കഠിനമായ വഴികളിലൂടെ ഒരുമിച്ചുള്ള യാത്ര, ബിഗ് ബോസ് ട്രോഫിയേക്കാൾ വിലപ്പെട്ടത്; ജബ്രി സൗഹൃദത്തിന് ഒരു വയസ്!
ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തുമ്പോൾ പരസ്പരം സൗഹൃദം, പ്രണയം, ശത്രുത, ആത്മബന്ധം എന്നിവയെല്ലാം തോന്നുന്നത് സ്വഭാവികമാണ്. നൂറ് ദിവസം ഒരു വീടിനുള്ളിൽ ഒരുമിച്ച് കഴിയുമ്പോൾ ഇത്തരം ബന്ധങ്ങൾ മത്സരാർത്ഥികൾ തമ്മിൽ ഉടലെടുക്കും. ചിലർ മത്സരം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ ഹൗസിൽ നിന്നും ലഭിച്ച ബന്ധങ്ങളെല്ലാം അവിടെ തന്നെ ഉപേക്ഷിക്കും. മറ്റ് ചിലർ തുടർന്നും സ്വന്തം ജീവിതത്തിന്റെ ഭാഗമായി അവയെല്ലാം മുന്നോട്ട് കൊണ്ടുപോകും.
പലപ്പോഴും ബിഗ് ബോസ് ഹൗസിൽ വെച്ച് ഉണ്ടാകുന്ന സൗഹൃദങ്ങളും പ്രണയവുമെല്ലാം പുറത്തിറങ്ങുമ്പോൾ തീവ്രത കുറഞ്ഞ് അവസാനിക്കുന്നതിനാണ് പ്രേക്ഷകർ ഏറെയും സാക്ഷിയായിട്ടുള്ളത്. നാല് സീസണുകൾക്കുശേഷം ഹൗസിൽ വെച്ചുണ്ടാകുന്ന കോമ്പോകൾക്കല്ല ഏറ്റവും മികച്ച രീതിയിൽ ആര് ഗെയിം മുന്നോട്ട് കൊണ്ടുപോകുന്നുവോ അവർക്ക് ജനങ്ങൾ പിന്തുണ നൽകുന്നതായാണ് കാണാൻ സാധിക്കുന്നത്.

മലയാളത്തിൽ ഇതുവരെ ആറ് സീസണുകളാണ് സംഭവിച്ചത്. അതിൽ ആറാം സീസണിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതുമായ കോമ്പോയായിരുന്നു ജാസ്മിൻ ജാഫറും ഗബ്രിയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് കോമ്പോ. ഇരുവരും ഒരുമിച്ചാണ് ബിഗ് ബോസ് ഓഡീഷനിൽ പങ്കെടുത്തത്. എന്നാൽ പരസ്പരം പരിചയപ്പെട്ടിരുന്നില്ല. ഹൗസിൽ വന്നശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും.
മലയാള സിനിമയിലെ ബഡ്ഡിങ് സ്റ്റാറായിരുന്നു ഹൗസിലെത്തുമ്പോൾ ഗബ്രി. ബിഗ് ബോസിൽ വന്നശേഷമാണ് ഗബ്രിയുടെ മുഖം കുടുംബപ്രേക്ഷകർക്ക് പോലും സുപരിചിതമായത്. ജാസ്മിൻ ഇൻഫ്ലൂവൻസർ എന്ന രീതിയിൽ വലിയ ജനപിന്തുണയോടെയാണ് ഷോയിലേക്ക് എത്തിയത്. ഹൗസിൽ എത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ജാസ്മിൻ-ഗബ്രി സൗഹൃദം രൂപം കൊണ്ടിരുന്നു.
എന്തിനും ഏതിനും ഇരുവരും ഒരുമിച്ചായിരുന്നു. പലപ്പോഴും ഇരുവരുടെയും സൗഹൃദം പ്രണയമായിപ്പോലും പ്രേക്ഷകർക്ക് തോന്നിയിരുന്നു. മാത്രമല്ല ഇരുവരും ലവ് കോമ്പോ സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണെന്ന തരത്തിലും വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രണയമാണോ സൗഹൃദമാണോ എന്ന കണ്‍ഫ്യൂഷനാണ് ഇരുവര്‍ക്കും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നൊക്കെയുള്ള തരത്തിലും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പലരും ജാസ്മിനെ പിന്തുണയ്ക്കുന്നത് പോലും അവസാനിപ്പിച്ചിരുന്നു. ഇതിനിടയിൽ ജാസ്മിന്റെ സ്വകാര്യ ജീവിതവും പ്രണയവും എല്ലാം സോഷ്യൽമീഡിയയിൽ ചർച്ചയായതും ജബ്രി കോമ്പോ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായി. കൂടാതെ ഹൗസിനുള്ളിലായിരുന്നപ്പോഴും പുറത്തിറങ്ങിയ ശേഷവും വലിയ രീതിയിൽ സൈബർ ബുള്ളിയിങ് ജാസ്മിന് അനുഭവിക്കേണ്ടി വന്നിരുന്നു.

അപ്പോഴെല്ലാം തുണയായി കരുത്ത് പകർന്ന് ഒപ്പം നിന്നത് ഗബ്രിയാണ്. ഷോ അവസാനിക്കുമ്പോൾ ഗബ്രി ജാസ്മിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുമെന്നാണ് ഭൂരിഭാഗം ബിബി പ്രേക്ഷകരും കരുതിയിരുന്നത്. എന്നാൽ ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സൗഹൃദം കൂടുതല്‍ ബലപ്പെടുത്തുകയായിരുന്നു ജാസ്മിനും ഗബ്രിയും. ഒറ്റപ്പെട്ട് പോകുമായിരുന്ന സാഹചര്യത്തിൽ ജാസ്മിനെ ചേർത്ത് പിടിച്ചതും ഗബ്രിയായിരുന്നു.
യുട്യൂബില്‍ ഇരുവരും സജീവ സാന്നിധ്യമായി. ഒരുമിച്ചുള്ള ആഘോഷങ്ങളും ഫോട്ടോഷൂട്ടുകളും യാത്രകളുമൊക്കെയായി ജാസ്മിനും ഗബ്രിയും സൗഹൃദം നിലനിര്‍ത്തി കൊണ്ടുപോവുകയാണ്. ഇന്ന് ഇരുവരുടെയും സൗഹൃദത്തിന് ഒരു വയസാകുമ്പോൾ ദുബായ് യാത്രയിലാണ് ഇരുവരും. ഒരു വർഷമായി എന്നാണ് ഒരുമിച്ചുള്ള ഫോട്ടോ പങ്കിട്ട് ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചത്.
തമ്മിൽ പ്രണയത്തിലല്ലെന്നും മനോഹരമായ സൗഹൃദമാണുള്ളതെന്നും അടുത്തിടെ ഇരുവരും വ്യക്തമാക്കിയിരുന്നു. ഒളിവും മറയും ഇല്ലാത്ത ഇരുവരുടേയും സൗഹൃദത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഗബ്രി. ജാസ്മിനും യാത്രകൾ ചെയ്ത് തുടങ്ങിയത് ഗബ്രിക്കൊപ്പം കൂടിയശേഷമാണ്. അടുത്തിടെ ഇരുവരും നടത്തിയ തായ്ലന്റ് ട്രിപ്പിന്റെ വ്ലോഗുകൾ വൈറലായിരുന്നു. ഇപ്പോൾ ഇരുവരുടെയും ദുബായ് ട്രിപ്പിന്റെ വിശേഷങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications