത്ര പഠിച്ചിട്ടും ഒരു മാസ്റ്ററിന്‍റെ കൂടെ ജോലി ചെയ്തത് പോലെയായിരുന്നു നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ക്കൂടി നിങ്ങളെ കാണുമ്പോള്‍ സന്തോഷം മാത്രമേ ഉള്ളൂ എന്നാണ് മോഹൻലാലിനെ വീണ്ടും കണ്ടുമുട്ടി സംസാരിച്ചപ്പോഴുള്ള സന്തോഷം പങ്കിട്ട് സുരേഷ് മേനോന്‍ പറഞ്ഞത്.
1997 മുതൽ അഭിനയത്തിൽ സജീവമായുള്ള വ്യക്തിയാണ് സുരേഷ് മേനോൻ. കൂടുതലും സിനിമകൾ സുരേഷ് ചെയ്തിരിക്കുന്നത് ഹിന്ദിയിലും മറാഠിയിലുമെല്ലാമാണ്. പോരാത്തതിന് സ്റ്റാന്റപ്പ് കോമഡിയിലും സുരേഷ് മേനോൻ സജീവമാണ്. മുംബൈ മലയാളിയായ സുരേഷ് മേനോന്‍റെ നാട് പാലക്കാടാണ്.

സുരേഷ് മേനോന്റെ ആക്ടിങ് ഫിലിമോഗ്രഫിയിൽ അറുപതിലേറെ സിനിമകളുണ്ട്. കുറച്ച് പേടിയുണ്ട് ബിഗ് ബോസ് വീട്ടില്‍ കയറാന്‍. സുഹൃത്തുക്കളുമായി സംസാരിക്കാതെ ഫോണ്‍ ഇല്ലാതെയൊക്കെ 100 ദിവസം അവിടെ കഴിയാന്‍ പേടി തോന്നുന്നു എന്നാണ് സുരേഷ് മേനോന്‍ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് ടെൻഷൻ പങ്കുവെച്ച് പറഞ്ഞത്. കെപിഎസി ലളിത, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത, മാധവന്‍ ബോബ്, ശോഭ മോഹന്‍, തമ്പി ആന്റണി തുടങ്ങിയവരായിരുന്നു ഭ്രമരത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
റേഡിയോ അവതാരകനായി തൻ്റെ കരിയർ ആരംഭിച്ച മേനോൻ റേഡിയോ സിറ്റി 91.1 എഫ്എമ്മിലെ ലവ് ഗുരു എന്ന റേഡിയോ ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിൻ്റെ തനതായ ഹാസ്യ ശൈലിയും പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള കഴിവും ഹാസ്യലോകത്ത് പിന്നീടുള്ള അദ്ദേഹത്തിൻ്റെ വിജയങ്ങൾക്ക് വഴിത്തിരിവായി മാറുകയായിരുന്നു.


Click it and Unblock the Notifications