ഉട്ടോപ്യയിലെ രാജാവ് കണ്ടാൽ വട്ടാവില്ലേ? ലാഗാണ്, മുണ്ടും ബ്ലൗസും തന്നതിന് ജഗതി ചേട്ടൻ ദേഷ്യപ്പെട്ടു; ബിന്ദു
നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തി മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത അഭിനേത്രിയാണ് ബിന്ദു വാരാപ്പുഴ. തൊണ്ണൂറുകളുടെ തുടക്കം മുതൽ ബിന്ദു മലയാള സിനിമയിൽ സജീവമാണ്. വേലക്കാരി, കച്ചവടക്കാരി തുടങ്ങിയ റോളുകളാണ് സിനിമയിൽ ഏറെയും ചെയ്തിട്ടുള്ളത്. ഓർക്കുക വല്ലപ്പോഴും, രുദ്രാക്ഷം, പിൻഗാമി, ദി കിങ്, വാഴുന്നോർ, ശ്വാസം, ഞാൻ സഞ്ചാരി, അസുരവിത്ത്, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. ഒരു പേജ് ഡയലോഗ് കാണാതെ പഠിച്ച് അഭിനയിച്ച സിനിമകൾ ഉണ്ടെന്നും എന്നാൽ സിനിമ തിയേറ്ററിൽ വരുമ്പോൾ അത്തരം സീനുകൾ കട്ട് ചെയ്ത് പോയതായി കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെന്നും പറയുകയാണ് ബിന്ദു ഇപ്പോൾ.
സിനിമ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എവിടെ ഷൂട്ടിന് പോയാലും ജോലി പൂർത്തിയാക്കി വേഗം വീട്ടിൽ തിരികെ എത്താനാണ് ശ്രമിക്കാറുള്ളതെന്നും ബിന്ദു പറയുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലേത് അടക്കം പല സിനിമകളിലും ഞാൻ അഭിനയിച്ച സീനുകൾ കട്ട് ചെയ്ത് പോയിട്ടുണ്ട്.

തമ്പി കണ്ണന്താനത്തിന്റേയും ലാലേട്ടന്റെയും ഒന്നാമൻ എന്ന സിനിമയിൽ ഒരുപാട് ഡയലോഗുകൾ കാണാതെ പഠിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. ആരും പ്രോമിറ്റ് പോലും ചെയ്ത് തന്നിട്ടില്ല. എന്നിട്ടും നമ്മൾ പറയും. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ആ സീനൊന്നും അതിലുണ്ടായിരുന്നില്ല. നല്ല സീനായിരുന്നല്ലോ കട്ട് ചെയ്ത് പോയല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. സിനിമ കാണുമ്പോഴാണ് എന്റെ സീൻ കട്ടായിപ്പോയെന്ന് മനസിലാകുന്നത്. എല്ലാ സിനിമയും തിയേറ്ററിൽ പോയി കണ്ടിരുന്നയാളല്ല ഞാൻ. സീൻ കട്ടായിപ്പോയതിന്റെ വിഷമം വീട്ടിൽ മാത്രമെ പറയാറുള്ളു.
സിനിമയിൽ എനിക്ക് ഡീപ്പായ സൗഹൃദങ്ങളുമില്ല. കാരണം വർക്ക് കഴിഞ്ഞാൽ ഉടൻ എങ്ങനെ എങ്കിലും വീട്ടിലെത്തുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. വീടുമായി ഭയങ്കര അറ്റാച്ച്മെന്റുള്ളയാളാണ് ഞാൻ. പോർട്ടർ എന്നൊരു മലയാള സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. സിനിമയുടെ നിർമ്മാതാവ് ഒരു സ്ത്രീയായിരുന്നു. സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ജോഷി സാറിന്റെ സിനിമയിലേക്ക് വിളി വന്നു. പോർട്ടറിൽ അല്ലാതെ കൂറ്റനാട് മറ്റൊരു സിനിമയിൽ കൂടി ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു.
മൂന്ന് സിനിമകൾ ഒരുമിച്ച് ചെയ്യുമ്പോൾ അന്നൊക്കെ പേടിയായിരുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ആളുകൾ അന്ന് ജോഷി സാറിന്റെ സിനിമയിലേക്ക് എന്നെ കൂട്ടികൊണ്ടുപോകാൻ വന്നിരുന്നു. ജോഷി സാർ പറഞ്ഞിട്ട് ചെയ്തില്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി അവിടെ ഇട്ട് സാർ വേറെ വഴിക്ക് പോകും. സാർ ഭയങ്കര ചൂടനാണ്. പോർട്ടറിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് മറ്റൊരു സിനിമയ്ക്ക് എങ്ങനെ പോകുമെന്ന് ആലോചിച്ച് എനിക്ക് ടെൻഷനായിരുന്നു.
അതുകൊണ്ട് പോയില്ല. പിന്നീട് ജോഷി സാറിന്റെ വാഴുന്നോർ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചു. ഇന്നാണെങ്കിൽ ഞാൻ പോകുമായിരുന്നു. അഭിനയിച്ച് കഴിഞ്ഞാൽ ഉടൻ ഞാൻ വീട്ടിൽ പോകും. പൈസ പോലും വാങ്ങാൻ നിൽക്കില്ല. കന്യയും കനകലതയുമെല്ലാം അവിടെ നിന്ന് പൈസ വാങ്ങിയിട്ട് മാത്രമെ വീട്ടിൽ പോകാറുള്ളു. എനിക്ക് എത്രയും വേഗം വീട്ടുകാരെ കാണാനുള്ള ധൃതിയാണ്. ഭർത്താവിനെ പോയി കാണണം. മുഴുവൻ പൈസയും വാങ്ങിയിട്ടേ വരാവൂയെന്ന് ചേട്ടനും പറയാറില്ല. കിട്ടിയതും കൊണ്ട് വേഗം വീട്ടിൽ വരാനാണ് പറയാറുള്ളത്. ചീത്തയും പറയില്ല.

അതുകൊണ്ട് ധൈര്യമായി വീട്ടിലേക്ക് മടങ്ങി ചെല്ലാം. അതുകൊണ്ട് വലിയ സമ്പാദ്യവും എനിക്കില്ല. വീട്ടിൽ പോയി എല്ലാവർക്കും ഒപ്പം ഇരിക്കുക എന്നതാണ് എന്റെ സന്തോഷെമെന്ന് ബിന്ദു പറഞ്ഞു. നെഗറ്റീവ് റോളുകൾ ചെയ്തുവെന്നതിന്റെ പേരിൽ അവഗണന നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാൽ മേക്കപ്പിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും അഭിനയിക്കാൻ അവസരം കിട്ടാതെ പോയ സന്ദർഭങ്ങളുണ്ടെന്നും നടി പറയുന്നു. ഞാൻ അഭിനയിച്ചതിൽ തൊണ്ണൂറ് ശതമാനം സിനിമകളും ഹിറ്റായിരുന്നു. സാമ്പത്തീകമായി വിജയിക്കാതെ പോയത് വളരെ കുറച്ച് സിനിമകൾ മാത്രമാണ്. അവസാനം ഞാൻ അഭിനയിച്ചത്. ഉട്ടോപ്യയിലെ രാജാവിലാണ്.
ആ സിനിമ കണ്ടാൽ നമുക്ക് വട്ടാവില്ലേ... എന്തൊരു ലാഗിങാണ്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ നമുക്ക് അറിയില്ലല്ലോ ഇത് ഇത്രയും പൊട്ട പടമാണെന്ന്. കമൽ സാറും മമ്മൂക്കയും ഒക്കെ ചെയ്ത പടമാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം. സ്ക്രിപ്റ്റിന്റേയും മറ്റ് കുഴപ്പമാണ്. ഞാൻ അഭിനയിച്ചതേറെയും സീനിയർ ആർട്ടിസ്റ്റുകൾക്കൊപ്പമായിരുന്നു. അതൊരു ഭാഗ്യമാണ്. മാത്രമല്ല എല്ലാവർക്കും നല്ല സ്നേഹമായിരുന്നു. അവരോടൊന്നും എതിർത്ത് സംസാരിക്കാനോ എതിർക്കാനോ ഞാൻ പോയിട്ടുമില്ല.
സുകുമാരി ചേച്ചി എന്റെ വീട്ടിലൊക്കെ വന്നിട്ടുണ്ട്. എന്റെ പ്രായക്കാർക്കൊപ്പമല്ല സീനിയർ ആർട്ടിസ്റ്റുകൾക്കൊപ്പമായിരുന്നു എന്റെ കൂട്ട്. എല്ലാവരോടും എനിക്ക റെസ്പെക്ടാണ്. എന്നെ വിളിക്കുന്ന എല്ലാ സിനിമയിലും ഞാൻ പോയി അഭിനയിച്ചിട്ടുണ്ട്. അല്ലാതെ കഥാപാത്രം നോക്കി അഭിനയിക്കാൻ പോയിട്ടില്ല. എന്റെ കഥാപാത്രത്തിന്റേത് ലാസ്യ ഭാവമാണോ ക്രൂര ഭാവമാണോയെന്നും ഞാൻ ചിന്തിച്ചിട്ടില്ല. അത് ചിന്തിക്കാനുള്ള ബോധവും അന്ന് ഉണ്ടായിരുന്നില്ല. മോശം കഥാപാത്രം ചെയ്തുവെന്നതിന്റെ പേരിൽ അവഗണനയൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന പടത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
ഖുശ്ബുവിനൊപ്പം നിൽക്കുന്ന പ്രധാനപ്പെട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളായാണ് എന്നെ കാസ്റ്റ് ചെയ്തത്. മറ്റൊരാൾ അനിലയായിരുന്നു. 25 ദിവസത്തെ ഷൂട്ടിനായി കരാർ ഒപ്പിട്ടാണ് ഊട്ടിയിലെ ലൊക്കേഷനിലേക്ക് പോയത്. പക്ഷെ പലപ്പോഴും ഞങ്ങൾക്ക് സീനുണ്ടായിരുന്നില്ല. രാവിലെ മുതൽ മേക്കപ്പ് ഇട്ട് ഇരിക്കും. അന്നൊക്കെ വിഷമം തോന്നിയിട്ടുണ്ട്. അനിലയൊക്കെ കരച്ചിലായിരുന്നു. വിളിച്ചാൽ പോയി അഭിനയിക്കുക എന്നതല്ലാതെ എനിക്ക് കഥാപാത്രം വേണമെന്ന് ഞാൻ വാശിപിടിക്കാറില്ലെന്നും ബിന്ദു പറഞ്ഞു.
മാള ചേട്ടന്റെ ജോഡിയായി ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്പിളി ചേട്ടനൊപ്പമാണ് കോമഡി സീനുകൾ കൂടുതലും ചെയ്തിട്ടുള്ളത്. കള്ളനും പോലീസും എന്ന പടത്തിൽ അമ്പിളി ചേട്ടന്റെ കീപ്പ് ആയിട്ടുള്ള കഥാപാത്രമായിരുന്നു എന്റേത്. ഒറ്റ സീനേയുള്ളു. അന്ന് ഒരു ദിവസത്തേക്ക് വേണ്ടി അമ്പിളി ചേട്ടൻ വന്നു. അതേ സിനിമയിൽ പഞ്ചായത്ത് മെമ്പറുടെ വേഷം ചെയ്ത ആർട്ടിസ്റ്റ് ഡയലോഗ് പറയാൻ കഴിയാതെ ഒരുപാട് തവണ തെറ്റിച്ചു. അപ്പുറത്ത് ബിന്ദു വാരാപ്പുഴ എന്നൊരു ആർട്ടിസ്റ്റിരിപ്പുണ്ട്.
അവരെയൊക്കെ വിളിപ്പിച്ച് ചെയ്യിപ്പിക്കടേ എന്നാണ് ആ സ്ത്രീ മുന്നിൽ നിൽക്കെ അമ്പിളി ചേട്ടൻ സംവിധായകനോട് പറഞ്ഞത്. ഇതൊക്കെ പിന്നീടാണ് ഞാൻ അറിഞ്ഞത്. ആ സിനിമയിലെ എന്റെ കഥാപാത്രത്തിന് ധരിക്കാൻ മുണ്ടും ബ്ലൗസുമായിരുന്നു തന്നത്. എനിക്ക് അതിൽ കുറച്ചിലൊന്നും തോന്നിയില്ല. പക്ഷെ അമ്പിളി ചേട്ടൻ സംവിധായകനെ വിളിച്ച് എന്റെ കഥാപാത്രം എന്താണെന്ന് ചോദിച്ച് മനസിലാക്കി.
സിനിമയിൽ മാത്രമെ ഇത്തരം കഥാപാത്രങ്ങൾക്ക് ഇപ്പോഴും മുണ്ടും ബ്ലൗസുമുള്ളു. മുണ്ടും ബ്ലൗസും കൊടുക്കേണ്ട ആവശ്യം എന്താണ് സാരി കൊടുത്താൻ പോരേ എന്ന് അമ്പിളി ചേട്ടൻ ചോദിച്ചു. ഉടൻ തന്നെ എനിക്ക് ധരിക്കാൻ അവർ സാരി തന്നു. നമുക്ക് വേണ്ടി പ്രതികരിക്കാൻ അമ്പിളി ചേട്ടൻ തയ്യാറാകാറുണ്ട്. അതൊക്കെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. നന്നായി പെർഫോം ചെയ്താൽ അഭിനന്ദിക്കാനും അമ്പിളി ചേട്ടൻ തയ്യാറാണെന്നും അനുഭവം പങ്കുവെച്ച് ബിന്ദു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











