'അഖിലും ഞാനും തമ്മിൽ സീനൊന്നുമില്ല.... ഞങ്ങൾ തമ്മിൽ ഇതൊക്കെ സംസാരിച്ചതാണ്, വലിച്ചുകീറൽ പ്രതീക്ഷിക്കേണ്ട'
ബിഗ് ബോസ് മലയാളം സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായിരുന്നു റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണൻ. എല്ലാ വിഷയങ്ങളിലും ഇടപെട്ട് ശക്തമായ നിലപാടുകൾ സായ് കൃഷ്ണൻ പറയാറുണ്ടായിരുന്നതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിലും ഇത്തരത്തിൽ ഒരു സമീപനം സായ് കൃഷ്ണനിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ എല്ലാത്തിനും വിപരീതമായ രീതിയിലായിരുന്നു സായ് കൃഷ്ണൻ ഹൗസിൽ പെരുമാറിയത്. ഹൗസിലേക്ക് ചെന്ന ആദ്യ ദിവസം തന്നെ പുറത്തുള്ള കാര്യങ്ങൾ ജാസ്മിനോട് സായ് കൃഷ്ണൻ പറഞ്ഞു. മാത്രമല്ല പിന്നീട് സിജോയ്ക്കും നന്ദനയ്ക്കും ഒപ്പം കൂടി ഗ്രൂപ്പ് കളിക്കുക മത്രമാണ് സായ് കൃഷ്ണൻ ചെയ്തത്.

അവസാനം പണപ്പെട്ടി ടാസ്ക്കിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിന്റെ പെട്ടിയുമെടുത്ത് സായ് കൃഷ്ണൻ ഹൗസിൽ നിന്നും മത്സരം ഉപേക്ഷിച്ച് ഇറങ്ങി. ബിഗ് ബോസിലേക്ക് പോകും മുമ്പുവരെയുള്ള സായ് കൃഷ്ണന് വലിയൊരു ആരാധക വൃന്ദം ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയശേഷം സായ് കൃഷ്ണനെ പരിഹസിക്കുന്നവരും ട്രോൾ ചെയ്യുന്നവരുമാണ് കൂടുതൽ.
സീസൺ അഞ്ചിലെ വിജയിയും സംവിധായകനുമായ അഖിൽ മാരാരും സായിയും തമ്മിൽ ചില സോഷ്യൽമീഡിയ പോരുകളും കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നുണ്ടായിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം മൂവി വേള്‍ഡ് മീഡിയ മിഡില്‍ ഈസ്റ്റ് എന്ന യുട്യൂബ് ചാനലിൽ പുറത്തുവിട്ട് അഖിലിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനാണ് സായിയെന്നും കഴിവില്ലാത്തവനെന്ന് സ്വയം തെളിയിച്ചവനാണെന്നും അഖിൽ പറഞ്ഞത് വൈറലായിരുന്നു.
നേരത്തെ അഖില്‍ മാരാര്‍ക്കെതിരെ സായ് കൃഷ്ണ രംഗത്തെത്തിയിരുന്നു. കാര്യം കാണാന്‍ വേണ്ടി മാത്രം ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ജീവിതത്തില്‍ തന്നെ ഒറ്റത്തീറ്റിയെന്ന് പറയുന്ന സ്വഭാവം ഉള്ളവനാണ് അഖില്‍ മാരാരെന്ന് സായ് പറഞ്ഞിരുന്നു. ഉണ്ണി മുകുന്ദനും താനും തമ്മിലുള്ള വിഷയത്തില്‍ കയറി ആപ്പ് വെച്ചതുകൊണ്ടാണ് അഖില്‍ മാരാര്‍ക്ക് ബിഗ് ബോസ് സീസണ്‍ 5 ല്‍ അവസരം കിട്ടിയതെന്നും സായ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് അഖിൽ സായിയുടെ ബിഗ് ബോസ് ഗെയിമിനെ വിമർശിച്ച് എത്തിയത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനാണ് സീക്രട്ട് ഏജന്റ്. വാക്കും പ്രവൃത്തിയും ജീവിതത്തില്‍ പുലര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അവന്‍ അകത്ത് വെച്ച് പറയുന്നത് കേട്ടു ഞാനിനി മുതല്‍ സീക്രട്ട് ഏജന്റ് എന്ന പഴയ മൃഗമല്ല.
ഞാനിനി മനുഷ്യനാവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് പറഞ്ഞ് പിറ്റേന്ന് മുതല്‍ നരേന്ദ്ര മോദിയും സുരേഷ് ഗോപിയും തൊട്ട് എല്ലാവരേയും കുറിച്ച് യുട്യൂബില്‍ നിന്ന് കിട്ടുന്ന കാശ് ഫോക്കസ് ചെയ്ത് അനാവശ്യമായി ഓരോന്ന് പറയുകയാണ്.

കാറിനുള്ളില്‍ സീക്രട്ട് ഏജന്റം പുറത്ത് സായ് കൃഷ്ണനുമെന്ന് പറയേണ്ട കാര്യമില്ല. പുള്ളി പണ്ടും അങ്ങനെയായിരുന്നു. ലോകത്തുള്ള പല ആള്‍ക്കാരേയും വിമര്‍ശിച്ചതിന് ശേഷം അകത്ത് പോയി എന്താണ് ചെയ്തതെന്ന് സ്വന്തമായി റിയലൈസ് ചെയ്യാനുള്ള ഒരു ബോധം ഉണ്ടാകണം. അത് അവനില്ലെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.
അഭിമുഖം വൈറാലായതോടെ സായ് കൃഷ്ണൻ പ്രതികരിച്ചെത്തി. എന്നാൽ മുമ്പത്തേതുപോലെ ഇത്തവണ അഖിലിനെ കരിവാരി തേച്ചുകൊണ്ടോ കീറി ഒട്ടിച്ചുകൊണ്ടോ ആയിരുന്നില്ല പ്രതികരണം. അഖിലിന്റേതായി പുറത്തുവന്ന അഭിമുഖം കുറച്ച് നാൾ മുമ്പ് കൊടുത്തതാണെന്നും ഇങ്ങനൊന്ന് കൂടി പുറത്ത് വരാനുണ്ടെന്ന് അഖിൽ തന്നോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്നും താനും അഖിലും എല്ലാം പറഞ്ഞ് അവസാനിപ്പിച്ചതാണെന്നുമാണ് സായ് കൃഷ്ണൻ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞത്.
ഞാനും അഖിലും കഴിഞ്ഞ ശനിയാഴ്ച കണ്ടപ്പോൾ ഞങ്ങൾക്കിടയിലുണ്ടായ കാര്യങ്ങൾ പറഞ്ഞ് ഹെൽത്തിയായി സോർട്ട് ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിൽ പോയപ്പോൾ കൊടുത്ത ഒരു അഭിമുഖം വരാനുണ്ടെന്ന് അഖിൽ എന്നോട് പറഞ്ഞിരുന്നു.
ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന മിസ് അണ്ടർസ്റ്റാന്റിങും പറഞ്ഞ് തീർത്തു. അഖിലും ഞാനും തമ്മിൽ സീനൊന്നുമില്ല.... ഞങ്ങൾ തമ്മിൽ ഇതൊക്കെ സംസാരിച്ചതാണ്. വലിച്ചുകീറൽ പ്രതീക്ഷിക്കേണ്ട. അഖിൽ ചില കാര്യങ്ങൾ എനിക്ക് പറഞ്ഞ് തന്നിരുന്നു. അത് ഞാൻ ഉള്ളിലേക്ക് എടുത്തിട്ടുണ്ട് എന്നാണ് സായ് കൃഷ്ണൻ പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications