ആറ് മാസം മുമ്പ് വരെ അഞ്ഞൂറ് രൂപയ്ക്ക് കൊതിച്ചിരുന്നു, തെണ്ടേണ്ട അവസ്ഥ ഇന്നില്ല, പ്രതിഫലം ഉയർത്തി; രേണു സുധി
ബിഗ് ബോസിനുശേഷം രേണു സുധിക്ക് നല്ല കാലമാണ്. കേരളത്തിന് അകത്തും വിദേശത്ത് നിന്നുമെല്ലാം നിരന്തരം പ്രമോഷനും ഉദ്ഘാടനങ്ങളും എല്ലാമായി തിരക്കോട് തിരക്ക്. രേണു തന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് പോയത് ദുബായിലേക്ക് ആയിരുന്നു. അന്ന് ഒരുപാട് വിമർശനങ്ങളും പരിഹാസവും അനുഭവിക്കേണ്ടതായും വന്നു. ഇപ്പോഴിതാ ബിഗ് ബോസിനുശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നെറ്റ്ഫ്ലിക്സ് മീഡിയ ഓഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് രേണു സുധി.
ആറ് മാസം മുമ്പ് വരെ അഞ്ഞൂറ് രൂപ എങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചാണ് താൻ നടന്നിരുന്നതെന്നും എന്നാൽ ഇന്ന് തനിക്ക് ബാങ്ക് ബാലൻസുണ്ടെന്നും രേണു പറയുന്നു. ഇതുവരെ ബിബിയിൽ നിന്ന് എവിക്ടായവരുടെ ഒരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഞാൻ മാത്രമാണ് അത് ആക്ടീവല്ലാത്തതെന്ന് തോന്നുന്നു. പാട്ട് കേൾക്കാൻ വേണ്ടിയാണ് ഞാൻ ഫോൺ കൂടുതലായും ഉപയോഗിക്കുന്നത്. കോൾ, മെസേജ് എന്നിവയൊന്നും അധികം ചെയ്യാറില്ല.

രേണു സുധിയെ കിട്ടാറില്ലെന്ന് മത്സരാർത്ഥികൾ ഗ്രൂപ്പിൽ പറയാറുണ്ട് രേണു സംസാരിച്ച് തുടങ്ങി. ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് റീൽ പുറത്തിറങ്ങിയപ്പോഴാണ് ആദ്യമായി എനിക്ക് ദുബായ് ട്രിപ്പ് ഓഫർ വരുന്നത്. പക്ഷെ പലവിധ കാരണങ്ങൾ കൊണ്ട് നടന്നില്ല. ബിഗ് ബോസിനുശേഷം വീണ്ടും അവസരം വന്നു. സുധി ചേട്ടന്റെ സുഹൃത്തായ റോയിയാണ് എന്നെ ദുബായിലേക്ക് പ്രമോഷന് വേണ്ടി കൊണ്ടുപോയത്. സേഫായി കൊണ്ടുപോയി കൊണ്ടുവിട്ടു.
നല്ല മാനേജ്മെന്റായിരുന്നു പാപ്പിലോണിന്റേത്. ഞാൻ പോയി വന്നശേഷം പ്രമോഷന് വേണ്ടി വന്നത് നടൻ കൈലാഷായിരുന്നു. ബാർ റെസ്റ്റോറന്റെന്ന് കേൾക്കുമ്പോൾ പലർക്കും അയ്യേയെന്ന് തോന്നും. അതൊരു ഫാമിലി ബാർ റെസ്റ്റോറന്റാണ്. എല്ലാവരും കുടുംബമായാണ് വരുന്നത്. ഡ്രിങ്ക്സ് താൽപര്യമുള്ളവർ മാത്രമെ കഴിക്കുന്നുള്ളു. ഒമാനിൽ നിന്ന് വരെ ആളുകൾ എന്നെ കാണാൻ വരുമായിരുന്നു.
ഞാൻ ഒരു കലാകാരിയാണ്. അതുകൊണ്ട് തന്നെ പാട്ട് പാടുന്നതും ഡാൻസ് ചെയ്യുന്നതുമൊന്നും തെറ്റല്ല. കള്ളുകുടിയന്മാരുടെ ഇടയിൽ കിടന്ന് ഡാൻസ് ചെയ്യുന്നുവെന്നുള്ള കമന്റൊക്കെ കണ്ടിരുന്നു. മദ്യപിക്കാത്തവർ ചുരുക്കമല്ലേയുള്ളു. സുധി ചേട്ടനും മദ്യപിച്ചിരുന്നയാളാണ്. കലാകാരന്മാരിൽ മിക്കവരും മദ്യപിക്കുന്നവരാണ്. റെസ്റ്റോറന്റിൽ വരുന്നവർ ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്യാതിരിക്കാൻ പറ്റില്ല. ഞാൻ പ്രമോഷന് വേണ്ടിയാണ് അവിടെ ചെന്നത്.
പിന്നെ എന്റെ മൂത്ത മകനോടും എന്റെ കുടുംബത്തോടും കാര്യങ്ങൾ പറഞ്ഞശേഷമാണ് ഞാൻ പോയി തിരികെ സന്തോഷമായി വന്നത്. ഇതിൽ കൂടുതൽ വേറെ ആരെയാണ് ഞാൻ ബോധിപ്പിക്കേണ്ടത്. ടൂറ് പോലെയല്ല ഞാൻ ദുബായിലേക്ക് പോയത്. ബുർജ് ഖലീഫ കാണാൻ കൊണ്ടുപോകാമെന്ന് വരെ അവിടെയുള്ളവർ പറഞ്ഞു. ഞാൻ എവിടേയും പോയില്ല. ജോലി കഴിഞ്ഞാൽ റൂമിൽ കിടന്നുറങ്ങും അത്രമാത്രം. ആറ് മാസം മുമ്പ് ഒരു അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.

എന്റെ പിള്ളേർക്ക് എന്തെങ്കിലും മേടിച്ച് കൊടുക്കാൻ ആരോടെങ്കിലും അഞ്ഞൂറ് രൂപ ചോദിക്കണം എന്ന് വരെ കരുതിയിരുന്നു. പലരും ആ സമയത്ത് സഹായിച്ചു. അഞ്ഞൂറ് ചോദിച്ചപ്പോൾ ആയിരം തന്നവരുണ്ട്. ഒന്നും തരാനില്ലെന്ന് പറഞ്ഞവരുമുണ്ട്. ലക്ഷങ്ങളോ കോടികളോ ഒന്നും എന്റെ കയ്യിൽ ഇല്ല. പക്ഷെ അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഇന്നില്ല. വീട്ടുകാരുടേയും കുഞ്ഞുങ്ങളുടേയും എന്റേയും കാര്യങ്ങൾ നടന്ന് പോകാനുള്ള വരുമാനമുണ്ട്. പണ്ട് എന്റെ അക്കൗണ്ട് സീറോ ബാലൻസിലായിരുന്നു. ഇപ്പോൾ ആ അവസ്ഥ മാറി.
അതാണ് എന്റെ മാറ്റം. ബിഗ് ബോസിൽ പോയി വന്നശേഷം പ്രതിഫലം ഉയർത്തിയിട്ടുണ്ട്. എനിക്ക് ഡിമാന്റുള്ളതുകൊണ്ടാണല്ലോ പ്രമോഷന് വിളിക്കുന്നത്. ദുബായ് കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ കരുതിയിരുന്നില്ല. അതും ഒരു സെലിബ്രിറ്റിയായിട്ട്. എനിക്ക് കിട്ടുന്ന പൈസയും സമ്മാനങ്ങളും കുടുംബത്തിനാണ് കൊടുക്കുന്നത്. അനാവശ്യമായി ഒന്നും ഞാൻ എനിക്ക് വേണ്ടി ചിലവഴിക്കാറില്ല.
മക്കളുടെ സന്തോഷം കാണാൻ എനിക്ക് കഴിഞ്ഞു. പണ്ട് സുധി ചേട്ടൻ ഗൾഫ് പ്രോഗ്രാം കഴിഞ്ഞ് വരുമ്പോഴായിരുന്നു മക്കളുടെ കണ്ണിൽ ഞാൻ ആ സന്തോഷം കണ്ടിരുന്നത്. ആ സന്തോഷം എനിക്ക് മക്കൾക്ക് തിരിച്ച് കൊടുക്കാൻ പറ്റി. ഇനി മരിച്ച് വീണാലും കുഴപ്പമില്ല. പാപ്പിലോണിൽ വന്ന ഗസ്റ്റുകളാണ് മക്കൾക്കായി ഏറെയും സമ്മാനങ്ങൾ എനിക്ക് തന്നത്. വാച്ച് കിട്ടിയപ്പോഴുള്ള കിച്ചുവിന്റെ സന്തോഷത്തിനൊന്നും അതിരില്ലായിരുന്നു രേണു പറയുന്നു.


Click it and Unblock the Notifications