എന്റെ കൈയിൽ ഒന്നുമില്ലെന്ന് പറയും, പക്ഷെ കർട്ടനിടയിലൂടെ അദ്ദേഹം നോക്കും; സുരേഷ് ഗോപിയെക്കുറിച്ച് ബിജു പപ്പൻ
എംപിയും കേന്ദ്ര സഹമന്ത്രിയുമായ ശേഷം തുടരെ വിവാദങ്ങളിലാണ് സുരേഷ് ഗോപി. നടൻ ഇനി സിനിമാ രംഗത്ത് സജീവമാകില്ലേ എന്ന ആശങ്കയും ആരാധകർക്കുണ്ട്. സഹപ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും സ്വീകാര്യനായ സുരേഷ് ഗോപി നിരവധി പേരെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്. അടുത്തറിഞ്ഞവരെല്ലാം ഒരുപോലെ പറയുന്നത് താരത്തിന്റെ സഹായ മനസ്കതയെക്കുറിച്ചാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ബിജു പപ്പൻ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം താരത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ചത്.
സമൂഹം എന്ന സിനിമയ്ക്കിടെയാണ് സുരേഷേട്ടനെ പരിചയപ്പെടുന്നത്. സുരേഷേട്ടന്റെ വീട്ടിൽ നമ്മൾ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കുട്ടികളെയും നമ്മളെയുമെല്ലാം ഒരുപോലെയാണ് കാണുന്നത്. കാരവാനിൽ നമ്മളെ വിളിച്ച് കയറ്റും. ഹൽവയും ജിലേബിയുമെടുക്കും. മധുരങ്ങൾ തരുന്നത് പോലെ തന്നെയാണ് പുള്ളി സ്നേഹവും എല്ലാവർക്കും കൊടുക്കുന്നത്. പക്ഷെ ഇഷ്ടമല്ലെങ്കിൽ മുഖത്ത് നോക്കി പറയും. അത് നമ്മളോടായാലും. കലാകാരൻമാർ ഒരു റിങ്ങിനകത്ത് ഒതുങ്ങിപ്പോകുന്നവരാണ്.

അതിന് പുറത്ത് നിന്ന് സാധാരണക്കാരുടെ ബുദ്ധിമുട്ടും വേദനയും മനസിലാക്കുന്നയാളാണ് അദ്ദേഹം. നമുക്കറിയാത്ത എന്തെല്ലാം കാര്യങ്ങളാണ് സുരേഷേട്ടൻ ചെയ്യുന്നത്. സിനിമാ രംഗത്ത് മേക്കപ്പ്മാൻമാരും യൂണിറ്റിലുള്ളവരും പ്രൊഡക്ഷനിലുള്ളവരും അവർക്ക് സഹായം കിട്ടുമെന്ന് കരുതിയ സ്ഥലത്ത് നിന്ന് കിട്ടാതെ വരുമ്പോൾ അവർക്ക് ചെന്ന് എത്താൻ പറ്റുന്ന ഏക സ്ഥലം സുരേഷേട്ടന്റെ വീടാണ്.
ചെന്നയുടനെ നടക്കില്ല, എന്റെ കൈയിൽ ഒന്നുമില്ലെന്ന് പറയും. അത് കഴിഞ്ഞ് കർട്ടന്റെ ഇടയിൽ കൂടെ അവൻ പോകുന്നുണ്ടോ എന്ന് നോക്കും. അവൻ കാർ ഷെഡിൽ തന്നെ ഇരിക്കുന്നുണ്ടാവും. പുള്ളി അകത്തൊക്കെ പോയി കറങ്ങി വീണ്ടും വരും. അവൻ വീണ്ടും കാർ ഷെഡിൽ ഉണ്ടാകും. ഉടനെ അകത്ത് പോയി പൊതിയെടുത്ത് കൊണ്ട് കൊടുക്കും. ഈ പൊതി കൊണ്ട് പോയി അതിന്റെ പകുതിയുമായി ഇവൻ തിരിച്ച് വരും.

നീ ഇത് കൊണ്ട് പോയ്ക്കോ, ഇത് കഴിഞ്ഞ് ഇതിലും വലുതുമായി വരാനാണ് നീ ഇത് കൊണ്ട് വന്നതെന്ന് സുരേഷേട്ടൻ പറയും. അങ്ങനെ സഹായിക്കുന്നവർ ആരുണ്ടെന്ന് ബിജു പപ്പൻ ചോദിച്ചു. അദ്ദേഹത്തെ ഫോൺ ചെയ്താൽ എവിടെ അവസാനിപ്പിക്കണമെന്ന് അറിയില്ല. അദ്ദേഹം സംസാരിച്ച് കൊണ്ടേയിരിക്കും. അപൂർവം ആളുകളെയേ അദ്ദേഹം വിളിക്കൂ.
ഈയിടയ്ക്ക് എന്നെ വിളിച്ചിട്ട് കിട്ടാതായപ്പോൾ പ്രൊഡക്ഷൻ കൺട്രോളറെയും മറ്റും വിളിച്ച് പപ്പൻ എവിടെയുണ്ടെങ്കിലും പെട്ടെന്ന് കിട്ടിയേ പറ്റൂ എന്ന് പറഞ്ഞു. സ്വന്തം ചേട്ടനെ പോലെ അടുപ്പമുള്ള വ്യക്തിയാണ് തനിക്ക് സുരേഷ് ഗോപിയെന്നും ബിജു പപ്പൻ വ്യക്തമാക്കി. നിരവധി സിനിമകളിൽ സഹനടനായി ബിജു പപ്പൻ അഭിനയിച്ചിട്ടുണ്ട്. കമ്മീഷണർ, നരൻ, പോത്തൻവാവ തുടങ്ങിയ സിനിമകളിൽ ബിജു പപ്പൻ ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സീരിയലുകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയ രംഗത്ത് ബിജു പപ്പൻ സാന്നിധ്യമറിയിക്കുന്നു.


Click it and Unblock the Notifications











