'മുഖത്തോട് മുഖം നോക്കി അഭിനയിക്കാൻ കഴിയുമായിരുന്നില്ല, അന്ന് ആ തിരിച്ചറിവുണ്ടായി, ഒരു വർഷത്തിനുള്ളിൽ അടുത്തു'
മാതൃകാദമ്പതികളുടെ പട്ടികയിലാണ് ബിജു മേനോനും സംയുക്ത വർമയ്ക്കും സ്ഥാനം. ഏറ്റവും മനോഹരമായി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നവർ. വിവാഹത്തോടെ അഭിനയം നിർത്തിയ സംയുക്ത കുടുംബിനിയായി കഴിയുന്നു. സിനിമ വേണ്ടെന്നത് നടിയുടെ മാത്രം തീരുമാനമായിരുന്നു. പക്ഷെ സംയുക്ത അഭിനയത്തിലേക്ക് തിരിച്ച് വന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് സിനിമാപ്രേമികളുണ്ട്.
സംയുക്തയുമായുള്ള പ്രണയത്തെ കുറിച്ച് ബിജു മേനോൻ തന്നെ മനസ് തുറക്കുന്ന പഴയൊരു വീഡിയോ വീണ്ടും വൈറലാവുകയാണിപ്പോൾ. അമൃത ടിവിക്ക് വർഷങ്ങൾക്ക് മുമ്പ് നൽകിയതാണ് ഇപ്പോൾ വൈറലാകുന്ന അഭിമുഖം. മേഘമൽഹാറിന്റെ സെറ്റിൽവെച്ചാണോ സംയുക്തയുമായിട്ടുള്ള പ്രണയം ആരംഭിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് പ്രണയകാലം വീണ്ടും നടൻ ഓർത്തെടുത്തത്.

മഴ ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നു. മധുരനൊമ്പരകാറ്റ് ഒരുമിച്ച് ചെയ്തിരുന്നു. മേഘമൽഹാർ ഒരുമിച്ച് ചെയ്തു. ഒരു വർഷത്തെ ഒരു സ്പാനായിരുന്നു. സംയുക്തയും തൃശൂരിൽ നിന്നാണ് ഞാനും തൃശൂരിൽ നിന്നാണ്. രണ്ടുപേരുടെയും ഒരു മിഡിൽ ക്ലാസ് ഫാമിലിയാണ്. അതുകൊണ്ട് തന്നെ കൂടുതൽ അടുത്തറിയാൻ ഈ മൂന്ന് സിനിമകളിലൂടെ സാധിച്ചു. മേഘമൽഹാർ ആയപ്പോഴേക്കും കാര്യങ്ങൾ ഏകദേശം തീരുമാനമായിയെന്ന് പറയാം.
ആ സിനിമയിൽ അഭിനയിക്കുമ്പോൾ പേഴ്സണലി കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാരണം വിവാഹമൊക്കെ ഏകദേശം ഉറപ്പിച്ച സമയമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും മുഖത്തോട് മുഖം നോക്കി അഭിനയിക്കാൻ കുറച്ച് ബുദ്ധിമുട്ടായി തുടങ്ങി. അതുകൊണ്ട് തന്നെ പലപ്പോഴും നിരവധി ടേക്കുകൾ എടുക്കേണ്ടി വന്നിട്ടുണ്ട്.
ഞങ്ങൾ കാരണം കമൽ സാറൊക്കെ ഇറിറ്റേറ്റഡായ സമയങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. കാരണം ഞങ്ങൾക്ക് മുഖത്തോട് മുഖം നോക്കിയാൽ ചിരി വരുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങൾ തിരിച്ചറിയുന്നത് ഒരുമിച്ച് അഭിനയിക്കാൻ നമുക്ക് ബുദ്ധിമുട്ടായിരിക്കും എന്നത് ബിജു മേനോൻ പറയുന്നു. കൗമരപ്രായത്തിൽ പങ്കാളിയെ കുറിച്ച് സംയുക്തയ്ക്കുണ്ടായിരുന്ന സങ്കൽപ്പങ്ങളെ കുറിച്ച് ഒരിക്കൽ ബന്ധുവായ ഊർമിള ഉണ്ണി വെളിപ്പെടുത്തിയിരുന്നു.
മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്ക് കണ്ട് പിടിച്ച് തരണം... പ്രേമിക്കാനാണ് എന്നാണ് ഒരിക്കൽ ടിവിയിൽ ഹിന്ദി പാട്ടുകൾ കാണുന്നതിനിടയിൽ ഊർമിളയോടായി സംയുക്ത പറഞ്ഞത്. അതുകൊണ്ട് തന്നെ രോമാവൃതമായ ശരീരമുള്ള ബിജു മേനോനുമായി സംയുക്ത പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചപ്പോൾ ഊർമിള ഉണ്ണിയും ആദ്യം വിശ്വസിക്കാതെ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും. അത് തോന്നിയാൽ ആ ബന്ധം നിലനിൽക്കും. സ്നേഹത്തിന് വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്. ഞാനിപ്പോൾ സംയുക്തയല്ല... സംതൃപ്തയാണ്. ഭാര്യാഭർത്തൃബന്ധമെന്ന് പറയുന്നത് ഒരു രക്തബന്ധമല്ല പക്ഷെ എല്ലാ ബന്ധങ്ങളും ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്.
പരസ്പരം മനസിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം എന്നാണ് ബിജുവിനോടൊപ്പം ദാമ്പത്യം ആരംഭിച്ചശേഷം ഒരിക്കൽ ഊർമിളയോടായി സംയുക്ത പറഞ്ഞത്. സിനിമയിൽ തുടരണമെന്ന പ്ലാൻ നടിക്കുണ്ടായിരുന്നില്ല. വിവാഹവും സംതൃപ്തിയുള്ള കുടുംബജീവിതവും തന്നെയായിരുന്നു ആഗ്രഹം. കുടുംബകാര്യങ്ങൾ നോക്കി കഴിയുന്നതിൽ തനിക്ക് ഒരു മടുപ്പും തോന്നിയിട്ടില്ലെന്ന് അന്നും ഇന്നും നടി പറയും.
അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയ വഴി വിശേഷങ്ങളെല്ലാം നടി പങ്കിടാറുണ്ട്. യോഗ അഭ്യസിക്കുന്നുണ്ട്. ഒരിടയ്ക്ക് ചില കോമേഴ്സ്യൽ ആഡുകളിൽ സംയുക്ത പ്രത്യക്ഷപ്പെട്ടിരുന്നു. നാല് വർഷം കൊണ്ട് പതിനെട്ടോളം സിനിമകളിൽ സംയുക്ത അഭിനയിച്ചിരുന്നു. കഥ ഇന്നുവരെയ്ക്കുശേഷം ഈ വർഷം ബിജു മേനോന്റെതായി പുതിയ സിനിമകളൊന്നും തിയേറ്ററുകളിൽ എത്തിയിട്ടില്ല.


Click it and Unblock the Notifications











