'ഒടുവിൽ ലാലേട്ടനും'; ഡാൻസ് കളിക്കുമ്പോൾ കുറച്ച് മോഹിനിയാട്ടം കൂടി മിക്സ് ചെയ്തോളൂവെന്ന് ജിന്റോയോട് ലാലേട്ടൻ!
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ആളുകൾ വിമർശിക്കുന്നതുമായ ഒരു പ്രസ്താവന കലാമണ്ഡലം സത്യഭാമ നിറത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ്. കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെയാണ് സത്യഭാമ നിറത്തിന്റെ പേരിൽ വളരെ ക്രൂരമായി അധിക്ഷേപിച്ചത്. ഒരു മനുഷ്യന് സഹജീവിയോട് ഇങ്ങനെയൊക്കെ പെരുമാറാൻ പറ്റുമോയെന്നാണ് കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് മലയാളികൾ ഒന്നടങ്കം ചോദിച്ചത്.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ (ആർഎൽവി രാമകൃഷ്ണൻ) കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല.

എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ..?, ഇവനെ കണ്ടാല്‍ ദൈവം പോലും എന്തിന് പെറ്റ തള്ള പോലും സഹിക്കില്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. സംഭവം വൈറലായതോടെ ഇതേ കുറിച്ച് ചോദിക്കാൻ മാധ്യമങ്ങൾ സത്യഭാമയുടെ വീട്ടിലെത്തിയപ്പോഴും പറഞ്ഞതൊന്നും തിരുത്തി പറയാൻ സത്യഭാമ തയ്യാറായിരുന്നില്ല.
താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. വ്യക്തിപരമായി ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും സത്യഭാമ പ്രതികരിച്ചു. മോഹിനിയാട്ടത്തെ കുറിച്ച് പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല ഇനിയും പറയും. കറുത്ത നിറമുള്ളവര്‍ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും സത്യഭാമ പറഞ്ഞു. തനിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സത്യഭാമ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം വീണ്ടും ആവർത്തിച്ചതോടെ കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരും കലാമണ്ഡലം ഭാരവാഹികളും പ്രതികരിച്ച് എത്തി. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്നതും റീലുകൾ വരുന്നതും സത്യഭാമയെ പരിഹസിച്ചുകൊണ്ടാണ്.
സിനിമാ മേഖലയിൽ നിന്ന് മല്ലിക സുകുമാരൻ മുതൽ യുവ താരങ്ങൾ വരെ സത്യഭാമയുടെ പ്രസ്താവനയെ വിമർശിച്ചെത്തി. ഇപ്പോഴിതാ സാക്ഷാൽ മോഹൻലാലും കലാമണ്ഡലം സത്യഭാമയെ ട്രോളിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷമാണ് സത്യഭാമ വിഷയവുമായി ബന്ധപ്പെട്ട് രസകരമായി മോഹൻലാൽ സംസാരിച്ചത് ആരാധകർ കണ്ടുപിടിച്ചത്.

ആറാം സീസണിലെ പതിനേഴ് മത്സരാർത്ഥികളിൽ ഏടുത്തിടെയായി ഏറ്റവും ജനപ്രിയനായി മാറിയ താരമാണ് ഫിറ്റ്നസ് ട്രെയിനറായ ജിന്റോ ബോഡിക്രാഫ്റ്റ്. ഹൗസിൽ വന്നശേഷം സഹമത്സരാർത്ഥി അപ്സരയ്ക്കൊപ്പം ചേർന്ന് നൃത്തം പഠിക്കാൻ ജിന്റോ ആരംഭിച്ചിട്ടുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ജിന്റോ ഹൗസിൽ നൃത്തം പരിശീലിക്കാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ ഒരു നൃത്തം അപ്സരയ്ക്കൊപ്പം ചേർന്ന് പഠിച്ച് അവതരിപ്പിച്ച് കാണിക്കണമെന്ന് പറഞ്ഞിരുന്നു.
പാട്ട് താൻ തരാമെന്നും മോഹൻലാൽ പറഞ്ഞു. ഏത് ടൈപ്പ് നൃത്തമാണ് ഉദ്ദേശിക്കുന്നത് ഭരതനാട്യമാണോ കുച്ചുപിടിയാണോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ സെമി ക്ലാസിക്കൽ ചെയ്യാമെന്നാണ് അപ്സര പറഞ്ഞത്. അപ്പോഴാണ് മോഹൻലാൽ കുറച്ച് മോഹിനിയാട്ടം കൂടി വേണമെങ്കിൽ മിക്സ് ചെയ്തോളൂവെന്നും ജിന്റോയോടും അപ്സരയോടും പറഞ്ഞത്.
മോഹൻലാലിന്റെ ഈ സംഭാഷണം ഇപ്പോൾ സോഷ്യൽമീഡിയയിൽ ബിജിഎം അടക്കം വെച്ച് പ്രേക്ഷകർ വൈറലാക്കുന്നുണ്ട്. മോഹൻലാലിന്റെ വീഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളും വരുന്നുണ്ട്. ലേ ലാട്ടേൻ: കലാകാരനായി പോയില്ലേ കളപറിച്ചല്ലേ പറ്റൂ, ലാലേട്ടന്റെ പവർഫുൾ സ്റ്റേറ്റ്മെന്റ്, പുറത്ത് നടക്കുന്ന പുകിലൊന്നും ഇവർ അറിയുന്നില്ലല്ലോ ഈശ്വരാ, എപ്പിസോഡ് കണ്ടപ്പോഴെ ഇത് സത്യഭാമയ്ക്കുള്ള കൊട്ടാണെന്ന് മനസിലായി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications