'ഉപ്പും മുളകിലേക്ക് റിഷിയുടെ തിരിച്ച് വരവ് പ്രതീക്ഷിക്കാം, മുമ്പുണ്ടായിരുന്ന ശ്രീകുമാർ തിരികെ വന്നിട്ടുണ്ട്'
ടെലിവിഷൻ പരമ്പരകളിൽ ഏറെ പ്രേക്ഷകരുള്ള ഹാസ്യ പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. മലയാള ടെലിവിഷനില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമായിരുന്നു ഉപ്പും മുളകും. മിനി സ്‌ക്രീനിൽ എത്ര കണ്ണീർ പരമ്പരകൾ വന്നാലും ഇനി വരുന്ന ഒന്നിനും മറികടക്കാന്‍ കഴിയാത്ത ഒരു സാന്നിധ്യമാണ് ഉപ്പും മുളകുമെന്നത് അംഗീകരിക്കാതെ വയ്യ. പതിവ് സീരിയൽ സ്റ്റൈലിൽ നിന്നും മാറി സിറ്റ്കോം പോലെയാണ് ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തിയത്.
വിജയകരമായ ആദ്യത്തെയും രണ്ടാമത്തെയും സീസണിനുശേഷം മൂന്നാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ഉപ്പും മുളകിലെ എല്ലാ അഭിനേതാക്കൾക്കും ആരാധകരുണ്ട്. പരമ്പരയിലെ ഏറ്റവും ചെറിയ കഥാപാത്രമായ പാറുകുട്ടിക്ക് വരെ ലക്ഷകണക്കിനാണ് ആരാധകരുള്ളത്.

ബാലുവും നീലുവും കേശുവും മുടിയനും ലച്ചുവും ശിവയും തുടങ്ങി പാറുക്കുട്ടി വരെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഒന്നും രണ്ടും സീസണുകളിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നുവെങ്കിലും രണ്ട് സീസണുകളും ടിആർപി റേറ്റിങ്ങിൽ മുൻപന്തിയിലായിരുന്നു ഈ ഹാസ്യ പരമ്പര ഉണ്ടായിരുന്നത്. പുതിയ രൂപത്തിലും ഭാവത്തിലുമാണ് മൂന്നാം സീസൺ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
മാത്രമല്ല പുതിയ ചില താരങ്ങളും ഉപ്പും മുളകിന്റെ ഭാഗമാവുകയും ഒന്നാം സീസണിലുണ്ടായിരുന്ന ചില കഥാപാത്രങ്ങൾ മൂന്നാം സീസണിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്താൻ പോവുകയുമെല്ലാമാണ്. പാറുക്കുട്ടിക്ക് പുറമെ പുതിയൊരു കുട്ടി കുറുമ്പി കൂടി ഉപ്പും മുളകിന്റെ ഭാഗമായിട്ടുണ്ട്. റീൽസ് വീഡിയോകളിലൂടെ സോഷ്യൽമീഡിയയ്ക്ക് സുപരിചിതയായ നന്ദൂട്ടിയാണ് ഉപ്പും മുളകിലെ പുതിയ കുട്ടിത്താരം.
ജൂഹി രുസ്തഗി അവതരിപ്പിക്കുന്ന ലെച്ചുവിന്റെ മകളായിട്ടാണ് നന്ദൂട്ടി ഉപ്പും മുളകിൽ അഭിനയിക്കുന്നത്. നന്ദൂട്ടിക്ക് പുറമെ ഇസ്ദാനെന്ന കൊച്ചുമിടുക്കനും ഇപ്പോൾ ഉപ്പും മുളകിന്റെ ഭാഗമാണ്. അളകനന്ദ എന്നാണ് നന്ദൂട്ടിയുടെ പേര്. ഇസ്ദാന് പ്രായം രണ്ടുവയസാണ്. രണ്ടുപേരും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്.
ഓഡിഷൻ വഴിയാണ് ഇരുവർക്കും സീരിയൽ എൻട്രി ലഭിച്ചത്. അതേസമയം പുതിയ എത്ര താരങ്ങൾ വന്നിട്ടും മുടിയൻ ഇല്ലാത്തതിന്റെ വിഷമം ആരാധകർക്കുണ്ട്. സീസൺ രണ്ട് പകുതിയായപ്പോൾ മുതലാണ് മുടിയൻ ഉപ്പും മുളകിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. സിറ്റ്കോം അണിയറപ്രവർത്തകരുമായി ഉണ്ടായ ചില വാക്ക് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കാരണമാണ് മുടിയൻ എന്ന് വിളിപ്പേരുള്ള റിഷി ഇതിൽ നിന്നും പിന്മാറിയത്.

ശേഷം ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി പോയിരുന്നു റിഷി. ഫൈനലിസ്റ്റുകളിൽ ഒരാളുമായിരുന്നു റിഷി. ഇപ്പോഴിതാ റിഷി ഉപ്പും മുളകിലേക്ക് തിരിച്ച് വരുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സിറ്റ്കോമിലെ പ്രധാന താരങ്ങളിൽ ഒരാളായ ബിജു സോപാനം.
ഉപ്പും മുളകിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാംരഗിന്റെ പുതിയ സിനിമ കാണാൻ എത്തിയപ്പോഴാണ് ഉപ്പും മുളകിലേക്കുള്ള റിഷിയുടെ തിരിച്ച് വരവിനെ കുറിച്ച് ബിജു സോപാനം സംസാരിച്ചത്. ഉപ്പും മുളകിലേക്ക് റിഷിയുടെ തിരിച്ച് വരവ് പ്രതീക്ഷിക്കം എന്നാണ് ബിജു ഷാജി പാപ്പൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഉപ്പും മുളകും സീസൺ ത്രീക്ക് നല്ല റെസ്പോൺസാണ് ലഭിക്കുന്നത്. മുമ്പുണ്ടായിരുന്ന ശ്രീകുമാർ ഉപ്പും മുളകിലേക്ക് തിരികെ വന്നിട്ടുണ്ട്.
അതുപോലെ വേറെയും പുതിയ ക്യാരക്ടേഴ്സ് വന്നിട്ടുണ്ട്. എല്ലാം കൊണ്ടും നന്നായി സീരിയൽ മുന്നോട്ട് പോകുന്നുണ്ട്. റിഷിയുടെ വരവ് പ്രതീക്ഷിക്കാം. കാരണം ബിഗ് ബോസിൽ പോയതിന്റെ ഒരു വർഷത്തെ എഗ്രിമന്റോ മറ്റോവുണ്ട്. അത് കഴിയുമ്പോൾ അവനും ഉണ്ടാകും. നല്ല റീച്ചാണ് ഉപ്പും മുളകും സീസൺ ത്രീക്ക് കിട്ടുന്നത്. നല്ല സന്തോഷമുണ്ട് അതിൽ. ഇനിയും ഒരുപാടുനാൾ മുന്നോട്ട് പോകട്ടെ എന്നാണ് ബിജു സോപാനം പറഞ്ഞത്.


Click it and Unblock the Notifications











