സിനിമയുടെ കഥ കേട്ടാൽ ആദ്യം പറയുന്നത് സായ് കുമാറിനോട്; ഭർത്താവിനെക്കുറിച്ച് ബിന്ദു പണിക്കർ
മലയാള സിനിമയിലെ ചർച്ചാ വിഷയം ആയിരിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റോഷാക്ക് എന്ന സിനിമ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ഗ്രേസ് ആന്റണി, ഷറഫുദീൻ, ബിന്ദു പണിക്കർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതുവരെ കണ്ടു പരിചയമില്ലാത്ത സൈക്കോളജിക്കൽ ത്രില്ലറാണ് സിനിമ.
മമ്മൂട്ടിയോടൊപ്പം തന്നെ നടി ബിന്ദു പണിക്കരുടെയും കഥാപാത്രം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ കാണാത്ത പ്രകടനമാണ് ബിന്ദു പണിക്കർ റോഷാക്കിൽ കാഴ്ച വെച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ആദ്യ കാലത്ത് കോമഡി കഥാപാത്രങ്ങളിലാണ് ബിന്ദു പണിക്കരെ കൂടുതലായും കണ്ടത്. അതേസമയം ഇതിനിടെ സൂത്രധാരൻ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്ത നടി ഏവരെയും അമ്പരപ്പിച്ചിരുന്നു.
ജോക്കർ, പരിണയം, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ സിനിമകളിൽ ബിന്ദു പണിക്കർ ചെയ്ത കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമകളിൽ പഴയത് പോലെ സജീവമല്ലാത്ത നടി റോഷാക്കിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.

നടൻ സായ് കുമാറാണ് ബിന്ദു പണിക്കരുടെ ഭർത്താവ്. ഇപ്പോഴിതാ സായ് കുമാറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബിന്ദു പണിക്കർ. ചെയ്യുന്ന സിനിമകളുടെ കഥകൾ ആദ്യം പറയുന്നത് സായ് കുമാറിനോടാണെന്നും അതേസമയം തന്റെ കരിയറിലെ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം ഇടപെടാറില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു.

'കഥ കേട്ട് കഴിഞ്ഞാൽ ആദ്യം പറയുന്നത് സായ് ചേട്ടനോട് തന്നെ ആണ്. പക്ഷെ എനിക്ക് കഥ പറഞ്ഞ് ഫലിപ്പിക്കാൻ അറിയില്ല. പക്ഷെ എന്റെ ഉള്ളിൽ ഉണ്ടാവും. പിന്നെ സായ് ചേട്ടനത് മനസ്സിലാക്കി എടുത്തോളും. കഥ കേൾക്കുന്നത് ഞാൻ തന്നെ ആണ്. ഞാൻ കേട്ട കഥ സായ് ചേട്ടനോട് പോയി പറയും'
'കരിയറിൽ എന്റെ കാര്യത്തിൽ സായ് ചേട്ടനും സായ് ചേട്ടന്റെ കാര്യത്തിൽ ഞാനും അഭിപ്രായം പറയാറില്ല. അത് ഓരോരുത്തരുടെ ഇഷ്ടങ്ങളാണ്. പക്ഷെ ചർച്ചകൾ നടത്തും. ലൊക്കേഷനിലെ കാര്യങ്ങളെല്ലാം പരസ്പരം സംസാരിക്കും'

'എല്ലാ കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമാണ്. അവയെല്ലാം ഉൾക്കൊണ്ടാണ് ചെയ്തത്. ജോക്കർ, സൂത്രധാരൻ, പരിണയം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെ ഇഷ്ടമാണ് വാത്സല്യത്തിലെ നളിനിയെ എനിക്കിഷ്ടമാണ്. ചെയ്ത എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്'
അന്നും ഇന്നും ലൊക്കേഷനിൽ തോന്നിയ വ്യത്യാസത്തെ പറ്റിയും ബിന്ദു പണിക്കർ സംസാരിച്ചു. 'പണ്ട് ലൊക്കേഷനിൽ എല്ലാവരും പരിചയക്കാരായിരുന്നു. ഇന്നത്തെ പല ആളുകളെയും അറിയില്ല. അതുകൊണ്ട് അങ്ങനെ പോയി സംസാരിക്കാറില്ല. ചിലരോട് പറയും മോന എനിക്കറിയാത്തത് കൊണ്ടാണെന്ന്,' ബിന്ദു പണിക്കർ പറഞ്ഞു.
ശക്തമായ കഥാപാത്രമായതിനാലാണ് റോഷാക്ക് ചെയ്യാൻ തീരുമാനിച്ചതെന്നും റോഷാക്ക് കാണാൻ പ്രേക്ഷകരെ പോലെ തന്നെ കാത്തിരിക്കുകയാണ് താനുമെന്നും ബിന്ദു പണിക്കർ നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications











