'ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ ഭാവിയിൽ മാപ്പ് പറയും, നാദിർഷ പറഞ്ഞ സ്റ്റേറ്റ്മെന്റ് പോലും വളച്ചൊടിച്ചു'
സംവിധായകൻ കൂടിയായ അഖിൽ മാരാർ മലയാളികൾക്ക് സുപരിചിതനായി തുടങ്ങിയത് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരിക്കാൻ എത്തിയശേഷമാണ്. ആ സീസണിലെ വിജയിയും അഖിൽ മാരാർ തന്നെയായിരുന്നു. ഒരു താത്വിക അവലോകനം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ അഖിൽ സോഷ്യൽമീഡിയ വഴിയും അല്ലാതെയും മുഖം നോക്കാതെ തന്റെ നിലാപടുകൾ വിളിച്ച് പറയാറുണ്ട്. പലപ്പോഴും അവയെല്ലാം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുമുണ്ട്. പൊതുജനം ഒന്നടങ്കം അഖിലിനെ കുറ്റപ്പെടുത്താറുള്ളത് ദിലീപ് വിഷയത്തിൽ ദിലീപിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ്.
എത്രയൊക്കെ വിമർശനങ്ങൾ വന്നിട്ടും അഖിൽ പക്ഷെ തന്റെ നിലപാടിൽ നിന്നും മാറിയിട്ടില്ല. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയ മിഡിലീസ്റ്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ നിലപാടുകളെ കുറിച്ചും ദിലീപിനെ പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണവും അഖിൽ വെളിപ്പെടുത്തി. താൻ പല കാര്യങ്ങളും കോൺഫിഡന്റായി സംസാരിക്കുന്നതിന് പിന്നിലെ ധൈര്യം അറിഞ്ഞുകൊണ്ട് ഒരാളെയും ചതിച്ചോ പറ്റിച്ചോ അനധികൃതമായോ ഒന്നും ചെയ്തിട്ടില്ലെന്നതുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ സംസാരിച്ച് തുടങ്ങുന്നത്.

ജീവിതത്തിൽ എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങൾ ഒരു ഇന്റ്യൂഷൻ പോലെയാണ്. ഞാൻ അടുത്ത കാലത്തായി പല കാര്യങ്ങളിലും സ്ട്രോങ്ങായി സംസാരിക്കുമ്പോൾ ഞാൻ കാര്യങ്ങൾ പഠിച്ച് മനസിലാക്കിയാണ് ഓരോ വിഷയത്തിലും സംസാരിക്കുന്നതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ അത്രയ്ക്കൊന്നും ഞാൻ പഠിച്ച് മനസിലാക്കാറൊന്നുമില്ല. ഒരു വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ വരും മുമ്പ് നീ സംസാരിച്ചോളൂ, നിന്റെ ഭാഗം തന്നെയാണ് ശരിയെന്ന തോന്നൽ വരാറുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയ തോന്നലല്ല.
ഞാൻ എന്നെ തിരിച്ച് അറിഞ്ഞ് തുടങ്ങിയ സമയം മുതൽ അങ്ങനെയാണ്. അതിനുശേഷം എടുത്ത ആദ്യ തീരുമാനം ഇനി ഒരു കമ്പനിയുടെയും ജോലിക്ക് പോകില്ലെന്നതാണ്. ഒരു വലിയ ഓഫർ ഒരു കമ്പനിയിൽ നിന്നും വന്നിട്ടും ഞാൻ നിരസിച്ചു. അന്ന് വരുമാനമില്ലാതെ ഇരിക്കുന്ന സമയവുമായിരുന്നു. തീരുമാനങ്ങളുടെ പേരിൽ പശ്ചാതപിക്കേണ്ടി വന്നിട്ടില്ല.
ഞാൻ പല കാര്യങ്ങളും കോൺഫിഡന്റായി സംസാരിക്കുന്നതിന് പിന്നിലെ ധൈര്യം അറിഞ്ഞുകൊണ്ട് ഒരാളെയും ചതിച്ചോ പറ്റിച്ചോ അനധികൃതമായോ ഒന്നും ചെയ്തിട്ടില്ലെന്നതുകൊണ്ടാണ്. അല്ലാതെ എവിടുന്ന് ധൈര്യം വരും. പലരും നിശബ്ദത പാലിക്കുന്നത് അവർക്ക് പലതും നഷ്ടപ്പെടാനുള്ളതുകൊണ്ടാണ്. ഞാൻ ഒരു തീരുമാനം നേരത്തെ എടുത്തിട്ടുണ്ടായിരുന്നു. മുപ്പത്തിയഞ്ച് വയസ് ഡെഡ്ലൈനായി വെച്ചു. എന്നിട്ട് മുപ്പത്തിയഞ്ച് വയസുവരെ പരിശ്രമിക്കാമെന്ന് തീരുമാനിച്ചു. രക്ഷപ്പെട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്തേക്കാം.
അല്ലാതെ തിരിച്ച് പോക്ക് പറ്റില്ല. ഭയങ്കരമായി പരാജയപ്പെട്ടവനെപോലെ എല്ലാവരുടെയും മുമ്പിലേക്ക് നമുക്ക് ചെല്ലാൻ പറ്റില്ല. പരിശ്രമിച്ചിട്ടും കിട്ടുന്നില്ലെങ്കിൽ കഴിവില്ലാത്തതുകൊണ്ടാണ്. ഉപദേശം ഒരു കാലത്തും എനിക്ക് ഗുണപ്പെട്ടിട്ടില്ല. സാമ്പത്തിക സഹായങ്ങൾ ക്ലോസ് ഫ്രണ്ട്സിനോട് മാത്രമെ ഞാൻ ചോദിക്കാറുള്ളു. കാടടച്ച് ഞാൻ ഒന്നും പറയാറില്ല. വ്യക്തത കൊടുത്താണ് പറയാറുള്ളത്.

ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ ഭാവിയിൽ മാപ്പ് പറയുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും എന്നോട് എതിർപ്പ് പ്രകടിപ്പിച്ചു. ബിഗ് ബോസിൽ ചില പെൺകുട്ടികൾ അനുഭവിച്ച വിഷയങ്ങളെ കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ ദിലീപ് വിഷയത്തിൽ ഞാൻ പറഞ്ഞത് എടുത്തുകൊണ്ട് വന്ന് എന്റേത് ഇരട്ടത്താപ്പാണെന്ന് വരെ പലരും പറഞ്ഞു.
ദിലീപ് വിഷയം കോടതിയിൽ ഇരിക്കുന്ന കേസായതുകൊണ്ട് ഞാൻ ഡീറ്റെയിലായി പറയുന്നില്ല. പക്ഷെ ദിലീപ് എവിടെയാണ് പ്രേക്ഷകർക്ക് മുമ്പിൽ കുറ്റക്കാരനായത്... പൾസർ സുനിയെന്ന് പറയുന്നവൻ പോലീസിന് കൊടുത്ത ഒറ്റ മൊഴിക്ക് അപ്പുറത്തേക്ക് കേരളത്തിലെ ജനതയ്ക്ക് എന്ത് ബോധ്യമാണുള്ളത് ഇയാൾ ഇത് ചെയ്തുവെന്നുള്ളതിന്?.
ഫാബ്രിക്കേറ്റഡായി കാര്യങ്ങൾ ചെയ്യാൻ കേരള പോലീസിനെ പോലെ കഴിയുന്ന മറ്റൊരു പോലീസ് ഇന്ത്യയിൽ വേറെയില്ല. എന്നോട് നാദിർഷ നേരിട്ട് പറഞ്ഞൊരു കാര്യമുണ്ട്. നാദിർഷ അമേരിക്കയിൽ നിൽക്കുമ്പോഴാണ് ഇവിടെ ഈ പ്രശ്നമുണ്ടാകുന്നത്. അന്ന് അദ്ദേഹത്തെ വിളിച്ച് പോലീസ് പറഞ്ഞു ദിലീപ് വിഷയത്തിൽ നിങ്ങളെ പ്രതിയാക്കുകയാണ് നിങ്ങളെ ചോദ്യം ചെയ്യണമെന്ന്.
അന്ന് നാദിർഷ പറഞ്ഞത്... സാർ ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന് എന്തെങ്കിലും കൈഅബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ ആരെ അറിയിച്ചില്ലെങ്കിലും അവൻ അത് എന്നോട് സൂചിപ്പിക്കും. പക്ഷെ ഇങ്ങനൊരു കാര്യം അവൻ എന്നോട് പറഞ്ഞിട്ടില്ല എന്നാണ്. ഇത് സ്റ്റേറ്റ്മെന്റായി കൊടുക്കാൻ അന്ന് പോലീസ് നാദിർഷയോട് പറഞ്ഞു. എന്നാൽ ഒരു കൈഅബദ്ധം പറ്റിയിട്ടുണ്ട്. ബാക്കി നീ വരുമ്പോൾ സംസാരിക്കാം എന്ന തരത്തിലേക്ക് അവർ അത് എഴുതിച്ചേർത്തു.
പിന്നീട് കോടതിയിൽ ഇക്കാര്യം നാദിർഷ പറഞ്ഞു. ദിലീപ് വിഷയത്തിൽ ദിലീപ് അത് ചെയ്തുവെന്നതിന് പൊതുജനത്തിനുള്ള ബോധ്യം എന്താണ്?. മഞ്ജു വാര്യരുമായി ഡിവോഴ്സായി എന്നതാണോ?. കുടുംബജീവിതത്തിൽ പലർക്കും പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഒരു മനുഷ്യന് ഒന്നിലധികം ആളുകളോട് ഇഷ്ടം തോന്നിയേക്കാം. അക്കാര്യത്തിൽ എല്ലാം നിങ്ങൾക്ക് വിമർശിക്കാം. അതുപോലെ ദിലീപ് പൾസർ സുനിയെ കണ്ടിട്ട് പോലുമില്ല. ഫോട്ടോ പോലും ഫാബ്രിക്കേറ്റഡാണ്.
മാത്രമല്ല അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്ന് മലയാള സിനിമയെ ഏറെക്കുറെ കയ്യിലാക്കത്തക്ക രീതിയിൽ ബിസിനസ് പ്ലാനുകളും തന്ത്രങ്ങളും അറിയാവുന്ന ഒരു നടൻ ഒന്നര കോടി രൂപ പൾസർ സുനിക്ക് വാക്ക് പറഞ്ഞിട്ട് പതിനായിരം രൂപ മാത്രം അഡ്വാൻസ് നൽകിയപ്പോൾ അത് വാങ്ങി ഈ പ്രവൃത്തി ചെയ്തുവെങ്കിൽ അവൻ ഗജഫ്രോഡല്ലേ?. അപ്പോൾ അവൻ ആർക്ക് വേണ്ടി ചെയ്തു?. എന്തിന് ദിലീപിന്റെ പേര് പറഞ്ഞുവെന്നതാണ് സത്യത്തിൽ കണ്ടുപിടിക്കേണ്ടത് എന്നാണ് അഖിൽ മാരാർ പറഞ്ഞത്.


Click it and Unblock the Notifications