'പാവപ്പെട്ട വീട്ടിൽ നിന്നുള്ള പെൺകുട്ടി, അമ്മച്ചിയെ പൊന്നുപോലെ നോക്കണേയെന്ന് പറയും, വിജയിയെ ക്ഷണിക്കും'
സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരമായ ബിനീഷ് ബാസ്റ്റ്യൻ വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. മൂന്ന് വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ഇത്രയും കാലത്തിനിടെ ഒട്ടനവധി ചോദ്യങ്ങൾ വിവാഹം വൈകുന്നതുമായി ബന്ധപ്പെട്ട് ബിനീഷ് നേരിട്ടുണ്ട്. അപ്പോഴൊന്നും പ്രണയത്തെ കുറിച്ച് നടൻ സംസാരിച്ചിരുന്നില്ല. വിവാഹം ഉറപ്പിച്ചശേഷം പറയാമെന്ന തീരുമാനമായിരുന്നു പ്രണയം രഹസ്യമാക്കി സൂക്ഷിച്ചതിന് പിന്നിൽ.
ഇപ്പോഴിതാ ഭാവി വധു താരയെ കുറിച്ചും വിവാഹത്തെ കുറിച്ചും വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിൽ ബിനീഷും കുടുംബവും മനസ് തുറന്നു. ഫാൻ ഗേളായിട്ടാണ് ആദ്യം താരയെ പരിചയപ്പെടുന്നതെന്ന് ബിനീഷ് പറയുന്നു. ആദ്യം പ്രണയം പറഞ്ഞത് താരയാണ്. ഫാൻ ഗേളാണെന്ന് പറഞ്ഞാണ് കോൾ വന്നത്. പിന്നീട് കണ്ടു. പരിചയപ്പെട്ടു. മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളായിരുന്നു.

പിന്നീടാണ് പ്രണയമായത്. എന്റെ വീഡിയോസ് പണ്ട് മുതൽ കാണുന്നയാളാണ് താരയും കുടുംബവും. എന്നെക്കാൾ അമ്മച്ചിയെയാണ് അവർക്കെല്ലാം ഇഷ്ടം. അമ്മച്ചിയെ പരിചയപ്പെടാൻ വേണ്ടിയാണ് എന്നെ ഇഷ്ടപ്പെട്ടത്. ദൂരസ്ഥലത്ത് നിന്ന് കല്യാണം കഴിക്കാൻ എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. അത് എന്റെ പൊട്ടബുദ്ധി. പക്ഷെ ലോകത്ത് എവിടെ ഉദ്ഘാടനത്തിന് ക്ഷണം വന്നാലും പോകും.
താരയുടെ വീട് പത്തനംതിട്ട അടൂരാണ്. പരസ്പരം അറിയാൻ എനിക്കും താരയ്ക്കും ഒരുപാട് സമയം കിട്ടി. ഒരുപാട് ദൂരം നിരവധി യാത്രകൾ പോകുന്നത് കൊണ്ട് താരയുടെ വീട്ടിലേക്കുള്ള ദൂരം ഒരു ദൂരമായി എനിക്ക് തോന്നിയിട്ടില്ല. ഒരുപാട് പേരുടെ ജീവിതം ഞാൻ കണ്ടിട്ടുണ്ട്. ഞാൻ പാവപ്പെട്ടയാളായിരുന്നു. 15 വർഷം മുമ്പ് നോക്കിയാൽ എനിക്ക് ഒന്നുമില്ലായിരുന്നുവെന്ന് വേണം പറയാൻ വെറുമൊരു സാധാരണക്കാരൻ.
കുടിലിൽ താമസിച്ചിരുന്നയാളാണ്. അതിലും താഴെയുള്ള ജീവിതരീതിയിലുള്ള കുടുംബത്തിൽ നിന്നുള്ള പെണ്ണിനെയാണ് ഞാൻ ആഗ്രഹിച്ചത്. എങ്കിലെ ഞങ്ങളുമായി പൊരുത്തപ്പെട്ട് പോകൂ. എന്റെ മാത്രം തീരുമാനമാണ് അത്. താരയും പാവപ്പെട്ട വീട്ടിൽ നിന്നുള്ള ഒരു സാധാരണ പെൺകുട്ടിയാണ്. നല്ല സ്വഭാവവുമാണ്. ജോലിയുമുണ്ട്. മൂന്ന് വർഷം മുമ്പേ കല്യാണം നടത്താമായിരുന്നു.
പക്ഷെ ഞാൻ അതിന് നിന്നില്ല. ഒന്നുകൂടി ഒന്ന് മനസിലാക്കിയിട്ട് വിവാഹത്തിലേക്ക് പോകാമെന്ന് കരുതി. വിവാഹം സമൂഹത്തെ അറിയിക്കുമ്പോൾ വിശ്വാസ്യത വേണമല്ലോ. ഒരുപാട് പേർ എന്നെയും അമ്മച്ചിയേയും സ്നേഹിക്കുന്നവരാണ്. അതുകൊണ്ടാണ് വീട്ടുകാരും കുടുംബക്കാരും എല്ലാം ചേർന്ന് വിവാഹം ഉറപ്പിച്ചശേഷം മാത്രം പരസ്യപ്പെടുത്താമെന്ന് കരുതി മറച്ചുവെച്ചത്. അടുത്ത വർഷം ജനുവരിയോടെ കല്യാണം ഉണ്ടായേക്കും.

ഞാൻ സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയശേഷം ആളുകൾ എന്നെ സ്റ്റാർ മാജിക്കിലൂടെയും വ്ലോഗുകളിലൂടെയുമാണ് കാണുന്നത്. എന്റെ ലൈഫിലെ ഇന്റർവെല്ലാണ് കല്യാണം. സെക്കന്റ് ഹാഫ് എന്താകും എന്നത് ദൈവത്തിന്റെ കയ്യിലാണ് ഇരിക്കുന്നത്. വ്ലോഗുകൾ ഇടുമ്പോൾ ഏറ്റവും കൂടുതൽ വരുന്ന ചോദ്യം കല്യാണം കഴിക്കാത്തതെന്താണ്?, എന്തിനാണ് അമ്മച്ചിയെ കഷ്ടപ്പെടുത്തുന്നത് എന്നാണ്.
ആ സമയത്ത് മറുപടി കൊടുക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. അനുവിനും ലക്ഷ്മി നക്ഷത്രയ്ക്കും എല്ലാം ഞങ്ങളുടെ പ്രണയം അറിയാമായിരുന്നു. രഹസ്യമായി സൂക്ഷിക്കണമെന്ന് അവരോട് ഞാൻ പറഞ്ഞിരുന്നു. അത് അവർ പാലിച്ചു. ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ ഒരുപാട് പേർ എന്നെ കാണാൻ വരുന്നുണ്ട്. കല്യാണക്കാര്യം പരസ്യപ്പെടുത്തിയശേഷമാണ് ആ സ്നേഹം. പ്രായമുള്ളവർ പോലും അക്കൂട്ടത്തിലാണ്.
അമ്മച്ചിയോടുള്ള സ്നേഹം കൂടി എന്നോടാണ് അവർ കാണിക്കുന്നത്. ആടിനെ വിറ്റും ബീഡി തെറുത്തുമാണ് അമ്മച്ചി ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്. ബിനീഷിനെ നോക്കണേ എന്നല്ല അമ്മച്ചിയെ പൊന്നുപോലെ നോക്കാൻ പറയണെ എന്നാണ് കമന്റ്. സമൂഹത്തോട് ഒരു ഉത്തരവാദിത്വമായി. വിജയ് സാറിന് ഇൻവിറ്റേഷൻ കൊടുക്കാനുള്ള ശ്രമം ഞാൻ നടത്തും. സൂപ്പർസ്റ്റാറുകൾ എല്ലാവരോടും ഞാൻ ആ ശ്രമം നടത്തും.
വരുമോ ഇല്ലയോ യെന്നത് അറിയില്ല. മര്യാദയുടെ ഭാഗമായി വിളിക്കുമെന്ന് ബിനീഷ് പറഞ്ഞു. അമ്മച്ചിയും ബിനീഷും മാത്രമാണ് ഏറെക്കാലമായി ഒരുമിച്ച് കഴിയുന്നത്. അമ്മച്ചിക്ക് അസുഖം വന്നാൽ ബിനീഷിന് ടെൻഷനാണ്. ഇരുവരും ഒരുമിച്ച് ഇരുന്ന് കരയുമെന്ന് താരത്തിന്റെ സഹോദരിയും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











