'അന്ന് ദുൽഖർ വന്നപ്പോൾ വേറെയും പ്രശ്നങ്ങളുണ്ടായി, അവനെ ബോഡിഗാർഡ് ആക്കണമെന്ന് അന്ന് ഞാൻ ചിന്തിച്ചു'; അഖിൽ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിച്ചിട്ടും മത്സരാർത്ഥികളും അവരുടെ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്. ഇത്തവണത്തെ സീസൺ ഫൈവിൽ വിജയിയായത് അഖിൽ മാരാരാണ്. എന്താണ് ബിഗ് ബോസ് ഷോ എന്നതുപോലും വ്യക്തമായി അറിയാതെയും മനസിലാക്കാതെയുമാണ് അഖിൽ മത്സരിക്കാൻ പോയത്.
ഹൗസിനുള്ളിൽ ചെന്നശേഷം തനിക്ക് ഷോ ഒരു അത്ഭുതമായാണ് തോന്നിയതെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ഒന്നാം ദിവസം മുതൽ നൂറാം ദിവസം വരെ അഖിൽ മാരാർ തന്നെയായിരുന്നു ഹൗസിന് അകത്തും പുറത്തും ചർച്ചാവിഷയം.
അഖിലിനെപ്പോലെ ബുദ്ധിമാനായൊരു ഗെയിമർ ഇനി ബിഗ് ബോസിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. അമ്പത് ദിവസം പിന്നിട്ടപ്പോൾ തന്നെ തനിക്കാണ് ആരാധകർ കൂടുതൽ എന്ന കാര്യം അഖിലിന് മനസിലായിരുന്നു.
അതുകൊണ്ട് തന്നെ അഖിലിന്റെ വാക്കുകളിലും ആ ധൈര്യം പ്രകടമായിരുന്നു. മാരാരിസം സോഷ്യൽമീഡിയയിൽ തരംഗമാകുമ്പോൾ കഴിഞ്ഞ കുറച്ച് ദിവസമായി താരത്തിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നടൻ ദുൽഖർ സൽമാനൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച അഖിലിനെ ഒരാൾ തള്ളിമാറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്. കൊട്ടാരക്കരയിൽ ഒരു മാൾ ഉദ്ഘാടനം ചെയ്യാൻ ദുൽഖർ എത്തിയ സമയത്തെ വീഡിയോയാണത്. ഇപ്പോഴിതാ അന്ന് നടന്ന സംഭവങ്ങളും സെൽഫി എടുക്കാനുണ്ടായ സാഹചര്യവും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പങ്കുവെച്ചു.
താൻ ആദ്യമായി കോട്ട് ധരിച്ചത് ആ മാൾ ഉദ്ഘാടനത്തിന് പോയപ്പോഴാണെന്നും അഖിൽ മാരാർ പറയുന്നു. തന്റെ സുഹൃത്തിന്റെ മാളായിരുന്നുവെന്നും ഉദ്ഘാടനത്തിന് വിക്രത്തെ കൊണ്ടുവരാനായിരുന്നു പദ്ധതിയെന്നും അഖിൽ പറയുന്നു.
'കൊട്ടാരക്കരയിൽ ഒരു വലിയ മാളിന്റെ ഉദ്ഘാടനം ആയിരുന്നു അന്ന്. ഞാനായിരുന്നു അതിന്റെ ഫുൾ ഇൻചാർജ്. അതിന്റെ മുതലാളി എന്റെ അടുത്ത സുഹൃത്താണ്. മാളിന്റെ തുടക്കം മുതലുള്ള പണികൾ എന്റെ മേൽനോട്ടത്തിലാണ് നടന്നത്. അതുകൊണ്ട് അത്തരം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും എനിക്ക് ഇന്ന് അറിവുണ്ട്.'
'ആദ്യം നടൻ വിക്രത്തെ കൊണ്ടുവരാനായിരുന്നു പ്ലാൻ. വിക്രത്തിന്റെ മാനേജരുമായി ഞാനാണ് ആദ്യം സംസാരിച്ചത്. പക്ഷെ പ്രതിഫലം വിഷയമായപ്പോൾ ദുൽഖറിനെ വിളിക്കാൻ തീരുമാനിച്ചു. ഉദ്ഘാടനത്തിന് വിളിക്കാൻ ആദ്യം ബന്ധപ്പെടുന്നത് ഞാനാണ്. അദ്ദേഹം അന്ന് അമേരിക്കയിൽ ആയിരുന്നു.'

'അന്ന് എമൗണ്ട് കാര്യങ്ങളുമായി ബന്ധപ്പെട്ട് അന്നത് നടന്നില്ല. പിന്നീട് വേറൊരു ആൾ മുഖേനയാണ് ദുൽഖർ വരുന്നത്. ഈ വീഡിയോയിലെ സംഭവത്തെക്കാൾ മോശമായൊരു ഇൻസിഡന്റ് അകത്ത് നടന്നിരുന്നു. കാര്യമായ രീതിയിൽ അതിലൊരു ബോഡി ഗാർഡ് എന്നെ പിടിച്ച് തള്ളി. പുള്ളി ഇപ്പോഴും ദുൽഖറിന്റെയും മമ്മൂക്കയുടെയും ബോഡി ഗാർഡ് ആണെന്ന് തോന്നുന്നു.'
'അതെനിക്ക് ചെറിയ രീതിയിൽ ഫീൽ ചെയ്ത കാര്യമാണ്. അന്ന് ഞാൻ ബോഡി ഗാർഡിനോട് ചൂടാവുകയും ചെയ്തു. മാളിന്റെ ഫുൾ ഇൻചാർജായി നിന്ന എന്നെ പിടിച്ച് തള്ളി എന്ന നിലയിൽ ആയിരുന്നു അത്.'
'അന്ന് ആ ബോഡിഗാർഡിനെ എന്റെ ബോഡിഗാർഡ് ആക്കണമെന്ന് വരെ അന്ന് ഞാൻ ചിന്തിച്ചിരുന്നുവെന്നും', തമാശയായി അഖിൽ മാരാർ പറയുന്നു. ഇന്ന് അഖിൽ മാരാർക്കൊപ്പം സെൽഫി പകർത്താൻ ആയിരങ്ങളാണ് കാത്തുനിൽക്കുന്നത്.
പക്ഷെ അമിതമായി തന്നോട് ആളുകൾ ആരാധന കാണിക്കുന്നതിനോട് അഖിലിന് യോജിപ്പില്ല. രണ്ടാം സ്ഥാനം നേടിയ റെനീഷയുമായി വലിയ വോട്ട് വ്യത്യാസത്തിലാണ് അഖിൽ വിജയിച്ചത്. ഒന്നാം സ്ഥാനം അഖിലിന് തന്നെയാണെന്നത് മത്സരാർത്ഥികളും ഏറെക്കുറെ ഉറപ്പിച്ചിരുന്നു.


Click it and Unblock the Notifications